കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അദ്ധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. “കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ല”. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അന്നത്തെ സവര്‍ണ്ണ കവികളെ മാത്രം ഉള്‍പ്പെടുത്തി ‘കവി ഭാരതം’ എന്ന കൃതി പുറത്തിറക്കി. ആ സാംസ്കാരിക ജീര്‍ണ്ണതയ്ക്കെതിരെ സവര്‍ണ്ണ കവികള്‍ക്കും അവര്‍ണ്ണ കവികള്‍ക്കും തുല്യത നല്‍കി സരസ കവി മൂലൂര്‍ ڇകവി രാമായണംڈ രചിച്ചു. മനുഷ്യരെല്ലാം സമډാരെന്ന് വിശ്വസിക്കുന്ന കലാസാഹിത്യ രംഗങ്ങളില്‍ ഇന്നും ജാതിമത വര്‍ണ്ണ ജീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നത് ഭയാനകമാണ്. കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ഈ അധ്യാപിക ജാതിവെറി നടത്തിയതായും പരാതിയുയര്‍ന്നു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമല്ലേ? ബുദ്ധന്‍ ഒരിക്കല്‍ പറഞ്ഞു ‘ഒരുവന്‍ അന്യരെപ്പറ്റി പറയുന്ന അഭിപ്രായങ്ങളില്‍ നിന്ന് അവനെപ്പറ്റിയുള്ള അഭിപ്രായമുണ്ടാകുന്നു.’ ബുദ്ധന്‍ പറഞ്ഞതുപോലെ ഈ വ്യക്തിയെ അടിമുടി അപഗ്രഥിക്കാനുള്ള അവസരമാണ് ലഭിച്ചത്. കഴുതക്കറിയില്ല കര്‍പ്പൂരഗന്ധം എന്നതുപോലെ കറുപ്പിന്‍റെ അഴകിനെപ്പറ്റി ഈ കലാകാരിക്കുമറിയില്ല. ഈ വ്യക്തി ആരാധിക്കുന്ന ശ്രീകൃഷ്ണനും ശ്രീരാമനും കറുത്ത നിറമല്ലേ?

കലാസാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുപോലുള്ള വര്‍ണ്ണ-വര്‍ഗ്ഗ-വര്‍ഗ്ഗീയ അധ്യാപകരുണ്ടോ? മനുഷ്യരാശിയുടെ നന്മക്കായി വരേണ്യവര്‍ഗ്ഗത്തിന്‍റെ നീച സംസ്കാരത്തെപ്പറ്റി സവര്‍ണ്ണ ഹിന്ദുക്കളല്ലാത്ത വ്യാസമഹര്‍ഷി മഹാഭാരതമെന്ന ഇതിഹാസ സൃഷ്ടിയും, വാല്‍മീകി മഹര്‍ഷി രാമായണവും, ജാതിവ്യവസ്ഥിതി സാംസ്കാരിക ലോകം ചുട്ടുകരിച്ചിട്ടും ജാതി ഭ്രാന്തജല്പന നിറങ്ങള്‍ നവോത്ഥാന കേരളത്തില്‍ ഇന്നും ജീവിക്കുന്നു. രമണമഹര്‍ഷി ‘മാനിഷാദ’യില്‍ ‘എരണം കെട്ട കാട്ടാള’ എന്ന് വിളിച്ചതുപോലെ എരണം കെട്ട ജാതിമതലിംഗങ്ങളുടെ വിഴുപ്പും വഹിച്ചുവരുന്ന ദുര്‍മേദസ്സുകളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രബുദ്ധകേരളം മുന്നോട്ട് വരണം. സാംസ്കാരിക കേരളത്തിന്‍റെ തനതായ സ്വത്വവും തനിമയും ജാതീയമായി അപഹാസ്യമാക്കുമ്പോള്‍ ഇവര്‍ക്ക് രക്ഷാകവചമായി സാംസ്കാരിക കേരളം നിലകൊള്ളരുത്. ഈ നര്‍ത്തകി കലാപ്രകടനത്തില്‍ സൗന്ദര്യവും നിറവും വേണമെന്ന് പറയുന്നത് അറിവില്ലായ്മയും, അഹന്തയും, അഹങ്കാരവും കൊണ്ടാണ്. ഇത്തരം വിഢിത്തങ്ങള്‍ പുലമ്പുന്ന ഈ അദ്ധ്യാപികയെ ആ പദവിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. ശരീരംകൊണ്ടാണ് മുദ്രകള്‍ കാണിക്കുന്നത് അല്ലാതെ സൗന്ദര്യം കൊണ്ടല്ല. എന്നാല്‍ മത്സര രംഗത്ത് നടക്കുന്ന വിധികര്‍ത്താക്കളുടെ സ്വാര്‍ത്ഥത, മൂല്യച്യുതി അധ്യാപിക വെളിപ്പെടുത്തുന്നുണ്ട്. മഹാവിഷ്ണു കൊണ്ടുവന്ന മോഹിനിയാട്ടത്തില്‍ കറുത്തവരും വെളുത്തവരുമില്ല. മോഹിനിയാട്ടം പഠിക്കാന്‍ വരുന്ന കുട്ടികളില്‍ നിറത്തിന്‍റെ പേരില്‍ ആശങ്കയുളവാക്കുന്നത് നന്നല്ല. ഇതിലൂടെ ഒരു അധ്യാപിക കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?

