ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനം നാളെ ബുധനാഴ്ച നോളജ് സിറ്റിയില്‍; പതിനായിരങ്ങള്‍ ഗ്രാന്‍ഡ് ഇഫ്താറിനെത്തും

നോളജ് സിറ്റി: ഇസ്ലാം മത വിശ്വാസികളുടെ ആദരണീയ പുരുഷന്‍മാരായ അസ്ഹാബുല്‍ ബദറിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനം ബുധനാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവത്തിന്റെ ഓര്‍മകളുമായി പതിനായിരങ്ങള്‍ നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംഗമിക്കും.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തോളം ആളുകള്‍ സംബന്ധിക്കും. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകര്‍. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, സി മുഹമ്മദ് ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും.

സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, പി. ഹസന്‍ മുസ്ലിയാര്‍ വയനാട്, ബാവ മുസ്ലിയാര്‍ കോടമ്പുഴ, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ സംബന്ധിക്കും.

ബദര്‍ കിസ്സ പാടിപ്പറയല്‍, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക സദസ്സ്, ഗ്രാന്‍ഡ് ഇഫ്താര്‍, പ്രാര്‍ഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, അസ്മാഉല്‍ ബദ്ര്‍ പാരായണം, ബദര്‍ മൗലിദ് പ്രാര്‍ഥന തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Print Friendly, PDF & Email

Leave a Comment

More News