കലയില്‍ കറുപ്പും വെളുപ്പും കാണുന്നവർ (ലേഖനം): ബ്ലസന്‍ ഹ്യൂസ്റ്റന്‍

കലാകാരന്മാര്‍ക്ക് വർണ്ണ വർഗ്ഗ വ്യത്യാസമുണ്ടോ. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം പോലെയുള്ള കലാരൂപം കളിച്ചാൽ അഭംഗിയാകുമോ. കലാഭവൻ മണിയുടെ അനുജനെതിരെ കലാമണ്ഡലം സത്യാഭാമ നടത്തിയ പരാമർശമാണ് ഇങ്ങനെ ഒരു ചോദ്യം മനസ്സിൽ തോന്നാൻ കാരണം. മോഹിനിയാട്ടം പോലെയുള്ള കലാരൂപത്തിന് വെളുത്ത നിറവും കാണാൻ ഭംഗിയുമുള്ള യോജിച്ചവർ എന്നാണ് അവരുടെ പരാമർശം. കലാഭവൻ മണിയുടെ അനുജനും മോഹിനിയാട്ടം കലാകാരനും നൃത്ത അദ്ധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെയാണ് അവർ പേരെടുത്ത് പറയായതെ ഇങ്ങനെ പരാമർശം നടത്തിയത്. ഇത്തരമൊരു പരാമർശം ഈ കാലഘട്ടത്തിൽ യോജിച്ചതെ അല്ലയെന്നതിനെ രണ്ട് അഭിപ്രായമില്ല.

ദീർഘകാലം കലാമണ്ഡലത്തിൽ പഠിപ്പിക്കുകയും അതിന്റെ ബോർഡിൽ പതിനാറു വർഷത്തോളം ഇരിക്കുകയും ചെയ്ത വ്യക്തിയാണ് കലാമണ്ഡലം സത്യാഭാമ. അവരിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നെങ്കിൽ അത് ഒരു രീതിയിലും
ന്യായികരിക്കാൻ കഴിയാത്തതാണ്. അവർ ഇരുന്ന സ്ഥാനങ്ങളൊക്കെ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കേണ്ടവയാണ്. ഈ പരാമർശം അവർ നിക്പക്ഷവും നീതിപൂർവവുമായി പ്രവർത്തിച്ചിട്ടുണ്ടോ എന്ന്
സംശയിക്കേണ്ടിയിരിക്കുന്നു.

സൗന്ദര്യത്തെ അളക്കാൻ അളവുകോല്‍ ആരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് അതിന് ഉത്തരം. സൗന്ദര്യ൦ ഒരാളുടെ നിറത്തെയോ ജാതിയെയോ പ്രദേശത്തെയോ ആശ്രയിച്ചല്ല വിലയിരുത്തപ്പെടുന്നത്. ലോക സുന്ദരി പട്ടത്തിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം. അവിടെ കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള വേർതിരിവ് ഇല്ലഎന്നതാണ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കളറോ ഭാഷയോ ദിക്കോ ഒന്നും അതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനേക്കാൾ വലുതായ ഒരു സൗന്ദര്യ മത്സരം വേറെ ഒന്നില്ല. അവിടെപ്പോലും വിവേചനം ഇല്ലയെന്നിരിക്കെ എവിടെയാണ് ഇന്ന് മനുഷ്യന്റ നിറത്തിൽ വിവേചനം.

നിറത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിച്ചിരുന്ന ഒരു ഇരുണ്ട കാലഘട്ടം ലോക ചരിത്രത്തിൽ ഉണ്ടായിരുന്നു. കറുത്തവരെ അടിമകളാക്കി കണ്ടിരുന്നതായിരുന്നു അതിലെ കറുത്ത അദ്ധ്യായം. ഇന്ത്യയുടെ ചരിത്രമെടുത്താൽ അതിലും നിറത്തിന്റെ
പേരിൽ മനുഷ്യനെ വേർതിരിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ത്യയിലെ ജാതിയുടെ ഉത്ഭവം പോലും നിറം ഒരു പ്രധാന ഘടകമായിരുന്നു. മേലാളനും കീഴാളനും എന്ന വേര്‍തിരിവ് പോലും നിറവുമായി ബന്ധപ്പെട്ടിരുന്നു എന്ന് തന്നെ പറയാം. നിറമുള്ളവൻ മേലാളനും നിറം മങ്ങിയവൻ കിഴാളനും. ആ കാലം കഴിഞ്ഞിട്ട് അധിക കാലമായിട്ടില്ല. നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുക മാത്രമായിരുന്നില്ലാ നീതി വരെ നിഷേധിക്കപ്പെട്ടിരുന്നു ഒരു കാലത്ത്. ആ അനുഭവത്തിൽകൂടി കടന്നുപോയവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അത്രക്ക് കൈപ്പേറിയ അനുഭവമായിരുന്നു നിറത്തിന്റെ പേരിൽ ഒരു മനുഷ്യർ
അനുഭവിച്ചിരുന്നത്.

