ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം.

2016 ജൂണില്‍ ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകന്റെ പത്രപ്രസ്താവന തന്നെ ഉദാഹരമായി എടുക്കാം. അതില്‍ അദ്ദേഹം പറയുന്നു…. “കഴിഞ്ഞ ആറു വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ നേരാംവണ്ണം ഫൊക്കാനയില്‍ അവതരിപ്പിച്ചു പാസാക്കി അംഗസംഘടനകള്‍ക്ക് ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്‍വന്‍ഷന്‍ സമയമാകുമ്പോള്‍ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കൈയ്യില്‍ പണമുള്ള ഏതെങ്കിലും സ്വാര്‍ത്ഥതാല്പര്യക്കാരെ പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരികയും, അവരുടെ ചിലവില്‍ നിര്‍ലോഭം തിന്നുതിമര്‍ത്ത് അവസാനം കണ്‍വന്‍ഷന്‍ വന്‍ നഷ്ടത്തിലായി എന്ന സ്ഥിരം പല്ലവിയുമാണ് ഇക്കുറിയും ആവര്‍ത്തിക്കാന്‍ പോകുന്നത്.” ഇത് 2016ലെ പ്രസ്താവനയാണ്. അതായത് 2010 മുതല്‍ ഫൊക്കാനയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയോ അംഗ സംഘടനകള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇവരെ സം‌രക്ഷിച്ചിരുന്ന കമ്മിറ്റി ഭാരവാഹികള്‍ തന്നെയാണ് ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡിലുള്ളതെന്നുകൂടി കൂട്ടി വായിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാകും. അതേ ട്രസ്റ്റീ ബോര്‍ഡ് തന്നെയാണ് ഭരണഘടനാ ലംഘനം കാണിച്ച് ബാങ്കില്‍ നിന്ന് ഒറ്റയ്ക്ക് പണം പിന്‍‌വലിച്ച ട്രഷററെ സെക്രട്ടറി സ്ഥാനം കൊടുത്ത് അടുത്ത കമ്മിറ്റിയില്‍ അവരോധിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുന്നത് ട്രഷററുടെ പ്രധാന ഉത്തരവാദിത്വമാണ്. കൂടാതെ, സംഘടനയുടെ സാമ്പത്തിക നയങ്ങളും നടപടിക്രമങ്ങളും മറ്റുള്ള ഭാരവാഹികളെയും അംഗങ്ങളേയു അംഗസംഘടനകളേയും വിശ്വസിപ്പിക്കുകയും വേണം. അത് ചെയ്യാത്തവരെ ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും വേണം. ഫൊക്കാനയുടെ ഫണ്ട് പൊതുജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ വരവു ചെലവ് കണക്കുകള്‍ കൃത്യമായും സുതാര്യമായും അതാതു കാലയളവില്‍ ഓഡിറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുതന്നെയാണ് ഭരണഘടനയിലും നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്.

ഒരു പൊതു ലക്ഷ്യത്തിന്റെ പ്രയോജനത്തിനായി കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരാൻ ലാഭരഹിത സംഘടനകള്‍ സഹായിക്കുന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ലാഭരഹിത സംഘടനകള്‍ അവരുടെ കമ്മ്യൂണിറ്റികളുടെ വിശ്വാസവും ആദരവും നേടുന്നു. അതിനർത്ഥം അവർ സംഘടനയുടെ ധനവിനിയോഗം ഉത്തരവാദിത്വത്തോടെ നിര്‍‌വ്വഹിക്കണം. ആരെങ്കിലും തെറ്റ് ചെയ്തതായി സംശയം തോന്നാതിരിക്കാൻ എല്ലാ അക്കൗണ്ടിംഗ് റെക്കോർഡുകളും ബുക്കുകളും ബാങ്ക് വിവരങ്ങളും കാലികമാണെന്ന് ട്രഷററിന് ഉറപ്പുണ്ടായിരിക്കണം. കൂടാതെ, പുതിയ ട്രഷറർക്ക് ചുമതലകൾ കൈമാറാൻ നിലവിലെ ട്രഷറർമാർ കണക്കുകളെല്ലാം കൃത്യമായി തയ്യാറാക്കേണ്ടത് പ്രധാനമാണ്. സ്ഥാനമൊഴിയുന്ന ട്രഷറർ എല്ലാ സാമ്പത്തിക കാര്യങ്ങളും നിലവിലുള്ളതും വ്യക്തമായി തയ്യാറാക്കിയതുമാണെന്ന് ഉറപ്പാക്കി അത് അടുത്ത ട്രഷറർക്ക് കൈമാറണം. അങ്ങനെയൊരു സമ്പ്രദായം ഈ അടുത്ത കാലങ്ങളില്‍ ഫൊക്കാനയ്ക്ക് നഷ്ടമായി എന്നാണ് ഫൊക്കാനയിലെ മുന്‍ ട്രഷറര്‍മാരില്‍ ചിലരും മറ്റു ഭാരവാഹികളും പറയുന്നത്. എന്തുകൊണ്ട് നിങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല എന്നു ചോദിച്ചാല്‍ അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ ‘ഒതുക്കാന്‍’ ഒരു കോക്കസ് തന്നെ ഫൊക്കാനയിലുണ്ടെന്നാണ് മറുപടി.