ലോകഭൂമി ശാസ്ത്രത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ മനുഷ്യര്‍ വ്യത്യസ്ത നിറങ്ങളുള്ളവരാണ്. ദേശങ്ങള്‍ ചേര്‍ന്ന് നാടുകളുണ്ടായതുപോലെ മനുഷ്യന്‍റെ നിറങ്ങളെച്ചൊല്ലിയുള്ള ചരിത്രസന്ധികളിലേക്ക് പോകണമോ? ശിലായുഗത്തില്‍ തുടങ്ങിയ വര്‍ണ്ണ-വംശീയ വെറിക്കുത്തുകള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിക്ക് നേരേയും സൗത്ത് ആഫ്രിക്കയിലുണ്ടായി. കറുത്ത നിറമുള്ളതിനാല്‍ സായിപ്പിന്‍റെ കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. കറുത്തത് കസ്തൂരിയെന്നും വെളുത്തത് വെണ്ണീറെന്നും കേരളത്തിന്‍റെ പഴമൊഴി ഈ നര്‍ത്തകിക്ക് അറിയാമോ? ഇവര്‍ക്ക് കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്? സവര്‍ണ്ണ യാഥാസ്ഥികരുടെ കാലം കഴിഞ്ഞില്ലേ? കറുത്ത തുണിയും കരിമ്പടവും ധരിച്ച് തീര്‍ത്ഥാടകര്‍ ശബരിമലക്ക് പോകുന്നില്ലേ? കറുത്ത പശുവിന്‍റെ വെളുത്ത പാല്‍ കുടിച്ചാല്‍, കറുത്ത കോഴിയുടെ വെളുത്ത മുട്ട കഴിച്ചാല്‍ ഇവര്‍ക്ക് ശര്‍ദ്ദില്‍ വരുമോ?

