സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; അഞ്ചു വയസ്സുകാരി പെൺകുട്ടി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ് മലപ്പുറം മൂന്നുയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ അഞ്ചുവയസ്സുകാരി. കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മെയ് 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമാനമായ രോഗലക്ഷണങ്ങളോടെ മറ്റ് നാല് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചും, ആറും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെൻ്റിലേറ്ററിൽ കഴിയുന്ന അഞ്ചു വയസ്സുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികൾ.

ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

2023 ജൂലൈയില്‍ ആലപ്പുഴ സ്വദേശീയായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഇതേ അസുഖം ബാധിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പതിനഞ്ചുകാരനായ ആ കുട്ടി മരിക്കുകയും ചെയ്തു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് അമീബ തലച്ചോറില്‍ പ്രവേശിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News