സിറോ മലബാർ സഭയുടെ നിർണ്ണായകമായ ജൂലൈ മൂന്ന് (ലേഖനം): ബ്ലെസ്സണ്‍ ഹ്യൂസ്റ്റന്‍

ജൂലൈ മൂന്നിനു ശേഷം സിറോ മലബാര്‍ സഭയില്‍ എന്ത്‌ സംഭവിക്കുമെന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. സഭയില്‍ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റെ കല്പന നടപ്പാക്കികൊണ്ട്‌ എറണാകുളം അങ്കമാലി അതിരൂപത കീഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം, അത്രമേല്‍ ഗുരുതരവും സങ്കീര്‍ണ്ണവുമാണ്‌ ഈ വിഷയം. സിറോ മലബാര്‍ സഭയില്‍ എന്നല്ല ആഗോള കത്തോലിക്കാ സഭയില്‍ പോലും ഈയടുത്ത കാലത്ത്‌ ഇത്രയധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന്‌ സംശയമാണ്‌.

പരിഹരിക്കപ്പെടാത്തത്ര സങ്കിര്‍ണ്ണമായ ഒരു പ്രശ്‌നമായി ഇന്നത്‌ മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്‌? സഭാ നേതൃത്വമാണെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പറയുന്നതെങ്കില്‍, സഭയെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍
വിശ്വാസികളെ എതിര്‍പ്പിന്റെ വഴിയില്‍ തിരിച്ചുവിടുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് കരണമെന്നതാണ്‌ സിനഡ്‌ വ്യക്തമാക്കുന്നത്‌. ചുരുക്കത്തില്‍ ആര്‍ക്കുമറിയില്ല എവിടെയാണ്‌ പ്രശ്നത്തിന്റെ തുടക്കമെന്ന്. പ്രശ്നം തുടങ്ങിയത്‌ ആരാണെന്ന്‌
അറിയില്ലെങ്കിലും പ്രശ്നമെന്തെന്ന് സഭയില്‍ മാത്രമല്ല സഭക്കു പുറത്തുള്ളവര്‍ക്കുമിപ്പോള്‍ കാണാപ്പാഠമാണ്‌. എന്തായാലും ഇന്നത്‌ സഭയില്‍ പൊട്ടിത്തെറിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. പരിഹരിക്കപ്പെടാനാവാത്ത ഒരു പ്രശ്നമായി അത്‌ മാറിക്കഴിഞ്ഞു. അതിലുപരി സഭാ വിശ്വാസികളെ രണ്ട്‌ ചേരിയിലാക്കുകയും ചെയ്തു.

ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ടില്‍ കൂടുതല്‍ പഴക്കമുള്ള വിഷയമാണ്‌ ഇന്ന്‌ സഭയില്‍ ആളിക്കത്തികൊണ്ടിരിക്കുന്ന കുര്‍ബാന വിഷയം. സഭയില്‍ രണ്ട്‌ രീതിയില്‍ കുര്‍ബാന ചൊല്ലിയിരുന്നു. ജനാഭിമുഖവും ത്രോണോസ്‌ അഭിമുഖവും. സിറോ മലബാര്‍ സഭയില്‍ പാരമ്പര്യ പാരമ്പര്യ വാദികളും കല്‍ദായ വാദികളുമുണ്ട്‌.

