കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം

വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ  പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ  ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.

വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന  ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ നമ്മിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തെറ്റുകൾക്കും  നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം.  പുതു വസ്ത്രങ്ങൾ ധരിച്ച് വിശിഷ്ട വിഭവങ്ങൾ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയിൽ ഈ അനുഗ്രഹങ്ങൾ സമ്മാനിച്ച നാഥന് നന്ദിയർപ്പിക്കാനും വിനയാന്വിതരാവാനും നാം ജാഗ്രത പുലർത്തണം.  ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എന്റെയും മർകസിന്റെയും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു.

 
Print Friendly, PDF & Email

Leave a Comment

More News