സൈനിക രഹസ്യങ്ങൾ ചോർത്തിയതിന് ഓസ്‌ട്രേലിയയിലെ ‘അഫ്ഗാൻ ഫയൽസ്’ വിസിൽ ബ്ലോവർക്ക് അഞ്ച് വർഷം തടവ്

അഫ്ഗാനിസ്ഥാൻ യുദ്ധത്തെക്കുറിച്ചുള്ള രഹസ്യ പ്രതിരോധ ഫയലുകൾ മോഷ്ടിച്ച് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് ഒരു മുൻ സൈനിക അഭിഭാഷകനെ ഓസ്‌ട്രേലിയൻ ജഡ്ജി ചൊവ്വാഴ്ച അഞ്ച് വർഷത്തിലധികം തടവിന് ശിക്ഷിച്ചു.

സൈനിക വിവരങ്ങൾ മോഷ്ടിക്കുകയും പങ്കുവെക്കുകയും ചെയ്തതിന് നവംബറിൽ കുറ്റം സമ്മതിച്ച ഡേവിഡ് മക്ബ്രൈഡിന് അഞ്ച് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാൻബറയിലെ ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ സുപ്രീം കോടതിയിൽ ജസ്റ്റിസ് ഡേവിഡ് മോസോപ്പിൻ്റെ വിധി ന്യായത്തിന് ശേഷം, പരോളിന് യോഗ്യത നേടുന്നതിന് മുമ്പ് മക്‌ബ്രൈഡ് കുറഞ്ഞത് രണ്ട് വർഷവും മൂന്ന് മാസവും ജയില്‍ ശിക്ഷയനുഭവിക്കണം.

അഫ്ഗാനിസ്ഥാനിൽ നിരായുധരായ പുരുഷന്മാരെയും കുട്ടികളെയും നിയമവിരുദ്ധമായി കൊലപ്പെടുത്തിയതിൽ ഓസ്‌ട്രേലിയൻ സൈനികർക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന 2017 പരമ്പരയായ “അഫ്ഗാൻ ഫയൽസ്” എന്ന പരമ്പരയ്‌ക്കായി ചോർന്ന രേഖകള്‍ ഉപയോഗിച്ചതായി പബ്ലിക് ബ്രോഡ്‌കാസ്റ്റർ എബിസി റിപ്പോര്‍ട്ട് ചെയ്തു.

മക്ബ്രൈഡിൻ്റെ അഭിഭാഷകൻ മാർക്ക് ഡേവിസ്, വിധിക്കെതിരെ അപ്പീൽ സമര്‍പ്പിക്കുമെന്ന് പറഞ്ഞു.

സൈനിക വിവരങ്ങൾ മോഷ്ടിച്ചതിനും, എബിസിയിലെ മാധ്യമ പ്രവർത്തകർക്ക് അവ ചോർത്തി നൽകിയതിനും മക്ബ്രൈഡ് കഴിഞ്ഞ വർഷം നവംബറിൽ കുറ്റം സമ്മതിച്ചിരുന്നു.

2001 സെപ്തംബർ 11ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം, താലിബാൻ, അൽ-ഖ്വയ്ദ, മറ്റ് സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയ്‌ക്കെതിരെ യുഎസിനും സഖ്യസേനയ്ക്കും ഒപ്പം പോരാടുന്നതിന് 26,000-ത്തിലധികം ഓസ്‌ട്രേലിയൻ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു.

2013-ൽ ഓസ്‌ട്രേലിയൻ സൈനികർ രാജ്യം വിട്ടു. എന്നാൽ, അതിനുശേഷം, ഓസ്‌ട്രേലിയയിലെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് പലപ്പോഴും വിവാദങ്ങളുടെ പരമ്പര തന്നെ ഉയർന്നുവന്നിട്ടുണ്ട്.

വീട് റെയ്ഡിനിടെ ആറു വയസ്സുള്ള കുട്ടിയെ സൈന്യം കൊലപ്പെടുത്തിയതിൻ്റെ റിപ്പോർട്ടുകൾ മുതൽ മരിച്ച ശത്രുവിൻ്റെ കൈകള്‍ വെട്ടിമാറ്റിയത്, ഹെലികോപ്റ്ററിൽ സ്ഥലം ലാഭിക്കാൻ തടവുകാരനെ വെടിവച്ച് കൊന്നത് വരെ അവയിൽ ഉൾപ്പെട്ടിരുന്നു.

എബിസിയുടെ “അഫ്ഗാൻ ഫയൽസ്” വെളിപ്പെടുത്തലുകൾക്കായി രഹസ്യവിവരങ്ങൾ നേടിയതിന് അതിൻ്റെ റിപ്പോർട്ടർ ഡാനിയേൽ ഓക്‌സിനേയും ഡയറക്ടര്‍ സാം ക്ലാർക്കിനെയും കുറിച്ച് അന്വേഷിക്കാൻ പോലീസിനെ പ്രേരിപ്പിച്ചു. അതിനായി ബ്രോഡ്‌കാസ്റ്ററുടെ സിഡ്‌നി ആസ്ഥാനത്ത് റെയ്ഡ് പോലും നടത്തി.

2020 നവംബറിൽ, ഓസ്‌ട്രേലിയയിലെ ഉന്നത സ്‌പെഷ്യൽ ഫോഴ്‌സ് അഫ്ഗാനിസ്ഥാനിലെ 39 സിവിലിയൻമാരെയും തടവുകാരെയും “നിയമവിരുദ്ധമായി കൊന്നു” എന്ന് വർഷങ്ങളോളം നീണ്ട അന്വേഷണം കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സൈന്യം ഒരു കൂട്ടം പരിഷ്‌കാരങ്ങൾ നടത്താനും ശുപാർശ ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News