കല്‍ദായക്കാരായ മെത്രാന്‍മാരും വൈദീകരും ത്രോണോസ്‌അഭിമുഖ കുര്‍ബാനയോടാണ്‌ താല്പര്യമെങ്കില്‍ പാരമ്പര്യ വാദികളായ മെത്രാന്‍മാരും വൈദീകരും ജനാഭിമുഖ കുര്‍ബാനയോടാണ്‌ താല്‍പ്പര്യം കാണിക്കുന്നത്‌. ഇരുകൂട്ടര്‍ക്കും തങ്ങളുടെ ഭാഗമാണ്‌ ശരിയെന്നുപറയാന്‍ കാരണവുമുണ്ട്‌. ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തികൊണ്ടാണ്‌ സഭാപിതാക്കന്മാര്‍ കുര്‍ബാന ചെയ്തിരുന്നതെന്നാണ്‌ കല്‍ദായക്കാരുടെ വാദമെങ്കില്‍ ആഗോള കത്തോലിക്കാ സഭയില്‍ സഭാ തലവനായ മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ളവര്‍ ജനാഭിമുഖ കുര്‍ബാനയാണ്‌ ചെയ്യുന്നതെന്നാണ്‌ പാരമ്പര്യ വാദക്കാരുടെ ന്യായീകരണം.
സിനഡില്‍ കല്‍ദായ വാദികളായ മെത്രാന്‍മാര്‍ക്കാണ്‌ ഭൂരിപക്ഷം. വൈദികരുടെയും വിശ്വാസികളുടെയും പിന്തുണ ഏറെയും. എന്നാല്‍ സിനഡാണ്‌ സഭയില്‍ തീരുമാനം എടുക്കുന്നത്‌. സിനഡിന്റെ തീരുമാനം അന്തിമവുമായിരിക്കും. അതിനെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ക്കോ വൈദീകര്‍ക്കോ അനുവാദമില്ല.

എന്നും കത്തോലിക്കാ സഭയില്‍ അങ്ങനെയാണ്‌ നടക്കുന്നത്‌. എന്നാല്‍ അതിനെ വിപരീതമായ അനുഭവമാണ്‌ ഏകീകൃത കുര്‍ബാന വിഷയത്തില്‍ സിനഡ്‌ എടുത്ത തീരുമാനത്തില്‍ സഭവിച്ചത്‌. സിനഡിന്റെ തീരുമാനം ഒരുതരത്തില്‍ ഒരു പ്രതീകാര നടപടിയായിട്ടാണ്‌ മിക്കവരും കാണുന്നത്‌. സിറോ മലബാര്‍ സഭയെ ഇളക്കി മറിച്ച ഭൂമിയിടപാടുമായി അതിന് ബന്ധമുണ്ട്‌.
ഭൂമിയിടപാടില്‍ ഉള്‍കപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണെമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രക്ഷോഭം നടത്തികൊണ്ട്‌ പാരമ്പര്യവാദികളായവര്‍ രംഗത്ത്‌ വരികയുണ്ടായി. അതിന്‌ നേതൃത്വം നല്‍കിയത്‌ എറണാകുളം അങ്കമാലി
മേജര്‍ അതിരൂപതയാണ്‌. ഇവര്‍ ജനാഭിമുഖ കുര്‍ബാന വേണമെന്നുള്ളവരാണ്‌. ഭൂമിയിടപാടില്‍ ആരോപണ വിധേയരായ സഭാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ജനാഭിമുഖ കുർബാനക്ക്‌ എതിരുള്ളവരാണ്‌. പ്രക്ഷോഭത്തിന്റെ പ്രസക്തി ഇല്ലാതാക്കാനും അവര്‍ക്കെതിരെ പ്രതികാര നടപടിയെന്നതുമാണ്‌ ഏകികൃതകുര്‍ബാന നടപ്പാക്കണമെന്ന തീരുമാനത്തിന്‌ പിന്നില്‍ എന്നാണ്‌ വിമര്ശനം.

