ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്.

ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി. അവയിലാകട്ടേ ചില ‘പഴുതുകള്‍’ തിരുകിക്കയറ്റിയിട്ടുണ്ടെന്ന് അത് ശ്രദ്ധാപൂര്‍‌വ്വം വായിച്ചാല്‍ മനസ്സിലാകും. ഒരു പ്രാവശ്യം കയറിക്കൂടിയാല്‍ ആജീവനാന്തം ഫൊക്കാനയില്‍ വിവിധ തസ്തികകള്‍ കൈയ്യടക്കാവുന്ന പഴുതാണ് അതില്‍ പ്രധാനം. ആ ‘പഴുതുകള്‍’ ഉപയോഗിച്ചാണ് ഇപ്പോള്‍ രണ്ടു ചേരികളിലായി നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റീ ബോര്‍ഡും പയറ്റുന്നത്. ജനറല്‍ കൗണ്‍സിലിനേയും അംഗ സംഘടനകളേയും തെറ്റിദ്ധരിപ്പിക്കും വിധം, അവരെ നോക്കുകുത്തികളാക്കി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പടച്ചുവിടുന്നതും അതുകൊണ്ടാണ്. ഏതൊരു സംഘടനയ്ക്കും ഒരു രജിസ്ട്രേഷനും ഒരു ഭരണഘടനയും മാത്രമേ ഉണ്ടാകാവൂ. എന്നാല്‍ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം നിലവില്‍ നിരവധി രജിസ്ട്രേഷനുകളുണ്ട്..!! പല സ്ഥലത്തും പല പേരിലാണെന്നു മാത്രം. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ആ കാലഘട്ടങ്ങളില്‍ ഭരണം നയിക്കുന്നവര്‍ അവരുടെ താല്പര്യം നിലനിര്‍ത്താന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. അടിസ്ഥാന ഭരണഘടനയില്‍ (ആദ്യത്തെ) ഭേദഗതി (amendment) ചെയ്യുന്നു എന്ന അനുബന്ധത്തോടെ (addendum) യാണെന്ന് മാത്രം. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അടുത്ത ലക്കത്തില്‍ വിവരിക്കാം.

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി നിരവധി വാര്‍ത്തകളാണ് ഫൊക്കാനയുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. എല്ലാം ആരോപണ പ്രത്യാരോപണങ്ങള്‍ തന്നെ. എന്നാല്‍, അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് ആരും എത്തിനോക്കാറില്ല. അതറിയാവുന്നതുകൊണ്ടാണ് ഈ നേതാക്കള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ട്രഷററുടെ ഉത്തരവാദിത്വം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ലംഘനമാണ് ട്രഷറര്‍ നടത്തിയതെന്ന് കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കിയതാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചതോ? ആ വ്യക്തിയെ അടുത്ത സെക്രട്ടറിയായി തിരഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ടും അതിനെ ന്യായീകരിക്കുന്നതാണ് ഏറെ വിചിത്രം.

ഫൊക്കാന എന്ന സംഘടന ഉടലെടുത്തതു തന്നെ എഴുപതുകളില്‍ ചിലരുടെ മനസ്സിലുദിച്ച ആശയമാണ്. അവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അവര്‍ പാകിയ വിത്ത് വളര്‍ന്നു പന്തലിച്ച് വലിയൊരു വൃക്ഷമായി. നിരവധി പേരുടെ കഠിന പ്രയത്നം കൊണ്ടാണ് ആ വൃക്ഷം ഇന്ന് വളര്‍ന്നു പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. ഇന്നലെ വന്നവര്‍ അതിന്റെ നാരായവേരിന് കോടാലിപ്രയോഗം നടത്തുന്നത് ശുഭകരമല്ല. അധികാരഭ്രമം തലയ്ക്കു പിടിച്ചതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഇക്കഴിഞ്ഞ 2-3 മാസങ്ങള്‍ക്കകം പുറത്തു വന്നത്. അതില്‍ ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു വാര്‍ത്തയുടെ ഏതാനും ഭാഗങ്ങള്‍:

