പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം: വി മുരളീധരൻ

തിരുവനന്തപുരം : പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെയും ബിജെപിയുടെയും നയമെന്ന് കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ പറഞ്ഞു. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നടപടികളും കേന്ദ്രം ചർച്ച ചെയ്യുകയാണെന്നും, സമൂഹത്തിലെ ദുർബല വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും പിന്നാക്ക വിഭാഗത്തെ വോട്ട് ബാങ്കായി കാണുന്ന നയമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് മോദി സർക്കാരെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സമുദായങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകിയതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭയിലെ 50 ശതമാനം ആളുകളും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ പങ്കാളിത്തം ഉറപ്പാക്കിയത് മോദി സർക്കാരാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ നൽകിയവർ അതെല്ലാം മറന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഖ്യാപിക്കുന്നത് നടപ്പാക്കുന്ന സർക്കാരാണ് മോദി സർക്കാരെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ച തുക അർഹരായവർക്ക് കൃത്യമായി എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News