ബംഗ്ലാദേശ് മുൻ സൈനിക മേധാവി ജനറൽ അസീസിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടണ്‍: ബംഗ്ലാദേശ് മുൻ കരസേനാ മേധാവി ജനറൽ അസീസ് അഹമ്മദിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനം. മുൻ സൈനിക മേധാവിയുടെ തെറ്റായ പ്രവൃത്തികൾ കാരണം, ബംഗ്ലാദേശിലെ ജനങ്ങൾക്ക് രാജ്യത്തെ ജനാധിപത്യ, പൊതു സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

ഈ അഴിമതി മൂലം ബംഗ്ലാദേശിലെ ജനങ്ങൾക്ക് തങ്ങളുടെ രാജ്യത്തെ സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മില്ലർ പറഞ്ഞു. ബംഗ്ലാദേശിലെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഒഴിവാക്കാൻ മുൻ സൈനിക മേധാവി തൻ്റെ സഹോദരനെ സഹായിച്ചുവെന്ന് മില്ലർ പറഞ്ഞു.

പൊതുപ്രവർത്തനങ്ങളിൽ ഇടപെടുകയും വൻ അഴിമതി നടത്തുകയും ചെയ്ത അസീസ് സഹോദരനോടൊപ്പം നിയമവിരുദ്ധമായി സൈനിക കരാറുകൾ നൽകുന്നതിനായി പ്രവർത്തിച്ചു എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. അതോടൊപ്പം, ബംഗ്ലദേശിലെ ജനാധിപത്യ സ്ഥാപനങ്ങളും നിയമവാഴ്ചയും ശക്തിപ്പെടുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് മില്ലർ വ്യക്തമാക്കി. നിരോധനം ഈ പ്രതിബദ്ധതയെ സ്ഥിരീകരിക്കുന്നു.

ബംഗ്ലാദേശിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും താങ്ങാനാവുന്നതുമാക്കാനുള്ള ശ്രമങ്ങൾക്ക് യുഎസിൻ്റെ പിന്തുണയുണ്ടെന്നും, ബംഗ്ലാദേശിലെ അഴിമതി ഇല്ലാതാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News