“രണ്ടു വർഷത്തെ അധികാരത്തിൽ കയറിയ ഇപ്പോഴത്തെ ഭരണ സമിതിയുടെ അധികാരം ഈ മാസം അവസാനത്തോടെ തീരുകയാണ്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് നേതൃത്വം എന്ത് അടിസ്ഥാനത്തിലാണ് ഒരു വർഷംകൂടി അധികാരത്തിൽ സ്വയം തുടരാൻ തീരുമാനിക്കുന്നത്? തികച്ചും ജനാധിപത്യ സ്വഭാവമുള്ള ഫൊക്കാനയിൽ ഏതെങ്കിലും ചില നേതാക്കന്മാരുടെ സ്വേച്ഛാധിപത്യപരമായ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റി ബോർഡിന് കഴിയുകയില്ലെന്നും ചെയർമാൻ  വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉറച്ച തീരുമാനമാണ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റിസ്  കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരുടെയും ചട്ടുകമായി പ്രവർത്തിക്കാൻ ബോർഡിന് താൽപര്യമില്ല. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കുറ്റമറ്റ രീതിയിൽ തെരെഞ്ഞടുപ്പ് നടത്താൻ സ്വതന്ത്ര അധികാരമുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. 2020-2022 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രീയകൾ അവർ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചില സ്ഥാനാർത്ഥികൾ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. കോവിഡ് 19 കാരണം പതിവ് തെരെഞ്ഞെടുപ്പിനേക്കാൾ വൈകി സെപ്തംബര് 9നു തെരെഞ്ഞെടുപ്പ് നടത്താൻ വിജ്ഞ്ജാപനവും ഇറക്കി.അതിനിടെ, തങ്ങൾ ഒരു വർഷത്തേക്ക് കൂടി അധികാരത്തിൽ തുടരുമെന്ന് പറഞ്ഞു പരസ്യപ്രസ്‌താവനകൾ നടത്തി അംഗസംഘടനകൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവർ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്…”

ഒരു വശത്ത് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രസ്റ്റീ ബോര്‍ഡ് പറയുന്നത് ശരിയാണ്. എന്നാല്‍, മറുവശം ചിന്തിക്കുമ്പോള്‍ അവര്‍ ചെയ്തത് തെറ്റാണ്. സൂം മീറ്റിംഗ് വഴി തിരഞ്ഞെടുപ്പ് നടത്തിയതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. ഫൊക്കാനയുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ പറയുന്നത് തിരഞ്ഞെടുപ്പുകളെല്ലാം കണ്‍‌വന്‍ഷന്‍ വേദിയില്‍ നടത്തണമെന്നാണ്. അതായത് വോട്ടിംഗിന് അര്‍ഹതയുള്ള വ്യക്തി വോട്ടിംഗ് വേദിയിൽ നേരിട്ട് ഉണ്ടായിരിക്കണം എന്നര്‍ത്ഥം. ഫൊക്കാനയുടെ മുന്‍‌ ഭാരവാഹികളോട് അന്വേഷിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് അതാണ് കീഴ്‌വഴക്കം എന്നാണ്. ഓരോ അംഗ സംഘടനകളില്‍ നിന്ന് എത്ര പ്രതിനിധികള്‍ വോട്ടു ചെയ്യാന്‍ എത്തി എന്ന് ജനറല്‍ കൗണ്‍സില്‍ അറിഞ്ഞിരിക്കണം. ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ആവര്‍ത്തിച്ചു പറയുന്ന ‘ഭരണഘടനാ ലംഘനം’ അവര്‍ തന്നെയല്ലേ നടത്തിയത് എന്ന് ഭരണഘടനയുടെ മേല്പറഞ്ഞ ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ മനസ്സിലാകും. തപാല്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍/ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വഴിയോ വോട്ടിംഗ് നടത്താമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. (ഭരണഘടനയുടെ ആ ഭാഗം താഴെ കൊടുക്കുന്നു).

