കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ‘മോദിയുടെ ഉറപ്പ്’

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ, അഴിമതിയിൽ അകപ്പെട്ട സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

സഹകരണ ബാങ്ക് കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, സിപിഐഎം ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നടത്താൻ ഇടതു സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ സിപിഐ(എം) നേതാക്കള്‍ കൊള്ളയടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം നിക്ഷേപകർക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പെൺകുട്ടികളുടെ വിവാഹമാണ് മുടങ്ങിയത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടിഎൻ സരസുവുമായി നടത്തിയ സംഭാഷണവും മോദി അനുസ്മരിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി മുഖ്യമന്ത്രി ജനങ്ങളോട് കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഒടുവിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കേണ്ടി വന്നു. 90 കോടി രൂപ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ പണം തിരികെ നൽകുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തിൽ നിന്ന് ഇഡി പണം കണ്ടെടുത്തത് പോലെ കേന്ദ്ര ഏജൻസി 17,000 കോടി രൂപ പിരിച്ചെടുത്ത് വഞ്ചിക്കപ്പെട്ടവർക്ക് നൽകിയെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്ന് മോദി വാഗ്ദാനം ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News