ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാര്‍, പാക്കിസ്താനിലേക്ക് തിരിച്ചു പോകില്ല: സീമ ഹൈദര്‍

നോയിഡ: അനധികൃതമായി പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദര്‍, രാഷ്ട്രപതിക്ക് അയച്ച ദയാഹർജിയിൽ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുമതി തേടി. ചാരവൃത്തി ആരോപിക്കപ്പെട്ട് അന്വേഷണ ഏജന്‍സികളാല്‍ വലയം ചെയ്യപ്പെട്ട സീമ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാഹർജി അയച്ചതായാണ് വിവരം.

യുപി എടിഎസിന്റെ ചോദ്യം ചെയ്യലും അന്വേഷണവും പുനരാരംഭിച്ച ശേഷം ഏത് ഏജൻസിയുടേയും അന്വേഷണത്തിന് തയ്യാറാണെന്ന് സീമ ദയാഹർജിയിൽ പറഞ്ഞു. നിലവിൽ യുപി എടിഎസ് തന്റെ കേസ് അന്വേഷിക്കുകയാണെന്നും എന്നാൽ സിബിഐ, എൻഐഎ, റോ തുടങ്ങിയ ഏജൻസികള്‍ അന്വേഷണം നടത്തിയാല്‍ അഭിമുഖീകരിക്കാന്‍ താൻ തയ്യാറാണെന്നും സീമ പറഞ്ഞു.

പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് എന്നിവയ്ക്ക് വിധേയയാകുമെന്ന് സീമയ്ക്ക് വേണ്ടി ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നുണ പരിശോധന, കുട്ടികളുടെ ഡിഎൻഎ പരിശോധനയ്ക്ക് പോലും തയ്യാറാണ്. മീന എന്ന് സ്വയം വിളിക്കുന്ന സീമ ഹൈദർ തന്റെ ഭർത്താവ് സച്ചിൻ മീണയുടെ തറവാട്ട് വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പാക്കിസ്താന്‍കാരനായ ഭർത്താവ് ഗുലാം ഹൈദർ നാല് വർഷം മുമ്പ് തന്നെ വിവാഹമോചനം ചെയ്തതായി അവർ പറഞ്ഞു. ഹിന്ദു ആചാരങ്ങളോടെയാണ് സച്ചിൻ മീണയെ വിവാഹം കഴിച്ചത്. താൻ ഗുലാം ഹൈദറിന്റെ രണ്ടാം ഭാര്യയാണെന്നും വിവാഹമോചനത്തിന് ശേഷം ഗുലാം ഹൈദർ മൂന്നാം ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും ഹർജിയിൽ സീമ അവകാശപ്പെട്ടു. കൂടാതെ, ആദ്യഭാര്യയുടെ മക്കളെ അദ്ദേഹം കൂടെ നിർത്തിയിട്ടുണ്ട്, വിവാഹമോചന സമയത്ത്, ഗുലാം ഹൈദർ തന്റെ കുട്ടികളെ പരിപാലിക്കാനും പിന്തുണയ്ക്കാനും വിസമ്മതിച്ചു.

അദ്‌നാൻ സമിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാമെങ്കില്‍, ആലിയ ഭട്ടും അക്ഷയ് കുമാറും ഇന്ത്യന്‍ പൗരന്മാരല്ലെങ്കിലും അവര്‍ക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയുമ്പോൾ, എന്തുകൊണ്ടാണ് തനിക്ക് വിവാഹം കഴിച്ച് ഭർതൃവീട്ടിൽ കഴിയാന്‍ സാധിക്കാത്തതെന്നും ഹർജിയിൽ സീമ പറയുന്നു. പാക്കിസ്താനിലേക്ക് മടങ്ങിപ്പോയാല്‍ തന്റെയും കുട്ടികളുടെയും ജീവന്‍ അപകടത്തിലാകുമെന്നും അവർ പറഞ്ഞു.

സച്ചിന്റെ പ്രണയത്തിന് വേണ്ടിയാണ് സീമ ഇന്ത്യയിലെത്തിയത്. ലൈല-മജ്‌നു, ഹീർ-രഞ്ജ, ഷീരി-ഫയാദ്, സോണി-മഹിവാൾ എന്നിങ്ങനെ അവരുടെ പ്രണയം ഭാവിയിൽ ഓർമ്മിക്കപ്പെടും. പ്രണയത്തിന് വേണ്ടി മാത്രമാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് സീമയുടെ വാദം. അതുകൊണ്ട് തന്നെ തിരിച്ചു പോകില്ല. ഭർത്താവിനോടൊപ്പം, അമ്മായിയപ്പനിൽ നിന്നും അമ്മായിയമ്മയിൽ നിന്നും ഇവിടെ ലഭിക്കുന്ന സ്നേഹവും സന്തോഷവും സമാധാനവും അവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സീമ പറയുന്നു.

തന്റെ പക്കൽ നിന്ന് കണ്ടെടുത്ത തകർന്ന മൊബൈൽ ഫോൺ പാക്കിസ്താന്‍ നൽകിയതല്ലെന്നും സച്ചിൻ നൽകിയതാണെന്നും സീമ ഹർജിയിൽ പറയുന്നു. തന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും താൻ നിരപരാധിയാണെന്നും ദയാഹർജിയിൽ സീമ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News