പ്രവാസികളുടെ പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ മലയാളീ സംഘടനാ നേതാക്കളോട് നേരിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പരിചയപ്പെടുവാനായി കോൺസുൽ ജനറലിനെ സന്ദർശിച്ച മലയാളീ സംഘടനാ നേതാക്കളായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്), ബിജു ചാക്കോ, മാത്യുക്കുട്ടി ഈശോ, സിബി ഡേവിഡ്, രാജു എബ്രഹാം എന്നിവരോടായി ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് കോൺസുൽ ജനറൽ ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കയിൽ ടാൻസാനിയാ എന്ന രാജ്യത്തെ ഇന്ത്യൻ ഹൈ കമ്മീഷണർ ആയി 2021 മുതൽ 2024 ജനുവരി ആദ്യവാരം വരെ പ്രവൃത്തിച്ചതിന് ശേഷം ജനുവരി മദ്ധ്യത്തോടെ അദ്ദേഹം ന്യൂയോർക്കിൽ കോൺസുൽ ജനറലായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ടാൻസാനിയായിലെ മലയാളീ സമൂഹവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പ്രധാൻ മലയാളികളെപ്പറ്റി വളരെ നല്ല അഭിപ്രായവും നല്ല അനുഭവവുമാണ് പങ്ക് വച്ചത്.

ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ അമേരിക്ക (FOMAA)-യുടെ സിവിക് & പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാനും നാസ്സാ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻറർ ഡയറക്ടർ ബോർഡ് അംഗവുമായ അജിത് കൊച്ചൂസിന്റെ നേതൃത്വത്തിൽ കോൺസുലേറ്റുമായി ഏകോപിപ്പിച്ച കൂടിക്കാഴ്ചയിൽ വേൾഡ് മലയാളീ കൗൺസിൽ (WMC) ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്റും ഇന്ത്യൻ അമേരിക്കൻ മലയാളീ അസ്സോസ്സിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് സെക്രട്ടറിയുമായ ബിജു ചാക്കോ, വേൾഡ് മലയാളീ കൗൺസിൽ ഓ.സി.ഐ. ഫോറം (WMC OCI Forum) ഗ്ലോബൽ ചെയർമാനും ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളി സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ മാത്യുക്കുട്ടി ഈശോ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡന്റും കലാവേദി ചെയർമാനുമായ സിബി ഡേവിഡ്, കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KACANA)-യുടെ മുൻ പ്രസിഡൻറ് രാജു എബ്രഹാം എന്നിവർ ഒരു മണിക്കൂറിലധികം വിവിധ വിഷയങ്ങൾ കോൺസുൽ ജനറലുമായി സംവാദിച്ചു.

ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ സേവനങ്ങൾ ഏറ്റവും സൗഹാർദ്ദപരമായും കൃത്യതയോടെയും സമയപരിധിക്കുള്ളിൽ ചെയ്തു നൽകുന്നതിന് ഉതകുന്ന രീതിയിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ രൂപപ്പെടുത്തിയെടുക്കുന്നതിനാണ് താൻ മുൻ‌തൂക്കം നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ കോൺസുലേറ്റിന്റെ പരിധിയിൽ ഏകദേശം 25 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെങ്കിലും, അഞ്ചു ലക്ഷത്തിൽ താഴെ മാത്രമേ ഓ.സി.ഐ.കാർഡ് ഉള്ളവരായി നിലവിലുള്ളൂ. അമേരിക്കൻ പൗരത്വം സ്വീകരിച്ച കൂടുതൽ പേരെ ഓ.സി.ഐ. കാർഡുകൾ എടുക്കുന്നതിന് സംഘടനാ നേതാക്കൾ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കണം എന്നും അതിനായി അമേരിക്കൻ ഇന്ത്യാക്കാരെ ബോധവൽക്കരിക്കുന്നതിന് സംഘടനാ നേതാക്കൾ വിവിധ ഇടങ്ങളിൽ ഓ.സി.ഐ. ക്യാമ്പുകൾ ക്രമീകരിച്ചാൽ അതിനായി കോൺസുലേറ്റ് ഉദ്യോഗസ്ഥരെ അയക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഗാർഹിക പീഠനം അനുഭവിക്കുന്നവരെ സംബന്ധിച്ചും അമേരിക്കയിൽ വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനെക്കുറിച്ചും അജിത് കൊച്ചൂസ് പറഞ്ഞപ്പോൾ അങ്ങനെയുള്ളവരുടെ വിവരങ്ങൾ സംഘടനാ നേതാക്കളായ നിങ്ങൾ കോൺസുലേറ്റിൽ അറിയിച്ചാൽ അതിനുള്ള നടപടികൾ കാലതാമസം വരാതെ ചെയ്തു കൊടുക്കുവാൻ കഴിവതും ശ്രമിക്കാം എന്ന് സി.ജി. പറഞ്ഞു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനും ഒരു പരിധി വരെ കോൺസുലേറ്റിന് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവരുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാണ് അധികം കാല താമസം ഇല്ലാതെ പേപ്പർവർക്ക് ചെയ്യുവാൻ സാധിക്കുന്നത്. അമേരിക്കൻ പൗരത്വം സ്വീകരിച്ചവരുടെ കാര്യത്തിൽ അതിനു കുറച്ചുകൂടി കാലതാമസം നേരിടാറുണ്ട്. ഗാർഹിക പീഠനം അനുഭവിക്കുന്നവർക്ക് നിയമ സഹായം നൽകുന്നതിന് കുറെ അറ്റോർണിമാരുടെ പാനൽ കോൺസുലേറ്റ് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമനുസരിച്ച് അവർക്ക് താരതമ്യേന വളരെ കുറഞ്ഞ നിരക്കിൽ നിയമോപദേശവും സഹായവും ലഭിക്കുന്നതിന് കോൺസുലേറ്റ് സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതുമാണ്. കോൺസുലേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ മൂന്നു ഡോളർ വീതം കൺസ്യൂമർ വെൽഫെയർ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുകയിൽ നിന്നുമാണ് ഇത്തരം ആവശ്യങ്ങൾക്ക് സാമ്പത്തികം കണ്ടെത്തുന്നത്.

പഠനാർദ്ധം അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വരുന്ന വിദ്യാർഥികളുമായി സമ്പർക്കം പുലർത്തുന്ന കാര്യത്തിൽ സംഘടനാ നേതാക്കൾ അൽപ്പം കൂടി കൂടുതൽ താൽപ്പര്യവും ജാഗ്രതയും പുലർത്തണമെന്ന് കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു. നാട്ടിൽ നിന്നും വരുന്ന പല കുട്ടികളും മയക്കു മരുന്നിന് അടിമപ്പെടുന്നതായി ശ്രദ്ധയിൽപ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആശങ്ക പങ്കു വച്ചു. വിദ്യാർഥീ സമൂഹം കോൺസുലേറ്റുമായി ബന്ധപ്പെടുവാനും കോൺസുലേറ്റിൽ നടക്കുന്ന വിവിധ പരിപാടികളിൽ അവരെ പങ്കെടുപ്പിക്കുവാനും നേതാക്കൾ ശ്രദ്ധിക്കണം. അവർക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നെങ്കിൽ അത് കോൺസുലേറ്റിന്റെ ശ്രദ്ധയിൽ ഉടൻ കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരുമണിക്കൂറിലധികമായ കൂടിക്കാഴ്ചക്ക് ശേഷം എല്ലാവരുമൊത്ത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതിനു ശേഷമാണ് കോൺസുൽ ജനറൽ സംഘടനാ നേതാക്കളെ കോൺസുലേറ്റിൽ നിന്നും യാത്രയാക്കിയത്.

 

Print Friendly, PDF & Email

Leave a Comment

More News