മുൻ മന്ത്രി ആൻ്റണി രാജുവിനെതിരായ തെളിവ് നശിപ്പിക്കൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരായ തെളിവ് നശിപ്പിക്കൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആൻ്റണി രാജുവിനെതിരെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട വസ്തുതകൾ നിർണ്ണയിക്കുന്നത് ആൻ്റണി രാജുവല്ലെന്നും സർക്കാരിൻ്റെ നിലപാട് മാറ്റമാണോ പ്രശ്‌നമെന്ന് സുപ്രീം കോടതി ചോദിച്ചു. ആൻ്റണി രാജുവിനെ സർക്കാർ നേരത്തെ പിന്തുണച്ചതിനെ പരാമർശിക്കുകയായിരുന്നു കോടതി. വിശദമായ വാദത്തിന് എല്ലാ കക്ഷികളും സമ്മതിച്ചതിനെ തുടർന്ന് കേസ് മെയ് ഏഴിലേക്ക് മാറ്റി.

അന്നത്തെ ജൂനിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജുവിനെതിരെ 1990ലെ മയക്കുമരുന്ന് കേസിൽ തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. കേസ് ഗൗരവമുള്ളതാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

നിലവിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമാണ് ആൻ്റണി രാജു. 2023 ഡിസംബർ വരെ ഇടത് സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു.

Print Friendly, PDF & Email

Leave a Comment