ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ നാല് ഘട്ടങ്ങളിൽ ഏകദേശം 67 ശതമാനം പോളിംഗ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാല് ഘട്ടങ്ങളിലെ മൊത്തം പോളിങ് ഏകദേശം 66.95 ശതമാനം രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചു. ഇതുവരെ 97 കോടി വോട്ടർമാരിൽ 45.10 കോടി പേർ വോട്ട് ചെയ്തതായും ഇ സി പ്രസ്താവനയില്‍ പറഞ്ഞു. വരും ഘട്ടങ്ങളിൽ വൻതോതിൽ വോട്ട് ചെയ്യാൻ വോട്ടർമാരോട് തിരഞ്ഞെടുപ്പ് പാനൽ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

പോൾ അതോറിറ്റിയുടെ കണക്കനുസരിച്ച്, മെയ് 13 ന് നടന്ന നാലാം ഘട്ട പോളിംഗിൽ പുതുക്കിയ വോട്ടിംഗ് ശതമാനം 69.16 ശതമാനമാണ്, 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ അതേ ഘട്ടത്തേക്കാൾ 3.65 ശതമാനം കൂടുതലാണിത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ പുതുക്കിയ വോട്ടർമാരുടെ കണക്ക് 65.68 ശതമാനമാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ 68.4 ശതമാനമായിരുന്നു പോളിംഗ്.

ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 66.71 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2019ലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 69.64 ശതമാനമായിരുന്നു പോളിംഗ്.

നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 66.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 69.43 ശതമാനമായിരുന്നു പോളിംഗ്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിൽ വോട്ടർമാരെ അറിയിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും, നടപടികൾ ശക്തമാക്കാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇസി പറഞ്ഞു.

“പങ്കാളിത്തവും സഹകരണവും വോട്ടർ ബോധവൽക്കരണ പരിപാടിയുടെ അനിവാര്യ തൂണുകളാണെന്ന് കമ്മീഷൻ ശക്തമായി വിശ്വസിക്കുന്നു. കമ്മിഷൻ്റെ അഭ്യർത്ഥന മാനിച്ച്, വ്യത്യസ്ത സ്ഥാപനങ്ങളും, സ്വാധീനമുള്ള സെലിബ്രിറ്റികളും പ്രോ-ബോണോ അടിസ്ഥാനത്തിൽ ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 379 സീറ്റുകളിലേക്കാണ് ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് നടന്നത്.

ഉയർന്ന വോട്ടിംഗ് ശതമാനം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശക്തിയെക്കുറിച്ചുള്ള ഇന്ത്യൻ വോട്ടർമാർ ലോകത്തിന് നൽകുന്ന സന്ദേശമാകുമെന്ന് കുമാര്‍ പറഞ്ഞു. ജനാധിപത്യത്തിൻ്റെ പ്രക്രിയയില്‍ പങ്കെടുക്കാൻ വോട്ടിംഗ് ദിവസം അവധിയല്ല മറിച്ച് അഭിമാനത്തിൻ്റെ ദിനമാണെന്നും വോട്ടർമാരോട് വൻതോതിൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി വിവിധ സ്വകാര്യ, പൊതു സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പാനൽ പട്ടികപ്പെടുത്തി.

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ടെലികോം പ്ലാറ്റ്‌ഫോമുകളും വിവിധ വോട്ടിംഗ് ദിവസങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ വരാൻ രജിസ്റ്റർ ചെയ്ത വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ പൊതു ഇൻ്റർഫേസ് ഉപയോഗിക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News