ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു: ഡോ. കലാ ഷഹി

വാഷിംഗ്‌ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്സ് ഇന് നോര്ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു.

ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓര്‍ഡിനേറ്ററുമായ ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ കോ-കോർഡിനേറ്ററും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. കോ-ചെയർമാന്മാര്‍ സാഹിത്യകാരന്മാരായ മുരളി ജെ നായർ, അനിലാൽ ശ്രീനിവാസൻ, കോരസൺ വർഗീസ് എന്നിവരാണ്.

ഗീത ജോർജ്
ഫൊക്കാനയിൽ വർഷങ്ങളായി നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന ഗീത ജോർജ് ഫൊക്കാനയുടെ നിരവധി പരിപാടികളുടെ കോഓര്‍ഡിനേറ്റർ കൂടിയാണ്. കാലിഫോര്‍ണിയയിലെ ഐ ടി. മേഖലയില്‍ പ്രവർത്തിക്കുന്ന ഗീത ജോർജ് കമ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്റുകളുള്ള അപൂര്‍‌വ്വം ചില മലയാളി വനിതകളില്‍ ഒരാളാണ്. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത, സിലിക്കണ്‍‌വാലിയിലെ ജുനിപ്പര്‍ നെറ്റ്‌വര്‍ക്സ് സ്പെഷ്യലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാലം) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍‌വന്‍ഷന്‍ ഡയറക്ടര്‍, റീജിയണൽ വൈസ് പ്രസിഡന്റ് ( 2015-18), നാഷണൽ കമ്മിറ്റി അംഗം തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ബെന്നി കുര്യൻ
അമേരിക്കൻ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ്. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ബെന്നി സമകാലിക സംഭവങ്ങളെ കോർത്തിണക്കി രചിച്ച നിരവധി കഥകൾ ഏറെ ചിന്താദീപ്തമായ വായനാ അനുഭവങ്ങൾ പകർന്നിട്ടുണ്ട്. 2018 ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനായിരിക്കേ, അമേരിക്കയിലും പുറത്തുമുള്ള സാഹിത്യപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്ന ബെന്നി 2022-ലും 2024-ലും അവാർഡ് കമ്മിറ്റി ചെയർമാനായി ഫൊക്കാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ തെരഞ്ഞെടുത്ത മികച്ച ചെറുകഥകളുടെ ആന്തോളജിയാകുന്ന ‘അമേരിക്കൻ കഥക്കൂട്ടം’ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ ആയിരുന്നു.

ജെയിംസ് കുരീക്കാട്ടിൽ
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. അദ്ധ്യാപകനായി 15 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറി. ഫിസിക്കൽ തെറാപ്പിയിൽ അസ്സോസിയേറ്റ് ഡിഗ്രി നേടിയതിന് ശേഷം ഇപ്പോൾ സെലക്ട് റീഹാബിലിറ്റേഷന് വേണ്ടി ജോലി ചെയ്യുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നീ സഘടനകളിൽ പ്രവർത്തിക്കുന്നു. സ്വതന്ത്ര ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ അമേരിക്കൻ മലയാളീ സമൂഹത്തിൽ സുപരിചിതനാണ്. അദ്ദേഹത്തിന്റെ “മല്ലു ക്ലബ്ബിലെ സദാചാര തർക്കങ്ങൾ” എന്ന പുസ്തകം മലയാളിയുടെ സദാചാര സങ്കല്പങ്ങളെയും കപട സദാചാര ബോധത്തെയും തുറന്നുകാട്ടുന്നതിനാൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അന്ധവിശ്വാസങ്ങൾക്കും മത തീവ്രവാദത്തിനും എതിരെ കവിതകളിലൂടെ നടത്തുന്ന ഒരു കലഹമാണ് അദ്ദേഹത്തിന്റെ “ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ” എന്ന കവിതാ സമാഹാരം. മതങ്ങൾക്കതീതമായ സ്വതന്ത്ര ചിന്തയുടെയും വിശ്വമാനവികതയുടെയും ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുവാനും, അന്ധവിശ്വാങ്ങൾക്കെതിരെ ശാസ്ത്ര ബോധം വളർത്തുവാനും നിരന്തരം എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രമിക്കുന്നു.