ഈ കോവിഡ് കാലത്ത് ആളെക്കൂട്ടി ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെങ്കില്‍, അതിനുള്ള പ്രതിവിധിയായിരുന്നു ആദ്യം തേടേണ്ടിയിരുന്നത്. അതായത് സുതാര്യമായ രീതിയില്‍ ഓണ്‍ലൈന്‍ വോട്ടിംഗും തപാല്‍ വോട്ടിംഗും നടത്താനുള്ള സം‌വിധാനമൊരുക്കണമായിരുന്നു. അതിന് സമയമെടുക്കുമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ/അംഗ സംഘടനകളുടെ അംഗീകാരത്തോടെ അതിന് സൗകര്യം ചെയ്യണമായിരുന്നു. അത് ചെയ്യാത്തിടത്തോളം കാലം ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു ന്യായീകരണത്തിനും ഇവിടെ പ്രസക്തിയില്ല. അവര്‍ ചെയ്തതും ഭരണഘടനാ ലംഘനം തന്നെ.

ഇപ്പോഴത്തെ പ്രസിഡന്റും കമ്മിറ്റിയും തീരെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടേ. കോവിഡിന്റെ ആരംഭം മുതല്‍ ഇതിങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നില്ലേ? കോവിഡ് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതും…! രണ്ടു വര്‍ഷത്തേക്ക് അധികാരത്തില്‍ കയറിയവര്‍ ജനറല്‍ കൗണിസിലിന്റെ അനുമതിയില്ലാതെ മറ്റൊരു വര്‍ഷത്തേക്കു കൂടി അധികാരത്തില്‍ തുടരാമെന്ന മോഹം വെച്ചുപുലര്‍ത്തിയതു തന്നെ തെറ്റാണ്. കാര്യങ്ങള്‍ ജനറല്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അവരുടെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാമായിരുന്നു. പ്രസിഡന്റും സെക്രട്ടറിയുമായിരുന്നില്ലേ അതിന്റെ ഉത്തരവാദികള്‍? അതിനുപകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, വിവാദാസ്‌പദമായ ലേഖനങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഏതെങ്കിലും ഒരു മാധ്യമത്തില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അതിന് നിയമ സാധുതയില്ലെന്ന് അറിയാഞ്ഞിട്ടാണോ അത് ചെയ്തത്? എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വീഴ്ച മുതലെടുത്ത് ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും അധികാരം കൈക്കലാക്കിയത് വിശ്വാസ വഞ്ചനയാണ്. ഭരണഘടനയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ അത് ലംഘിക്കുന്നത് ‘വേലി തന്നെ വിളവു തിന്നുന്ന’ പോലെയായി. തങ്ങളുടെ ഇഷ്ടക്കാരെ ഫൊക്കാനയുടെ തലപ്പത്ത് അവരോധിക്കാന്‍ അനുകൂല സംഘടനകളില്‍ നിന്ന് അംഗത്വം പുതുക്കി വാങ്ങി ‘വണ്‍‌വേ’ സൂം മീറ്റിംഗിലൂടെ നടത്തിയ തിരഞ്ഞെടുപ്പിനും നിയമസാധുതയില്ല. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇരുകൂട്ടരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവര്‍ തന്നെയാണ് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ നിന്ന് മനസ്സിലായിക്കാണുമെന്ന് തോന്നുന്നു. ഫൊക്കാന ഭരണഘടന പ്രകാരം എന്താണ് അടുത്ത നടപടി എന്ന് ‘പരമോന്നത സമിതി’യായ ജനറല്‍ കൗണ്‍സില്‍ തന്നെ തീരുമാനിക്കട്ടെ.

(തുടരും…..)

Print Friendly, PDF & Email

Leave a Comment

More News