മർകസ് ഖുർആൻ അക്കാദമി: 161 ഹാഫിളുകൾ സനദ് സ്വീകരിച്ചു

മർകസ് അക്കാദമി ഓഫ് ഖുർആൻ നിന്ന് ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ ഹാഫിളുകൾ

കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ  നിന്ന് 2022, 2023 വർഷങ്ങളിൽ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സനദ് സ്വീകരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുർആൻ പഠനകേന്ദ്രങ്ങളിൽ ഒന്നായ മർകസ് ഖുർആൻ അക്കാദമിയിൽ നിന്ന് ഇതിനകം 2500 ഓളം പേരാണ് പഠനം പൂർത്തിയാക്കിയത്. 25 ഓഫ് കാമ്പസുകളിലായി 800 ലധികം വിദ്യാര്‍ഥികള്‍ പഠനം തുടരുകയും ചെയ്യുന്നു. ഈജിപ്ത്, യു.എ.ഇ, ലിബിയ, ബഹ്‌റൈൻ, കുവൈത്ത്, ടാൻസാനിയ, ജർമനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിദേശ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾക്ക് കീഴിലെ മസ്ജിദുകളിൽ നൂറിലധികം മർകസ് ഹാഫിളുകൾ സേവനമനുഷ്ടിക്കുന്നുണ്ട്.

ഹിഫ്ള് വാർഷിക പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മുഹമ്മദ് ബിഷർ മുഴങ്ങല്ലൂർ, മുഹമ്മദ് ജാസിൽ പെരുവള്ളൂർ, മുഹമ്മദ് അലി ഹിജാസി എടരിക്കോട്, മുഹമ്മദ് ഷാനിദ് ചമൽ, മുഹമ്മദ് ഹനാൻ വിളത്തൂർ, മുഹമ്മദ് നബീൽ വൈലത്തൂർ എന്നിവർക്ക് മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവാർഡ് സമ്മാനിച്ചു. ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, ബശീർ സഖാഫി എ ആർ നഗർ, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, സമദ് സഖാഫി മൂർക്കനാട്, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, അബ്ദുന്നാസർ സഖാഫി പന്നൂർ ചടങ്ങിൽ സംബന്ധിച്ചു. ഹാഫിള് സംഗമം, ദസ്തർ ബന്ദി തുടങ്ങിയ വിവിധ സദസ്സുകളും സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
Print Friendly, PDF & Email

Leave a Comment

More News