കാര്‍ഡിനാള്‍ മാര്‍ പാഠറേക്കാട്ടിലിന്റെ കാലം മുതല്‍ കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭ രണ്ട്‌ തട്ടിലാണ്‌. തെക്കന്‍ മേഖലയില്‍ അതായത്‌ ചങ്ങനാശേരി അതിരൂപതയില്‍ ഉള്ള രൂപതകള്‍ ജനാഭിമുഖ കുർബാനക്ക്‌ എതിരും വടക്ക്‌ അതായത് എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ കീഴിലുള്ള മിക്ക രൂപതാകളും ജനാഭിമുഖ കുർബാനക്ക്‌ അനുകൂലവുമാണ്‌.
സഭയെ രണ്ട്‌ ചേരിയില്‍ ഇതെത്തിക്കുമെന്നതുകൊണ്ട്‌ അന്നും അതിനുശേഷം സഭയുടെ നേത്രത്തില്‍ വന്ന കാര്‍ഡിനാള്‍ മാര്‍ പടിയറയും കാര്‍ഡിനാള്‍ മാര്‍ വിതയത്തിലും ഇതില്‍ ശക്തമായ നിലപാടെടുത്തില്ല.

അന്നൊക്കെ സിനഡില്‍ ഈ വിഷയം ചര്‍ച്ചക്കു വരുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച്‌ സിനഡില്‍ ഉള്ളവര്‍ക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതാതു രൂപതകള്‍ക്ക്‌ തീരുമാനമെടുക്കാന്‍ അധികാരം കൊടുക്കുകയായിരുന്നു അന്ന്‌ ചെയ്തിരുന്നത്‌. എന്നാല്‍, ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ ശക്തമായ തിരുമാനമെടുക്കുന്നത്‌ ഇക്കുറിയാണ്‌. സിനഡ്‌ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എറണാകുളം അങ്കമാലി
മേജര്‍ അതിരൂപത രജിത്‌ വരികയുണ്ടായി. പ്രതിഷേധം ഇല്ലാതാക്കാന്‍ പല നടപടികളുമായി സഭാ നേതൃത്വം രംഗത്ത്‌ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.

വത്തിക്കാന്‍ വരെ സംഭവത്തില്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മാറ്റി മാര്‍ കുരിയിലിന് അധികാരം നല്‍കിയെങ്കിലും പ്രതിഷേധം ശക്തമായി തുടര്‍ന്നു. അതിനുശേഷം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ്‌ അപ്പോസ്തോലിക അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റു. അവിടം കൊണ്ടും പ്രശ്നം തണുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ കര്‍ദിനാളിനെയും
അപ്പോസ്തോലിക അഡ്മിനിസ്‌ട്രേറ്ററെയും മാറ്റുകയും മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കുകയും ചെയ്തെങ്കിലും പ്രശ്നപരിഹാരം എങ്ങുമെത്തിയില്ല.

ജൂലൈ 3-ന് സിറോ മലബാര്‍ സഭയില്‍ എല്ലാ പള്ളികളിലും നടപ്പാക്കണമെന്ന്‌ കല്‍പ്പന നല്‍കിയിരിക്കുകയാണ്‌. നടപ്പാക്കാത്തവര്‍ക്കെതിരെ പുറത്താക്കല്‍ നടപടി ഉള്‍പ്പെടെയുണ്ടാകുമെന്ന്‌ താക്കീതും നല്‍കിയിട്ടുണ്ട്‌. മാനന്തവാടി രൂപത
ജനാഭിമുഖ കുർബാനക്ക്‌ പിന്തുണയുമായി കല്‍പ്പന പുറത്തുവിട്ടതിനു പിന്നാലെ രംഗത്ത്‌ വരികയുണ്ടായി. ഒരു സമവായം ആരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നാണ്‌ ഇപ്പോള്‍ ഏവരും ചോദിക്കുന്നത്‌. ഇരുകൂട്ടര്‍ക്കും ഇതൊരഭിമാന പ്രശ്നമായി മാറിയെന്നു വേണം പറയാന്‍. ആര്‌ വിട്ടുവീഴ്ചക്ക് തയ്യാറാകും. നടപടിയെടുത്താല്‍ ആര്‍ക്കെതിരെ എങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്‌ അതില്‍ ഉള്‍പ്പെടുന്നത്‌. കാത്തിരിക്കാം ജൂലൈ മൂന്നുവരെ. ജൂലൈ മൂന്ന്‌ സിറോ മലബാര്‍ സഭയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News