കണ്ണൂരില്‍ 92കാരിയുടെ വീട്ടിൽ വോട്ട് ചെയ്യുന്നതിനിടെ ബാഹ്യ ഇടപെടൽ; നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ 92 വയസ്സുള്ള വയോധികയുടെ വസതിയിൽ വോട്ട് ചെയ്യുന്നതിനിടെ ബാഹ്യ ഇടപെടൽ തടയുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് കല്ല്യാശ്ശേരി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയനാണ് പോളിംഗ് ടീം അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.

സ്‌പെഷ്യൽ പോളിങ് ഓഫീസർ പൗർണ്ണമി വിവി, പോളിങ് അസിസ്റ്റന്‍റ് പ്രജിൻ ടികെ, മൈക്രോ ഒബ്‌സർവർ ഷീല എ, സിവിൽ പൊലീസ് ഓഫീസർ ലെജീഷ് പി, വീഡിയോഗ്രാഫർ റിജു അമൽജിത്ത് പിപി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

വോട്ടെടുപ്പിൽ ഇടപെട്ട വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണപുരം പോലീസ് സ്‌റ്റേഷനിൽ ഔദ്യോഗിക റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

കല്ല്യാശ്ശേരി പഞ്ചായത്തിലെ 164-ാം നമ്പർ ബൂത്തിലാണ് 92 കാരിയായ എടക്കാടൻ ദേവിയുടെ വസതിയിൽ വോട്ടെടുപ്പിനിടെ വോട്ടിൻ്റെ രഹസ്യസ്വഭാവം ചോർന്നതെന്ന് അവകാശപ്പെടുന്ന സംഭവം നടന്നത്. നിയോജക മണ്ഡലം ഓഫീസർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോളിങ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

ഗണേശൻ എന്ന വ്യക്തിയുടെ ഇടപെടൽ ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിൻ്റെ ലംഘനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 (സി) വകുപ്പിൻ്റെ ലംഘനം ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ വകുപ്പുതല നടപടിയും പോലീസ് അന്വേഷണവും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

സിഇഒ മുന്നറിയിപ്പ് നൽകി
മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ‘വീട്ടിലിരുന്ന് വോട്ടുചെയ്യാൻ’ സൗകര്യമൊരുക്കുന്നതിലെ വീഴ്ച വെച്ചു പൊറുപ്പിക്കില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ (കേരളം) സഞ്ജയ് കൗൾ വെള്ളിയാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു.

കണ്ണൂർ ജില്ലയിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ വോട്ടിങ് പ്രക്രിയയുടെ രഹസ്യസ്വഭാവം ചോർന്നെന്ന പരാതിയെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൗളിൻ്റെ ഓർമ്മപ്പെടുത്തൽ.

വ്യാഴാഴ്ച രാത്രി സംഭവത്തെ കുറിച്ച് തൻ്റെ ഓഫീസിനെ അറിയിച്ചതായും തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും കൗൾ പറഞ്ഞു.

അഞ്ചാം പീടിക കപ്പോടുകാവ്  മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്‌തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.  ഇത് ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിൻ്റെ ലംഘനമാണ്. അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറുടെ പരാതിയെ തുടർന്ന് കണ്ണപുരം പോലീസ് ഐപിസി സെക്ഷൻ 171(സി), 171(എഫ്), ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 128 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

85 വയസ്സിന് മുകളിലുള്ള വോട്ടർമാരും 40% ബെഞ്ച്മാർക്ക് വൈകല്യമുള്ള വികലാംഗരും (PwD) ഓപ്ഷണൽ ഹോം വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News