കച്ചത്തീവ് പ്രശ്നം അമ്പത് വർഷം മുമ്പ് പരിഹരിച്ചതാണ്; ഇനി ഒരു ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ശ്രീലങ്ക

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് നൽകിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമർശിച്ച് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം, 50 വർഷം മുമ്പ് പരിഹരിച്ച വിഷയം ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ല എന്ന് ശ്രീലങ്ക പറഞ്ഞു.

മാർച്ച് 31 മുതൽ, രാജ്യത്തുടനീളമുള്ള വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മോദി കച്ചത്തീവ് ദ്വീപ് വിഷയം ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. 1974ൽ ശ്രീലങ്കയുമായുള്ള സമുദ്രാതിർത്തി ഉടമ്പടി പ്രകാരം കച്ചത്തീവ് വിട്ടുകൊടുത്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് അദ്ദേഹം നിരന്തരം ആരോപിക്കുന്നു.

തമിഴ്‌നാട് ഭരിക്കുന്ന പാർട്ടിക്കും കോൺഗ്രസിൻ്റെ സഖ്യകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനും (ഡിഎംകെ) ചർച്ചയെ കുറിച്ച് മുൻകൂർ വിവരമുണ്ടെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു.

റിപ്പോർട്ട് അനുസരിച്ച് , കൊളംബോയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതികരണത്തിൽ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു, “ഇത് 50 വർഷം മുമ്പ് പരിഹരിച്ച പ്രശ്നമായതിനാൽ ഇത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങൾ ഇപ്പോള്‍ ഉന്നയിച്ച്തുകൊണ്ട് പ്രയോജനമൊന്നുമില്ല.”

ഒരു ഇഫ്താർ പരിപാടിയിൽ ശ്രീലങ്കൻ മാധ്യമങ്ങളോട് സംസാരിക്കവെ, ദ്വീപിൽ തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദികൾ എന്നതിനെക്കുറിച്ച് അവർ ആഭ്യന്തര രാഷ്ട്രീയ ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ ഡിഎംകെയെ കുരുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കൊളംബോയുടെ പ്രതികരണം താരതമ്യേന വൈകിയാണെങ്കിലും ശ്രീലങ്കൻ മാധ്യമങ്ങൾ കച്ചത്തീവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു.

ഒരു ദിവസം മുമ്പ്, നിരവധി ശ്രീലങ്കൻ പത്രങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിഷയം ഉന്നയിക്കുകയും ഈ വിഷയം ശ്രീലങ്കയും ന്യൂഡല്‍ഹിയും തമ്മിലുള്ള നല്ല ബന്ധത്തിന് കോട്ടം വരുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News