രാജ്യത്തിന് അഭിമാനമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ആറ് വയസ്സുകാരി തക്ഷവി വഗാനി

അഹമ്മദാബാദ്: അഹമ്മദാബാദിൽ താമസിക്കുന്ന തക്ഷവി വഘാനി എന്ന 6 വയസ്സുകാരി സ്കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടി. കുട്ടികൾക്ക് കളിക്കാനും ചാടാനുമുള്ള പ്രായമാണെങ്കിലും തക്ഷവി തൻ്റെ നേട്ടം കൊണ്ട് കുടുംബത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമായി. ഏറ്റവും താഴ്ന്ന ലിംബോ സ്കേറ്റിംഗിൽ 25 മീറ്ററിലധികം ലോക റെക്കോർഡ് സൃഷ്ടിച്ചാണ് ഈ ആറു വയസ്സുകാരി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

തക്ഷവിയുടെ വീഡിയോ പങ്കുവെച്ചാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട വീഡിയോയില്‍ ’25 മീറ്ററിൽ കൂടുതൽ താഴ്ന്ന ലിംബോ സ്കേറ്റിംഗ്’ എന്ന് അവര്‍ എഴുതി. കഴിഞ്ഞ വർഷം മാർച്ച് 10 നായിരുന്നു ഈ റെക്കോർഡ് നേട്ടം.

തക്ഷവിക്കു മുമ്പ്, 25 മീറ്ററിൽ കൂടുതൽ താഴ്ന്ന ലിംബോ സ്കേറ്റിംഗ് കിരീടം പൂനെ സ്വദേശി മനസ്വി വിശാലിൻ്റെ പേരിലായിരുന്നു. മൂന്നര വയസ്സുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച മനസ്‌വി തൻ്റെ മികച്ച കഴിവുകളും കളിയോടുള്ള അഭിനിവേശവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള ഈ കുട്ടിയുടെ യാത്ര ആരംഭിച്ചത് ലിംബോ സ്കേറ്റിംഗിൽ അഭിനിവേശത്തോടെയാണ്. ഗ്രൗണ്ടിൽ നിന്ന് 16.5 സെൻ്റീമീറ്റർ മാത്രം ഉയരം നിലനിർത്തിക്കൊണ്ടാണ് മനസ്വി 25 മീറ്റർ ദൂരത്തേക്ക് അനായാസം തെന്നിമാറിയത്.

തക്ഷ്‌വിയുടെയും മനസ്‌വിയുടെയും നേട്ടങ്ങൾക്കൊപ്പം 18 വയസ്സുള്ള ഇന്ത്യൻ സ്‌കേറ്റർ സൃഷ്ടി ധർമേന്ദ്ര ശർമയും ലിംബോ സ്കേറ്റിംഗിൻ്റെ ലോകത്ത് വിസ്മയം തീർത്തിട്ടുണ്ട്. 2023 ജൂലൈയിൽ 50 മീറ്ററിൽ കൂടുതൽ സ്കേറ്റ് ചെയ്യാൻ ഏറ്റവും കുറഞ്ഞ സമയമെടുത്ത് 6.94 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി സൃഷ്ടി ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. 2021ൽ സ്വന്തം റെക്കോർഡ് ഭേദിച്ചാണ് സൃഷ്ടി ഈ നേട്ടം കൈവരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News