വടകരയിലെ വടംവലി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്‌സഭ തെരഞ്ഞെടുപ്പു ചൂട് മൂർദ്ധന്യാവസ്ഥയിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ ഏറ്റവും വലിയ രാഷ്രീയ പോരാട്ടം നടക്കുന്നത് കടത്തനാടൻ മണ്ണായ വടകരയിൽ ആണ്.

. എൽ ഡി ഫ് ന്റെയും യൂ ഡി ഫ് ന്റെയും സ്‌ഥാനാർഥികൾ അവരവരുടെ പാർട്ടിയിലെ രാഷ്ട്രീയ വടംവലിക്കു വിധേയമായി സ്‌ഥാനാർഥിത്വം വരിക്കേണ്ടി വന്നവരാണ്.

. ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് ഇന്ന് കേരളത്തിലെ സി പി എം ലെ ഏറ്റവും പ്രതിഛായ ഉള്ള നേതാവും മുൻ മന്ത്രിയുമായ കെ കെ ഷൈലജ ടീച്ചർ ആണ്.

. കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി ടീച്ചർ പല തവണ നിയമസഭയിൽ എത്തിയെങ്കിലും ഏറ്റവും ശ്രദ്ധേയ ആകുന്നത് 2016 ലെ ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി ആയിരിക്കുമ്പോഴാണ്.

. ഒരു സമയത്തു കേരളത്തിന്‌ വളരെ ഭീഷണി ആയിരുന്ന നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിൽ മികവ് കാണിച്ച ടീച്ചർക്ക്‌ യുണൈറ്റഡ് നേഷൻസിന്റെ ആദരവും ലഭിച്ചു.

. കോവിഡിന്റെ തീവ്രത ഏറിനിന്ന സമയത്തു എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പത്രസമ്മേളനം വിളിച്ചു രോഗികളുടെയും രോഗ വിമുക്തരുടെയും എണ്ണവും മുൻ കരുതലുകളും ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിച്ചു ജന ഹൃദയങ്ങളിൽ സ്‌ഥാനം പിടിച്ചു ടീച്ചർ.

. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കോവിഡ് വ്യാപനം തടയുന്നതിൽ വിജയിച്ച ടീച്ചർ ബി ബി സി ക്കു പ്രത്യേക ഇന്റർവ്യൂ കൊടുത്തതോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു. തുടർന്നുള്ള പത്രസമ്മേളനം എല്ലാം മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തു ടീച്ചറെ മൂലക്കിരുത്തിയത് കൗതുകം ഉണർത്തി.

. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിൽ ആക്കിയപ്പോഴും ടീച്ചറുടെ പ്രതിഛായയ്ക്കു കോട്ടം തട്ടിയില്ല.

. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരീക്ഷിച്ചും വീടുകളിൽ കിറ്റ് കൊടുത്തും ഇടത് മുന്നണി വൻ വിജയം നേടിയപ്പോൾ രാഷ്ട്രീയ ചാണക്യൻ ആയ പിണറായി പുതിയ മന്ത്രി സഭയിൽ പുതിയ മന്ത്രിമാർ മതി എന്നു തീരുമാനം എടുത്തതോടെ മട്ടന്നൂരിൽ നിന്നും അറുപതിനായിരത്തിൽ അധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു നിയമസഭയിൽ എത്തിയ ടീച്ചർക്ക്‌ കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രി സ്‌ഥാനം നഷ്ടമായി.

. കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും പിണറായിയും കോടിയേരിയും സംസ്‌ഥാന നേതൃത്വത്തിൽ വന്നതോടെ കണ്ണൂര് പിടിമുറുക്കിയ ജയരാജന്മാരുടെ ഇടയിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ആണ് ടീച്ചർ നേതാവായത്.

. ഇനിയുമൊരു ഇടത് സർക്കാർ വന്നാൽ പിണറായിയ്ക്കു പകരം ആര് എന്ന ചോദ്യത്തിനു മറുപടി ആണ് ടീച്ചറുടെ വടകരയിലെ സ്‌ഥാനാർഥിത്വം.