ഇപ്പോള്‍ സമാന്തര സംഘടനയുണ്ടാക്കിയവരും അവര്‍ക്ക് ഒത്താശ ചെയ്തവരുമാണ് 2006-ല്‍ ഫൊക്കാന പിളര്‍ത്തിയതിന് കാരണക്കാരെന്ന് കോടതി രേഖകളിലും അന്നത്തെ തിരഞ്ഞെടുപ്പ് രേഖകളിലും വ്യക്തമാണ്. തന്നെയുമല്ല, കേസു കൊടുത്ത വാദിയും അതിലെ പ്രതികളും തോളോട് തോള്‍ ചേര്‍ന്ന് ഇപ്പോഴും ഫൊക്കാനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്  വിരോധാഭാസമായി തോന്നുന്നു. ഫൊക്കാനയുടെ പേരില്‍ ഇക്കഴിഞ്ഞ മാസം പുറത്തിറങ്ങിയ പത്രപ്രസ്താവനയില്‍ ഫൊക്കാനയെ പ്രസിഡന്റ് മാധവന്‍ നായര്‍ പ്രൈവറ്റ് കമ്പനിയാക്കിയെന്നും, അതിനു മറുപടിയായി കണ്‍‌വന്‍ഷന്‍ നടത്തുന്ന നഗരത്തില്‍ ഫൊക്കാനയ്ക്ക് രജിസ്ട്രേഷന്‍ ഉണ്ടെങ്കിലേ അനുമതി ലഭിക്കൂ എന്നും കണ്ടു. 1985 മുതല്‍ അത്തരത്തില്‍ എത്ര രജിസ്ട്രേഷനുകള്‍ എവിടെയെല്ലാം ഉണ്ടെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍, അത്തരം രജിസ്‌ട്രേഷനുകള്‍ ഫൊക്കാന ഭാരവാഹികള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന് ചില കോടതി രേഖകളില്‍ കാണിക്കുന്നുണ്ട്. കണ്‍‌വന്‍ഷനു വേണ്ടിയാണെങ്കില്‍ ആ കണ്‍‌വന്‍ഷന്‍ കഴിയുമ്പോള്‍ ആ രജിസ്‌ട്രേഷന്‍ അസാധുവാകേണ്ടതാണ്. എന്നാല്‍, അങ്ങനെയല്ല സംഭവിക്കുന്നതെന്നാണ് ചില കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്.