ഇന്ത്യയിലും അമേരിക്കയിലും ഉൾപ്പെടെ വർണ്ണ വിവേചനം നടന്ന നാടുകളിൽ നിറമില്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം പോലും
നിഷേധിച്ചിരുന്നിയിട്ടുണ്ട്. ആ കാലഘട്ടത്തെ മാറ്റിയെടുത്തത് മനുഷ്യർ നടത്തിയ പോരാട്ടത്തിൽ കൂടിയാണ്. അതിന് അവരെ സഹായിക്കാതെ വിദ്യാഭ്യാസത്തിൽ കൂടി നേടിയ അറിവാണ്. ഇന്ന് അതൊക്കെ കഴിഞ്ഞ കാലഘട്ടത്തിലെ കറുത്ത അദ്ധ്യായമാണ്. എന്നാൽ അതിന്റെ അവശിഷ്ട്ടങ്ങൾ ഇന്നും പലരുടെയും മനസ്സിന്റെ ഉള്ളിൽ ഉണ്ടെന്നതിനെ തെളിവാണ് കലാമണ്ഡലം സത്യഭാമയുടെ അഭിപ്രായപ്രകടനത്തിൽ കൂടി വ്യക്തമാകുന്നത്.

കല ഒരു തപസ്യയാണ്. കലാകാരൻ താപസനും. ഒരു സന്ന്യാസി മനസ്സും ശരീരവും ദൈവത്തിൽ അർപ്പിക്കുന്നതുപോലെയാണ് ഒരു കലാകാരൻ കാലക്കുവേണ്ടി സ്വയം സമർപ്പിക്കുന്നത്. അതുപോലെയാണ് ഒരദ്ധ്യാപകനും. അറിവും ജ്ഞാനവും നല്‍കുന്നിടമാണ് വിദ്യാലയം. അന്ധത നീക്കി അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തുന്നവനാണ് അദ്ധ്യാപകൻ. ഒരദ്ധ്യാപകന്റെ മുന്നിൽ എത്തുന്ന വിദ്യാർത്ഥിയുടെ നിറം നോക്കി വേർതിരിക്കുന്ന അദ്ധ്യാപകൻ ഒരിക്കലും ഒരു നല്ല അദ്ധ്യാപകനല്ല. അങ്ങനെ ഒരാൾക്ക് ഒരിക്കലും താൻ ചെയ്യുന്ന ജോലിയിൽ നീതി പുലർത്താൻ കഴിയില്ല. സത്യാഭാമ ഒരു കലാകാരിയും കല അദ്ധ്യാപികയുമാണ്. ഈ രണ്ട് തൊഴിലിനും വേർതിരിവ് ഉണ്ടാകാൻ പാടുള്ളതല്ല. അങ്ങനെ വന്നാൽ തീർത്തും അവർ ആ തൊഴിലിന് യോഗ്യരല്ല എന്ന് തന്നെ പറയാം. നിറവും ജാതിയും മതവും വേർതിരിക്കുന്ന ഒരു മനോഭാവമുള്ള സത്യഭാമ ഈ രണ്ട് തൊഴിലിനും യോഗ്യയല്ലെന്ന് തന്നെ പറയാം. ഈ മനോഭാവവുമായി അവർ ഇത്രയും കാലം നിഷ്പക്ഷമായി പ്രവർത്തിച്ചുവെന്ന് പറയാൻ കഴിയില്ല. സങ്കുചിതമായ മനോഭാവമുള്ളവരാണ് മനുഷ്യരെ വേർതിരിക്കുന്നത്. സത്യഭാമയും അത്തരത്തിൽ ഒരാളാണെന്ന് അവരുടെ സംസാരത്തിൽ കൂടി വ്യക്തമാണ്. കലർപ്പില്ലാത്ത കലയുടെ കോവിലാണ് കലാമണ്ഡലം. ശുദ്ധമായ നാട്യകല അഭ്യസിപ്പിക്കാൻ വേണ്ടി സ്ഥാപിച്ച കലാമണ്ഡലത്തിൽ അശുദ്ധ മനോഭാവത്തോടെ ഇത്രയും കാലം അവർ
പ്രവർത്തിച്ചത്.

