എക്‌സ്‌പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോ വേവ്‌സിന്റെ ആദരം

ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്‌സ്‌പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സിന്റെ ആദരം.

മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോ സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിച്ച് മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്‌ളോബല്‍ നേതാക്കള്‍ എക്‌സ്‌പോ ഹൗസിലെത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, പി.ആര്‍.സെക്രട്ടറി ഷമീര്‍ പി.എച്ച്, ഖത്തര്‍ ചെയര്‍മാന്‍ അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ എന്നിവരാണ് എക്‌സ്‌പോ ഹൗസിലെത്തി സംഘാടക സമിതിയുടെ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ ഥാനിക്ക് മെമന്റോ സമ്മാനിച്ചത്. എക്‌സ്‌പോ കണ്‍സല്‍ട്ടന്റ് ഫാദി ജര്‍സാട്ടിയും ചടങ്ങില്‍ സംബന്ധിച്ചു.

ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്സ്പോക്ക് അഭിവാദ്യമര്‍പ്പിച്ചെത്തുന്ന ആദ്യ എന്‍.ജി.ഒ എന്ന പദവി സ്വന്തമാക്കിയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ്, സംഘാടകരെ ആദരിക്കുന്ന ആദ്യ എന്‍.ജി.ഒ എന്ന പദവിയും സ്വന്തമാക്കി. എക്സ്പോ 2023 ദോഹ സംഘാടകരുടെ പ്രതീക്ഷകള്‍ മറി കടന്നതായും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനലക്ഷങ്ങളെ ആകര്‍ഷിച്ചതായും ചടങ്ങില്‍ സംസാരിച്ച എക്സ്പോ 2023 ദോഹ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ഥാനി വ്യക്തമാക്കി.

6 മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ മുപ്പത് ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഏകദേശം നാല്‍പത് ലക്ഷത്തോളം പേരാണ് എക്സ്പോ സന്ദര്‍ശിച്ചത്.

Print Friendly, PDF & Email

Leave a Comment

More News