മുരളി ജെ. നായർ
ബോംബെ യൂണിവേഴ്സിറ്റിയിൽനിന്നും ബി.എ. (ഓണേഴ്സ്), എൽ.എൽ.ബി. ബിരുദങ്ങളും ഡെലവെയറിലെ വൈഡനർ യൂണിവേഴ്സിറ്റിയിൽനിന്നും എൽ.എൽ.എം. ബിരുദവും നേടിയിട്ടുണ്ട്. സൗദി തലസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന റിയാദ് ഡെയ്‌ലി പത്രത്തിൻ്റെ ജിദ്ദ ലേഖകനായിരുന്നു കുറേക്കാലം. കഴിഞ്ഞ മുപ്പതുവർഷങ്ങളായി അമേരിക്കയിൽ അഭിഭാഷകനാണ്. ഇപ്പോൾ ഫിലഡെൽഫിയയിൽ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു. കേരളത്തിലെ എല്ലാ പ്രമുഖ പത്രമാസികകളിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഗൾഫിലുമുള്ള പല പ്രസിദ്ധീകരണങ്ങളിലും ഓൺലൈനിലുമായി അനേകം ലേഖനങ്ങളും ഫീച്ചറുകളും കഥകളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ‘ഇതിഹാസങ്ങളുടെ മണ്ണിൽ’ (ഗ്രീക്ക് യാത്രാവിവരണം) ആണ് ആദ്യകൃതി. നിലാവുപൊഴിയുന്ന ശബ്ദം (കഥകൾ), സ്വപ്നഭൂമിക (നോവൽ – “മലയാളം പത്ര”ത്തിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചത്), ഹണ്ടിംഗ്ഡൺ താഴ്വരയിലെ സന്ന്യാസിക്കിളികൾ (കഥകൾ), The Monsoon Mystic (ഇംഗ്ളീഷ് നോവൽ), Chorashastra: The Subtle Science of Thievery (വി.ജെ. ജെയിംസിൻ്റെ ‘ചോരശാസ്ത്ര’ത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷ – പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ചത്) എന്നിവയാണു മറ്റു കൃതികൾ. 2000ത്തിലെ ഫൊക്കാന ചിന്താധാര സ്വർണമെഡൽ, മറ്റു ഫൊക്കാന അവാർഡുകൾ, മാമ്മൻ മാപ്പിള അവാർഡ്, ഹ്യൂസ്റ്റൺ റൈറ്റേഴ്സ് ഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോകസഞ്ചാരികൂടിയായ മുരളി ജെ. നായർ ഇതിനകം നൂറ്റിപ്പതിനാറു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