നാട്യ ശാസ്ത്രത്തെകുറിച്ച് അവർ നടത്തിയ പരാമർശമാണ് ഏറെ വിമര്‍ശിക്കപ്പെടേണ്ടത്. നാട്യശാസ്ത്രത്തിൽ നിറമുള്ളവർക്ക് മാത്രമാണ് മോഹിനിയാട്ടം കളിയ്ക്കാൻ യോഗ്യതയുള്ളുയെന്നതാണ് അവർ പറയുന്നത്. നാട്യശാസ്ത്രത്തിൽ നിറമില്ലാത്തവർ നൃത്തം ചെയ്യരുതെന്ന് പറയുന്നില്ല. നാട്യശാസ്ത്രത്തിൽ മെയ്‌വഴക്കത്തെക്കുറിച്ചും മെയ്യഴകിനെ കുറച്ചും പറയുന്നുണ്ട്. ആ മെയ്‌വഴക്കം ഇപ്പോൾ അവർക്കുണ്ടോ. അതുകൊണ്ട് അവർ മോഹിനിയാട്ടം നടത്താൻ പാടില്ലായെന്ന് പറയാൻ ആർക്കും കഴിയില്ല. മോഹിനിയാട്ടം നടത്തുന്നവർ മോഹിനിയായിരിക്കണമെന്നാണ് അവർ പറയുന്നത്. മോഹിനിയെന്ന വാക്കിന് പല അർഥങ്ങളുണ്ട്. അതിൽ ഏതര്‍ർത്ഥമാണ് അവർ ഉദ്ദേശിക്കുന്നത്. അല്പജ്ഞാനം അപകടമെന്ന് പറയുന്നതാണ് ഇതിനു ചേർന്നത്. അവർ നാട്യ കലാകാരിയും കലാദ്ധ്യാപികയുമാണ്. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ മറ്റുള്ളവരെക്കാൾ അവർക്ക് അറിവുമുണ്ട്. ആ അറിവ് അവർ നേടിയത്. നാട്യ ശാസ്ത്രത്തിൽ അങ്ങനെ പറയുന്നുണ്ടെങ്കിൽ വിദേശികളെ മോഹിനിയാട്ടം പോലെയുള്ള നൃത്തങ്ങൾ പഠിപ്പിക്കുന്നതെങ്ങനെ.

ആ മഹത്തായ സ്ഥാപനത്തിന് കളങ്കം ചാർത്തുകയാണ് ചെയ്തത്. ഇന്നലെ വരെ നാം അഭിമാനത്തോടെ കണ്ടിരുന്ന കലാമണ്ഡലത്തിന്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടുത്തുന്നതാണ് സത്യഭാമയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രവർത്തി. അത്
കലാമണ്ഡലത്തെ മാത്രമല്ല അവിടെയുള്ള മറ്റ് അദ്ധ്യാപകരുടെ മുഖത്തുകൂടി കരിവാരിത്തേയച്ചുയെന്നതാണ് സത്യം. വർണ്ണ വിവേചനം ഈ കാലഘട്ടത്തിൽ കുറ്റകരമാണ്. അത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ശിക്ഷാനടപടികൾക്ക് വിധേയരാകണമെന്നു കൂടി ഓർക്കണം. ഒരാളെ അധിക്ഷേപിക്കുക എന്നത് മാനസികമായി പീഡിപ്പിക്കുന്നതിനു തുല്ല്യമാണ്. അതും ശിക്ഷാർഹമാണ്.

Print Friendly, PDF & Email

Leave a Comment

More News