ഫൊക്കാന 1985 മാര്‍ച്ച് 28-ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ Domestic Not-For-Profit Corporation ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നിരിക്കെ (സര്‍ട്ടിഫിക്കറ്റ് കാണുക), മെരിലാന്റില്‍ മറ്റൊരു പേരില്‍ രണ്ടു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്യുകയും ആ രജിസ്ട്രേഷന്‍ നിലനിര്‍ത്തി കോടതി വ്യവഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ദുരൂഹപരമാണ്. ഫൊക്കാനയുടെ പേരില്‍ ആരെങ്കിലു കോടതികളില്‍ കേസ് ഫയല്‍ ചെയ്താല്‍ അധികാരപരിധി (Jurisdiction)യുടെ പേരു പറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം (Affidavit) സമര്‍പ്പിച്ച് കേസ് തള്ളിക്കളയിക്കുകയാണ് ഫൊക്കാന നേതൃത്വത്തിന്റെ രീതി. ഏറ്റവും പുതിയ ഉദാഹരണമാണ് 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ലീലാ മാരേട്ട് ഫൊക്കാന തിരഞ്ഞെടുപ്പിനെതിരെ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ (റോക്ക്‌ലാന്റ് കൗണ്ടി) ഫയല്‍ ചെയ്ത കേസിനെതിരെ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ആ സത്യവാങ്മൂലം. കാലഹരണപ്പെട്ട മെരിലാന്റ് രജിസ്ട്രേഷന്റെ പേരിലാണ് ഇവിടെ കോടതി കബളിപ്പിക്കപ്പെട്ടത്. 1985-ലെ ന്യൂയോര്‍ക്ക് രജിസ്ട്രേഷന്‍ നിലനില്‍ക്കേ തന്നെ, അങ്ങനെ ഒരു രജിസ്ട്രേഷന്‍ ഇല്ല എന്ന് കോടതിയെ ധരിപ്പിച്ച്, മെരിലാന്റിന്റെ പേരും പറഞ്ഞ് കേസ് തള്ളിക്കളയിപ്പിക്കലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്റെ ഉദ്ദേശ്യം (സത്യവാങ്മൂലത്തിന്റെ ഒരു ഭാഗം കാണുക).

ഇത്തരുണത്തില്‍ ഇതേ അടവ് നയം പ്രയോഗിച്ചാണ് 2006-ലും ഇവര്‍ ഫൊക്കാന പിളര്‍ത്തിയത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. അന്നത്തെ ട്രസ്റ്റീ ബോര്‍ഡിലും കമ്മിറ്റിയിലും ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും ട്രസ്റ്റീ ബോര്‍ഡിലും വിവിധ കമ്മിറ്റികളിലും ഉള്ളതെന്നാണ് അതിലേറെ വിചിത്രം. ഇവര്‍ പറയുന്ന മെരിലാന്റിലെ രജിസ്ട്രേഷന്‍ വെറും ‘FOKANA’യാണ്. അതും Ordinary Business Non Stock Corporation ആയിട്ടാണ് രജിസ്ട്രേഷന്‍.  Formation/Registration തിയ്യതി 09/03/2008. ഏതൊരു സംഘടനയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പേര് പൂര്‍ണ്ണമായി നല്‍കണമെന്നത് നിയമമാണ്. സം‌ക്ഷേപമല്ല നല്‍കേണ്ടത്. അങ്ങനെയാണല്ലോ എല്ലാ സംഘടനകളും രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ആ പദസഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയാണല്ലോ ചുരുക്കപ്പേരില്‍ സംഘടന അറിയപ്പെടുന്നത്. എന്നാല്‍, Federation of Kerala Associations in North America എന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ഒരു സാങ്കല്പിക പേരായ FOKANA എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും, കോടതികളില്‍ ആ പേരിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് തെറ്റാണ്.

അടുത്തത് 2016-2018 കമ്മിറ്റി ഭേദഗതി വരുത്തിയ 1983-ലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ VII (C) പരിശോധിക്കാം. ഫൊക്കാന ഫൗണ്ടേഷന്‍ എന്ന ഈ ഭാഗം കൂട്ടിച്ചേര്‍ത്തത് ചില തല്പര കക്ഷികളെ ഫൊക്കാനയില്‍ എന്നന്നേക്കും നിലനിര്‍ത്താന്‍ ഒരു പുതിയ ‘തസ്തിക’ എഴുതിച്ചേര്‍ത്തതാണെന്ന് സംശയിക്കണം. കാരണം 2011-ല്‍ ‘ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (സര്‍ട്ടിഫിക്കറ്റ് കാണുക). ഫൊക്കാനയില്‍ ഇപ്പോള്‍ ഉള്ളവരോടും മുന്‍ ഭാരവാഹികളായിരുന്ന പലരോടും അന്വേഷിച്ചതില്‍ നിന്ന് അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരു രജിസ്ട്രേഷന്‍ ഉള്ളതായി അറിവില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. 2016-18 കാലയളവില്‍ പുതിയതായി ഒരു പ്രൊജക്റ്റ് നാമം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതും 2011-ലെ രജിസ്ട്രേഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല….

(തുടരും….)

Print Friendly, PDF & Email

Leave a Comment

More News