അനിലാൽ ശ്രീനിവാസൻ
എഞ്ചിനീയറിംഗ് (കുസാറ്റ് കേരള), ബിസിനസ് അഡ്മിനിസ്ട്രേഷൻ (യു.എസ്.) വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷനിൽ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. നവി മുംബയിയിലെ എൻ.വൈ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ നോക്കിയ നെറ്റ്‌വർക്സിൽ 5G/LTE മൊബൈൽ ടെക്നോളജി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, യാത്രാക്കുറിപ്പുകൾ, അനുഭവം/ഓർമ്മ എന്നീ വിഭാഗങ്ങളിൽ എഴുതുന്നു. പ്ലാക്ക്, സബ്രീന (കഥാസമാഹാരങ്ങൾ), എല്ലിസ് ഐലന്റ്റിൽ നിന്ന്, ക്രിസ്‌തുമസ് നോട്ടങ്ങൾ (ആന്തോളജികൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ ജ്വാല അവാർഡ് 2023, ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാസമാഹാരത്തിനുള്ള അവാർഡ് (‘സബ്രീന’ക്ക്, 2022-ൽ). പുരോഗമന കലാസാഹിത്യസംഘത്തിന്റെ മൂന്നാമത് റ്റി.എ.റസാക്ക് പുരസ്ക്‌കാരം (2021) എന്നിവയ്ക്ക് അർഹനായിടുണ്ട്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡന്റ് (2022 -2023), ടൊസ്റ്റ്മാസ്റ്റേർസ് ഇൻ്റർനാഷനൽ നോക്കിയ കോർപൊറേറ്റ് ചാപ്റ്റർ പ്രസിഡൻ്റ്, ഇന്ത്യാ പ്രസ് ക്ളബ് നോർത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി, ചിക്കാഗോ സാഹിത്യവേദി കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലാന രജതജൂബിലിയോടനുബന്ധിച്ച്, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി ‘നടപ്പാത’ (2023) എന്ന പേരിൽ ആന്തോളജി കളക്ഷൻ പ്രസിദ്ധീകരിച്ച് കേരളത്തിലെ പ്രമുഖ ലൈബ്രറികളിൽ എത്തിച്ചിട്ടുണ്ട്.

കോരസൺ വർഗീസ്
ന്യൂയോർക്ക് നസ്സോ കൗണ്ടി ഗവണ്മെന്റില്‍ ഇൻഡിപെൻഡന്റ് ബജറ്റ് റിവ്യൂ സീനിയർ അനാലിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി ന്യൂയോർക്ക് സിറ്റി സർക്കാരിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു. വാൽക്കണ്ണാടി എന്ന പംക്തിയിലൂടെ മലയാള മനോരമ ഉൾപ്പടെ വിവിധ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസിയുടെ നേരും നോവും എന്ന പുതിയ ലേഖനസമാഹാരം ഗ്രീൻബുക്സ് തയ്യാറാക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി നിരവധി അഭിമുഖങ്ങളിലൂടെ റിപ്പോർട്ടർ ടീവിയുടെയും കലാവേദി ടീവി യുടെയും ഭാഗമായിട്ടുണ്ട് വാൽക്കണ്ണാടി എന്ന പംക്തി. അന്തർദേശീയ സാമൂഹ്യ സംഘടനയായ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ അന്തർദേശീയ പബ്ലിക് റിലേഷൻ ഓഫീസർ ആയി മൂന്നു വര്ഷം പ്രവർത്തിച്ചു. ഇപ്പോൾ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഡയറക്ടർ, യുണൈറ്റഡ്‌ നേഷൻസ്‌ പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കുന്നു. പല അന്തർദേശീയ സമ്മേളങ്ങളിലും പ്രതിനിധിയായി സംബന്ധിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൈരളി, ജയ്‌ഹിന്ദ് പത്രങ്ങളിൽ കോളംനിസ്റ്, കാർട്ടൂണിസ്റ്റ്, എഡിറ്റർ എന്നനിലയിൽ പ്രവർത്തിച്ചു. ഫൊക്കാനയുടെ ഹരിതം സ്മരണികയുടെ എഡിറ്റർ, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയിൽ അഞ്ചു വര്ഷത്തിലധികമായി പംക്തി കൈകാര്യം ചെയ്തു. 2017 ലെ ഈമലയാളിയുടെ പോപ്പുലർ റൈറ്റർ അവാർഡും, 2022 ലെ ഫൊക്കാനയുടെ സാഹിത്യ അവാർഡും, 2023 ലെ ന്യൂയോർക്ക് കലാവേദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ www.fokanaonline.org എന്ന വെബ്സൈറ്റിലും, നവമാധ്യമങ്ങളിലും, എല്ലാ പ്രിന്റ്-ഓൺലൈൻ മലയാളം വെബ് പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഡോ. കലാ ഷഹി, ജനറൽ സെക്രട്ടറി, ഫൊക്കാന

Print Friendly, PDF & Email

Leave a Comment

More News