ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കും

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം പട്ടിക ബിജെപി പ്രഖ്യാപിച്ചു. ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കും, ആലത്തൂരിൽ ഡോ.ടി.എൻ.സരസു, എറണാകുളത്ത് ഡോ.കെ.എസ്. രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ എന്നിവരാണ് മത്സരാര്‍ത്ഥികള്‍.

നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ എന്നിവരും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായി 111 പേരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.

ഉത്തർപ്രദേശിൽ മുതിർന്ന നേതാവ് മനേക ഗാന്ധി സുൽത്താൻപൂരിൽ നിന്നും ജിതിൻ പ്രസാദ പിലിഭിത്തിൽ നിന്നും മത്സരിക്കും. കൂടാതെ, അടുത്തിടെ ബിജെപിയിൽ ചേർന്ന വ്യവസായി നവീൻ ജിൻഡാൽ കുരുക്ഷേത്രയിൽ നിന്നാണ് തൻ്റെ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്.

ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പുരിയിൽ മത്സരിക്കും, അടുത്തിടെ ബി.ജെ.പിയുമായി കൂറ് മാറിയ ഹേമന്ത് സോറൻ്റെ സഹോദരൻ്റെ ഭാര്യ സീത സോറൻ ദുംകയിൽ നിന്നും മത്സരിക്കും.

Print Friendly, PDF & Email

Leave a Comment

More News