നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും പുകയുന്നു; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ എല്‍‌ഡി‌എഫിനെ പ്രതിരോധത്തിലാക്കി

തിരുവനന്തപുരം: ഒരിക്കല്‍ ആളിക്കത്തി പിന്നീട് അണഞ്ഞു പോയെന്നു കരുതിയ, നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും കത്തിപ്പടരുമ്പോൾ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തോടെ എല്ലാം കെട്ടടങ്ങിയെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കിയിരിക്കുന്നത്.

2016ലെ ദുബായ് യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ ദുബായ് കോൺസുലേറ്റ് വഴി കറൻസി കടത്തുകയും ബിരിയാണി പാത്രങ്ങളിലൂടെ സ്വര്‍ണ്ണം പോലുള്ള ഘനലോഹങ്ങൾ കടത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തൽ ഇടതുപക്ഷത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുൻ പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്ക് അതിലുള്ള പങ്കിനെക്കുറിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്ന സുരേഷ് വ്യക്തമായ സൂചന നൽകിയത് എല്‍ഡി‌എഫ് കേന്ദ്രങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രി നേരിട്ട് നയിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന്‍റെ ക്ഷീണം മാറും മുന്‍പേ വന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കും വലിയ മങ്ങലായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കാര്യങ്ങളിലൊന്നും നേരിട്ട് പ്രതികരണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞത് ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണെന്ന വിലയിരുത്തലുമുണ്ട്.

യഥാര്‍ഥത്തില്‍ ചാരം മൂടിക്കിടന്ന സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ പങ്ക് ഇപ്പോള്‍ ഇടത് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. സ്വര്‍ണക്കടത്ത് കേസില്‍ 87 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശിവശങ്കര്‍ എഴുതിയ ആത്മകഥയിലൂടെ അദ്ദേഹം താന്‍ നിരപരാധിയാണെന്നും സ്വപ്‌നയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നും വ്യക്തമാക്കിയതോടെയാണ് സ്വപ്‌ന ശിവശങ്കറിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞത്.

സ്വപ്‌നയുടെ ആരോപണമുയര്‍ന്ന ആദ്യ ഘട്ടത്തില്‍ അല്‍പം പതറിയെങ്കിലും സി.പി.എം ശക്തമായി തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ താറടിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും ഇതിന് കോണ്‍ഗ്രസ് കുടപിടിക്കുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. തൊട്ടുപിന്നാലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി ആരോപണ വിധേയനായ കെ.ടി ജലീലും രംഗത്തുവന്നു.

‘യുദ്ധം’ പ്രഖ്യാപിച്ച സ്വപ്‌നയ്‌ക്കെതിരെ സര്‍ക്കാര്‍ നീക്കം: ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്ന ആരോപണം ബിരിയാണി ചെമ്പാണെന്നായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍റെ പരിഹാസം. ആരെങ്കിലും വിചാരിച്ചാൽ പിണറായി വിജയന്റെ പ്രതിച്ഛായയെ തർക്കിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. ഇതെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം, സർക്കാരിനെതിരെ, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സ്വപ്ന സുരേഷിനെ ‘ഒതുക്കാന്‍’ സര്‍ക്കാര്‍ നടപടി സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതമാക്കി.

സ്വപ്‌നയുടെ പങ്കാളിയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്ന് വിജിലന്‍സ് ബലമായി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന സ്വപ്‌നയുടെ ഭീഷണി ഏതു വിധേനയും ഒഴിവാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങള്‍ എന്ന ആരോപണവും ഉയര്‍ന്നു. അതേസമയം, വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തുവന്നു.

സംഘപരിവാറും സിപിഎമ്മും ചേർന്ന് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ ആവർത്തിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയെ സമീപിക്കുന്ന കാര്യവും പ്രതിപക്ഷം ഗൗരവമായി പരിഗണിക്കുന്നുണ്ട്. തീർത്തും കെട്ടടങ്ങിയെന്ന് കരുതിയ സ്വർണക്കടത്ത് കേസ് വരും നാളുകളിൽ എൽഡിഎഫ് സർക്കാരിന് തലവേദനയാകുമെന്നതിൽ സംശയമില്ല.

 

 

 

Print Friendly, PDF & Email

Leave a Comment

More News