വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് മൂന്നു മാസത്തെ പൊതുമാപ്പ് ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) രാജ്യത്ത് താമസ നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പ് 2024 മാർച്ച് 17 ശനിയാഴ്ച മുതൽ ജൂൺ 17 വരെ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികൾക്ക് നിശ്ചിത തുക പിഴയടച്ച് തീര്‍പ്പാക്കിയതിനുശേഷം ഒരു പുതിയ റെസിഡൻസി നേടി നിയമപരമായി താമസിക്കാൻ ഇത് അനുവദിക്കുന്നു.

റെസിഡൻസി വിസയ്ക്കുള്ള പരമാവധി പിഴ 600 കുവൈറ്റ് ദിനാര്‍ (1,61,737 രൂപ) ആണ്.

പിഴ അടയ്‌ക്കാനാകുന്നില്ലെങ്കിൽ, പിഴകളില്ലാതെ ഏതെങ്കിലും എക്‌സിറ്റ് പോയിന്റ് വഴി രാജ്യം വിടാം. എന്നാൽ, അവർ മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ നടപടിക്രമങ്ങൾ പാലിക്കണം.

നിശ്ചിത കാലയളവിനുള്ളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. അതായത്, കുവൈത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ 120,000 പ്രവാസികൾക്ക് വിസ പൊതുമാപ്പ് നൽകാനുള്ള തീരുമാനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്ന് മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News