ഒരു മനുഷ്യനെ സംസ്കാരമുള്ള ജീവിയാക്കുന്നത് അവനിലെ അറിവും ചരിത്രബോധവുമാണ്. ആട്ടവും പാട്ടും കൂത്തും മാത്രം പഠിച്ചാല്‍ കയ്യടി കിട്ടും. അറിവിന്‍റെ വസന്തകാന്തികള്‍ ലഭിക്കില്ല. അതിന് നാലക്ഷരം വായിക്കണം. കൊടുംകാടുകളില്‍ ജീവിച്ചിരുന്ന കേരളത്തിലെ ആദിമ മനുഷ്യര്‍ ആദിവാസികളായിരുന്നു. അവരുടെ നിറം കറുപ്പാണ്. സാമൂഹ്യ അനാചാര ദുരാചാരങ്ങളെയകറ്റി പരിഷ്കൃത സമൂഹമെന്ന് മേനി പറയുന്നവര്‍ ആദിവാസികള്‍, ആര്യډാരുടെ, പാശ്ചാത്യരുടെ സമ്മിശ്ര വിവാഹ പുരാവൃത്തമൊക്കെയൊന്ന് വായിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ആദിമ മനുഷ്യര്‍, ആഫ്രിക്കന്‍ ജനത, പൗരസ്ത്യര്‍ കറുത്തവരും ഇരുണ്ട നിറമുള്ളവരുമാണ്. മനുഷ്യര്‍ക്ക് വെളുത്ത നിറമില്ല. നമ്മള്‍ പാശ്ചാത്യരെ അങ്ങനെ വിളിക്കുന്നു. കറുത്തവരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ കുറേക്കൂടി ആഴത്തിലേക്ക് നോക്കിയാല്‍, പൂര്‍വ്വികരുടെ അടിവേരുകള്‍ തേടിയാല്‍ ആര്യവംശത്തിന്‍റെ, സായിപ്പിന്‍റെ നിറചാര്‍ത്തുള്ള ഇക്കിളിപ്പെടുത്തുന്ന അശ്ലീല പൈങ്കിളി കഥകള്‍ കേട്ട് തല കുനിക്കേണ്ടിവരും. ജന്മം തന്ന അമ്മമാരേ വഴിപിഴച്ചവളെന്നു വിളിപ്പിക്കണോ?

നമ്മുടെ നവോത്ഥാന സാംസ്കാരിക സാമൂഹ്യ നായകന്‍മാര്‍ മാര്‍ഗ്ഗദീപങ്ങളായിരുന്ന നാട്ടില്‍ നിറത്തിന്‍റെ പേരില്‍ വെറുപ്പ്, വിദ്വേഷങ്ങള്‍ വളര്‍ത്തുക എന്നത് അരാജകവാദികളുടെ, മൗലികവാദികളുടെ മനസ്സില്‍ കുടികൊള്ളുന്ന ജീര്‍ണ്ണ സംസ്കാരമാണ്. സ്വേദേശ-വിദേശ ക്രിസ്ത്യന്‍ മിഷനറിമാര്‍, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു 1903 ല്‍ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത് വര്‍ണ്ണവിവേചനം, തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങളെ കുപ്പത്തൊട്ടിയില്‍ തള്ളാനായിരുന്നു. കാക്കക്ക് പോലും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. കലാരംഗത്തു മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി.യും എം.ജി.സര്‍വ്വകലാശാലയില്‍ നിന്ന് എം.എ. മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കുള്ള വ്യക്തിത്വമാണ് രാമകൃഷ്ണനുള്ളത്. അത് കാശ് കൊടുത്തോ സ്വാധീനവലയത്തിലോ ലഭിച്ച ഡോക്ടറേറ്റ് അല്ല. യോഗ്യരായവരെ യോഗ്യതയില്ലാത്തവര്‍ പുച്ഛിക്കരുത്. അത് അസൂയ എന്ന മാറാരോഗമാണ്. അത് കലാസാഹിത്യ രംഗത്ത് പ്രകടമാണ്. മോഹിനിയാട്ടം പഠിക്കാന്‍ വരുന്ന കുട്ടികളുടെ നിറം നോക്കി വംശീയത വളര്‍ത്തരുത്. കഴിവ് കുറഞ്ഞവര്‍ക്കും കറുത്ത കുട്ടികള്‍ക്കും വേണ്ടുന്ന പ്രോത്സാഹനം കൊടുത്ത് മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് മൂല്യബോധമുള്ള അധ്യാപകര്‍ ചെയ്യേണ്ടത്. അല്ലാതെ മനസ്സില്‍ മുറിവുണ്ടാക്കരുത്. കലാസാംസ്കാരിക സ്ഥാപനങ്ങള്‍ കപട കച്ചവട പുരോഗമനവാദികളുടെ കേന്ദ്രങ്ങളാക്കി മാറ്റരുത്.

Print Friendly, PDF & Email

Leave a Comment

More News