നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്കുള്ള അണിയറ നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: ഇന്‍ഫാം

കൊച്ചി: നിലവിലുള്ള ഇറക്കുമതിച്ചുങ്കം കുറച്ച് ഭാവിയില്‍ നികുതിരഹിതമായി ലാറ്റക്‌സ് ഇറക്കുമതി ചെയ്യാനുള്ള റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും അണിയറയിലൊരുങ്ങുന്ന നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്നും ഈ കര്‍ഷകദ്രോഹ സമീപനത്തില്‍ നിന്ന് ഇക്കൂട്ടര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ 6ന് കൊച്ചിയിലെ മാരേം പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഹെഡ് ഓഫിസില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റബര്‍ ബോര്‍ഡ് ഉന്നതരുടെയും ആത്മ, ഉപാസി, ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി ചില സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തില്‍ ലാറ്റക്‌സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം ചിലര്‍ കൊണ്ടുവന്നത് ഏറെ ആസൂത്രിതവും ബോര്‍ഡിലെ ചിലരുടെ പിന്തുണയോടെയാണെന്നും വ്യക്തമാണ്. തകര്‍ന്നടിഞ്ഞ റബര്‍ മേഖല കരകയറാന്‍ ശ്രമിക്കുമ്പോള്‍ റബര്‍കര്‍ഷകരെ ഇല്ലായ്മ ചെയ്യാന്‍ റബര്‍ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത് ദ്രോഹമാണ്. ഈ വിഷയം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വാണിജ്യമന്ത്രി റബര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുമ്പോള്‍ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ പ്രത്യാഘാതം റബര്‍മേഖലയില്‍ വളരെ വലുതായിരിക്കും. ഇത്തരം ഒരു സാഹചര്യം ഏറെ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്ന ഏറെ നിര്‍ണ്ണായക സമ്മേളനങ്ങളില്‍ റബര്‍ ബോര്‍ഡിലെ ഇഷ്ടക്കാരെ മാത്രം വിളിച്ചുകൂട്ടുന്നുവെന്ന ആരോപണവും നിലവിലുണ്ട്.

ലാറ്റക്‌സ് ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് ലൈസന്‍സ് സ്‌കീമിലൂടെ നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്ക് ഇപ്പോള്‍തന്നെ അവസരമുണ്ട്. ഇറക്കുമതിയുടെ അനുപാതമനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഉല്പന്നങ്ങളുടെ കയറ്റുമതി നടത്തണമെന്ന വ്യവസ്ഥ പാലിക്കണം.

വിവിധ രാജ്യങ്ങളുടെ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച് അംഗീകാരം നല്‍കേണ്ട ലോകവ്യാപാരസംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം ജൂണ്‍ 12 മുതല്‍ ജനീവയില്‍ നടക്കാനിരിക്കെ റബര്‍ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വ്യവസായികളുടെയും ഈ നീക്കം ആശങ്കയുണര്‍ത്തുന്നു. ലാറ്റക്‌സ് വ്യവസായ അസംസ്‌കൃത വസ്തുവിന്റെ ലിസ്റ്റിലില്ല. അതിനാല്‍തന്നെ ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം നിലനിര്‍ത്തി ആഭ്യന്തരവിപണി സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാരിനാവും. എന്നാല്‍ ഇറക്കുമതിച്ചുങ്കം കുറച്ചും എടുത്തുകളഞ്ഞും വിപണി അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം കര്‍ഷകന് ഇരുട്ടടിയാകും. ഇന്ത്യയില്‍ ലാറ്റക്‌സ് ഉല്പാദനം ഉപഭോഗത്തേക്കാള്‍ കൂടുതലാണെന്ന് കണക്കുകളുണ്ട്. 1,09,250 മെട്രിക് ടണ്‍ ഉപഭോഗമുള്ളപ്പോള്‍. ഉല്പാദനം 2,40,000 മെട്രിക് ടണ്ണാണ്. എന്നിട്ടും നികുതിരഹിത ഇറക്കുമതിക്കായി അണിയറനീക്കം നടത്തുന്നതും അതിന് റബര്‍ബോര്‍ഡിലെ ഉന്നതരായ ചിലര്‍ ഒത്താശചെയ്യുന്നതും കര്‍ഷകരും കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും സംഘടിച്ചെതിര്‍ക്കണമെന്നും കര്‍ഷകസംരക്ഷണം ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനോടൊപ്പം കര്‍ഷകരുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുവാനും തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News