ഇടുക്കിയില്‍ നിന്നൊരു നാലാം ക്ലാസുകാരി 2022 ജൂനിയർ മോഡൽ ഇന്റർനാഷണലിൽ മത്സരിക്കാനൊരുങ്ങുന്നു

ഇടുക്കി: ജൂനിയർ മോഡൽ ഇന്റർനാഷണൽ വേൾഡ് ഫിനാലെ 2022ൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നുള്ള ഒരു കൊച്ചു സുന്ദരി തയ്യാറെടുക്കുന്നു. നാലാം ക്ലാസുകാരിയായ ആദ്യ ലിജ ജിമ്മി ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയാണ്. അർമേനിയയിലെ ഫാഷൻ റൺവേ ഇന്റർനാഷണലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിൽ ഫാഷൻ റൺവേ ഇന്റർനാഷണൽ സംഘടിപ്പിച്ച മത്സരത്തിലാണ് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഈ കൊച്ചുമിടുക്കി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കുമരകത്ത് സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ‘ജൂനിയർ പ്രിന്‍സസ്’ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. അതില്‍ സെക്കൻഡ് റണ്ണറപ്പായിരുന്നു.

ഒന്നാം സ്ഥാനം ഒഡിഷയില്‍ നിന്നുള്ള സിദിക്‌സ പ്രിയദര്‍ശിനിയാണ് നേടിയത്. വേള്‍ഡ് ഫിനാലെയുടെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അതിനായുള്ള പരിശീലനത്തിലാണ് ഈ മിടുക്കി. ടി.വി ഷോകളില്‍ കണ്ട മോഡലിങ്ങിലെ വ്യത്യസ്‌തമായ ചുവടുവയ്‌പ്പും മുഖഭാവവുമാണ് കുഞ്ഞ് സുന്ദരിയ്‌ക്കുണ്ടായ പ്രചോദനം. കണ്ണാടിയ്ക്ക് മുന്‍പില്‍ അനുകരണം നടത്തി തുടക്കമിട്ടു.

മോഡലിംഗിൽ ആദ്യയുടെ താൽപര്യം കണ്ട മാതാപിതാക്കളായ ജിമ്മിയും ലിസയും പ്രോത്സാഹിപ്പിച്ചു. അത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുമായി ദേശീയ തലത്തിൽ മാറ്റത്തിന് വഴിയൊരുക്കി. അർമേനിയയിൽ നടക്കുന്ന ലോക ഫിനാലേയിലെ വിജയ കിരീടമാണ് ഈ കൊച്ചു മിടുക്കിയുടെ സ്വപ്നം.

Print Friendly, PDF & Email

Leave a Comment

More News