മർകസ് ഹിഫ്ള് സനദ് ദാനം ഏപ്രിൽ നാലിന്

കോഴിക്കോട്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുർആൻ പഠനകേന്ദ്രങ്ങളിൽ ഒന്നായ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള സനദ് ദാനവും ഖുർആൻ സമ്മേളനവും ഏപ്രിൽ 4  വ്യാഴാഴ്ച മർകസിൽ നടക്കും. ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഖുർആൻ പ്രഭാഷണം, ളിയാഫത്തുൽ ഖുർആൻ, ഖത്മുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി, ആത്മീയ സമ്മേളനം, ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ തുടങ്ങി വിവിധ സദസ്സുകളാണ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. ഖുർആൻ പഠന രംഗത്ത് സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ച വ്യക്തിക്ക് ചടങ്ങിൽ പ്രത്യേക പുരസ്കാരം സമ്മാനിക്കും.

ഖുർആൻ പഠനകേന്ദ്രങ്ങൾ കേരളത്തിൽ വിപുലമാവാത്ത 1987ലാണ് മർകസ് ഖുർആൻ അക്കാദമി സ്ഥാപിക്കുന്നത്. കഴിഞ്ഞ 37 വർഷത്തിനിടെ 2500 ഓളം ഖുർആൻ പഠിതാക്കളാണ് ഇവിടെ നിന്നും പുറത്തിറങ്ങിയത്. 25 ഓഫ് കാമ്പസുകളിലായി 800 ലധികം വിദ്യാര്‍ഥികള്‍ പഠനം തുടരുകയും ചെയ്യുന്നു. ഈജിപ്ത്, യു.എ.ഇ, ലിബിയ, ബഹ്‌റൈൻ, കുവൈത്ത്, ടാൻസാനിയ, ജർമനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദേശീയ മത്സരങ്ങളിലും ഖുർആൻ അക്കാദമി വിദ്യാർഥികൾ മികവ് തെളിയിച്ചു. നിലവിൽ വിദേശ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾക്ക് കീഴിലെ മസ്ജിദുകളിൽ നൂറിലധികം മർകസ് ഹാഫിളുകൾ സേവനമനുഷ്ടിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുക്കുന്ന ഹിഫ്ള് സനദ് ദാന-ഖുർആൻ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അടക്കമുള്ള സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും.  25-ാം രാവിലെ പ്രത്യേക പ്രാർഥനയോടെ വെള്ളി പുലർച്ചെ ഒരു മണിയോടെ സമ്മേളനം സമാപിക്കും.

Print Friendly, PDF & Email

Leave a Comment

More News