ജമ്മു കശ്മീരില്‍ അഴിമതികൾ അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് പിഡിപി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിരവധി അഴിമതികൾ അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച (ഏപ്രിൽ 27) ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് വിവരം നൽകിയതിനെ തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

റിപ്പോർട്ട് പ്രകാരം മരിച്ച സിബിഐ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രശാന്ത് ശർമ്മയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്‌ച-ശനിയാഴ്‌ച രാത്രിയിൽ ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ജമ്മു നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിന് പുറത്തുള്ള ബനിഹാൾ കാർട്ട് റോഡിൽ വെച്ച് അദ്ദേഹത്തിൻ്റെ മോട്ടോർ സൈക്കിൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെട്ടതായി പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ജമ്മു നഗരത്തിൽ മഴ പെയ്തിരുന്നു, അതിനാൽ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ജമ്മുവിലെ പലോറ പ്രദേശത്തെ മാൻഡ്‌ലിക് നഗർ നിവാസിയായ ശർമ്മയുടെ വീട്ടിലേക്കുള്ള വഴിയിലെ സ്പീഡ് ബ്രേക്കറിൽ തട്ടി മോട്ടോര്‍ സൈക്കിളിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശർമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൃത്തങ്ങൾ അനുസരിച്ച്, ഒരു വഴിയാത്രക്കാരൻ പരിക്കേറ്റ ഉദ്യോഗസ്ഥനെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് (ജിഎംസി) കൊണ്ടുപോയി.

അപകടസമയത്ത് ഉദ്യോഗസ്ഥൻ ഹെൽമെറ്റ് ഇല്ലാതെയാണ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഈ റിപ്പോർട്ട് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല.

ഇതിനിടെ അപകടവിവരം ശർമയുടെ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് അവർ ആശുപത്രിയിലെത്തുകയും ചെയ്തു. പ്രത്യേക ചികിത്സയ്ക്കായി പഞ്ചാബിലെ ആശുപത്രിയിലേക്ക് കുടുംബം കൊണ്ടുപോകുന്നതിനിടെയാണ് ശർമ്മ മരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശർമ്മയുടെ പോസ്റ്റ്‌മോർട്ടം ജിഎംസി ജമ്മുവിൽ നടത്തി, ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

ഏപ്രിൽ 26ന് രാത്രി 11.57 ഓടെ സിബിഐയിൽ (ജമ്മു) നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി എസ്പി പ്രശാന്ത് ശർമയെ ജമ്മുവിലെ ജിഎംസിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനുശേഷം, തുടർചികിത്സയ്ക്കായി ഡിഎംസി ലുധിയാനയിലേക്ക് (പഞ്ചാബ്) റഫർ ചെയ്തു, അവിടെ വച്ച് അദ്ദേഹം മരിച്ചു. അതിനുശേഷം മൃതദേഹം മെഡിക്കൽ/നിയമപരമായ നടപടിക്രമങ്ങൾക്കായി ജിഎംസി ജമ്മുവിലേക്ക് അയച്ചു.

2019 ൽ ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തുവന്ന ജമ്മു കശ്മീരിലെ നിരവധി അഴിമതികളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയത് ശർമ്മയാണ്.

ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷനിലെ സബ് ഇൻസ്‌പെക്ടർമാരുടെയും (എസ്ഐ), ജൂനിയർ എൻജിനീയർമാരുടെയും (ജെഇ) നിയമനത്തിലെ ക്രമക്കേടുകളുടെ കേസും ഇതിൽ ഉൾപ്പെടുന്നു. അതിൻ്റെ സെലക്ഷൻ ലിസ്റ്റ് പിന്നീട് റദ്ദാക്കി.

സംഭവത്തിൽ അന്വേഷണം വേണമെന്ന് മുതിർന്ന പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മന്ത്രിയുമായ നയീം അക്തർ ആവശ്യപ്പെട്ടു.

അന്തരിച്ച ഡെപ്യൂട്ടി എസ്പി (ഡെപ്യൂട്ടി സൂപ്രണ്ട്) വളരെ പ്രധാനപ്പെട്ട കേസുകൾ അന്വേഷിക്കുന്ന വസ്തുത കണക്കിലെടുത്ത്, നിഷ്പക്ഷവും സമയബന്ധിതവും വിശ്വസനീയവുമായ അന്വേഷണമാണ് പിഡിപി ആവശ്യപ്പെടുന്നതെന്ന് നയീം അക്തർ പറഞ്ഞു. മരിച്ച ഉദ്യോഗസ്ഥൻ്റെ കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ പോലീസിലെ സബ് ഇൻസ്‌പെക്ടർമാരുടെ റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച കുംഭകോണം ഉൾപ്പെടെയുള്ള സുപ്രധാന കേസുകൾ ശർമ്മ അന്വേഷിക്കുന്നുണ്ടെന്ന് ജമ്മു ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ തരുൺ ഉപാധ്യായ എക്‌സിൽ കുറിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ നവീൻ ചൗധരിക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസും അദ്ദേഹം അന്വേഷിച്ചിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കിരു ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് 4,287 കോടി രൂപയുടെ കരാർ നൽകിയതിൽ ക്രമക്കേട് ആരോപിച്ച് നവീൻ ചൗധരിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഈ കേസിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെയും ഏജൻസി ചോദ്യം ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ ഝലം ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും ഝലം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡും ബാങ്ക് ഓഫ് ഇന്ത്യയുടെ ജമ്മുവിലെ സത്വാരി ശാഖയിൽ നിന്ന് എടുത്ത 73 കോടി രൂപയുടെ വായ്പ ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷിച്ച സി.ബി.ഐ സംഘത്തിൽ ശർമയും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് നടത്തിയ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ അഴിമതികളുടെ അന്വേഷണവും കേന്ദ്ര ഭരണ പ്രദേശം സിബിഐക്ക് കൈമാറിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News