. യൂ ഡി ഫ് നായി അങ്കത്തിനു ഇറങ്ങുന്നത് കോൺഗ്രസിന്റെ ഊർജസലനായ യുവ നേതാവ് ഷാഫി പറമ്പിൽ ആണ്. യൂത്ത് കോൺഗ്രസിന്റെയും കെ സ്‌ യു വിന്റെയും മുൻ സംസ്‌ഥാന പ്രസിഡന്റ് ആയിരുന്ന ഷാഫി രണ്ടായിരത്തി പതിനൊന്നിലും പതിനാറിലും മിന്നുന്ന വിജയത്തോടെ പാലക്കാടിനെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ ശേഷം രണ്ടായിരത്തി ഇരുപത്തൊന്നിലെ തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രശസ്തനായ മെട്രോമാൻ ഈ ശ്രീധരന് മത്സരിപ്പിച്ചപ്പോൾ ത്രികോണ മത്സരമായി മാറിയ പാലക്കാട്‌ മൂവായിരത്തിൽ പരം വോട്ടുകൾക്ക് വിജയിച്ചാണ് വീണ്ടും നിയമസഭയിൽ എത്തിയത്.

. കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുവാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ്‌ നേതൃത്വം എടുത്ത ചില രാഷ്ട്രീയ കരുനീക്കം ആണ് താല്പര്യം ഇല്ലാഞ്ഞിട്ടുകൂടി ഷാഫിക്ക് വടകരയിലേയ്ക്കു വണ്ടി കയറേണ്ടി വന്നത്.

. വടകരയിൽ ഉൾപ്പെടുന്ന തലശ്ശേരിയിൽ ബന്ധു വീടുള്ള ഷാഫി വടകരയിൽ വന്നിറങ്ങിയപ്പോൾ 2019 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും വടകര റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ കൂടിയതിലും ഇരട്ടി ജനസംഞ്ചയം ആണ് തടിച്ചു കൂടിയത്. അതോടെ ഇടഞ്ഞു നിന്ന മുസ്ലിംലീഗും ഷാഫിക്കൊപ്പം കൂടി.

. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്തു ബി ജെ പി സ്‌ഥാനാർഥിയെ തോല്പിക്കുവാൻ മുരളീധരൻ പോയതുകൊണ്ട് മുരളിയാവും സ്‌ഥാനാർഥി എന്നു കരുതി ബി ജെ പി അവരുടെ വോട്ടിൽ വിള്ളൽ ഉണ്ടാകാതിരിക്കുവാൻ വടകരയിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല യുവ സ്‌ഥാനാർഥി പ്രഫുൽ കൃഷ്ണയെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. മുരളി തൃശൂരിലേയ്ക്കു പോയെങ്കിലും പോരാട്ടം കനപ്പിച്ചിരിക്കുകയാണ് ബി ജെ പി.

. എം പി വീരേന്ദ്രകുമാറിന്റെ മരണത്തോടെ ശക്തി ക്ഷയിച്ച ജനതദൾ ഇടതുമുന്നണിയോടൊപ്പം ഉണ്ടെങ്കിലും ടി പി ചന്ദ്രശേഖരൻ ഫാക്ടർ നിലനിൽക്കുന്ന വടകരയിൽ ആർ എം പി യുടെ പൂർണ പിന്തുണ ഷാഫിക്കുണ്ട്.

. ഇടതിന്റെയും വലതിന്റെയും പിന്തുണയോടെ ഇരുപതിലേറെ വർഷം വടകര എം പി ആയിരുന്ന കെ പി ഉണ്ണികൃഷ്ണൻ മൂക സാക്ഷി ആകുന്ന ഈ തെരഞ്ഞെടുപ്പു മാമാങ്കത്തിൽ മട്ടന്നൂർ ആണോ പാലക്കാട്‌ ആണോ ഉപതെരെഞ്ഞെടുപ്പ് നടക്കുകയെന്നു ജൂൺ നാലിനറിയാം.

Print Friendly, PDF & Email

Leave a Comment