ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ പ്രൗഢ ഗംഭീര തുടക്കം; സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ ഇന്ന്

ന്യൂയോർക്ക്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും ആവേശത്തിന് അർദ്ധവിരാമം ഇട്ടുകൊണ്ട് 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. രണ്ടു നാൾ നീണ്ട് നിൽക്കുന്ന കൈപ്പന്തു മാമാങ്കത്തിൻറെ ഔപചാരിക ഉൽഘാടനം മുൻ വോളീബോൾ നാഷണൽ താരവും പാലാ എം.എൽ.എ.യുമായ മാണി സി. കാപ്പൻ എല്ലാ സ്പോർട്സ് പ്രേമികളെയും മല്സരാർത്ഥികളെയും സാക്ഷി നിർത്തിക്കൊണ്ട് മെയ് 25 ശനിയാഴ്ച രാവിലെ നിർവ്വഹിച്ചു. തന്റെ സുഹൃത്തും എഴുപത്-എൺപത് കാലഘട്ടത്തിൽ തന്നോടൊപ്പം കളിച്ചിട്ടുള്ളതുമായ അകാലത്തിൽ കൊഴിഞ്ഞുപോയ ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അമേരിക്കയിൽ ഇത്തരം ഒരു വോളീബോൾ ടൂർണമെൻറ് വർഷങ്ങളായി നടത്തുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഉൽഘാടനപ്രസംഗത്തിൽ എം.എൽ.എ അനുസ്മരിച്ചു.

“ഇറ്റലിയിൽ വച്ച് കാറപകടത്തിൽ 32-മത്തെ വയസ്സിൽ മരണപ്പെട്ട ജിമ്മയുടെ സ്മരണാർധം ഇറ്റലിയിലും ഇതേ രീതിയിലുള്ള ടൂർണമെൻറ് നടത്തിവരുന്നുണ്ട്. എല്ലാ വോളീബോൾ കളിക്കാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ടും ജിമ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ടും 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു” മാണി സി. കാപ്പൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത പാലായിലെ മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന കുര്യാക്കോസ് പാലക്കലും എല്ലാ കളിക്കാർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് യോഗത്തിൽ സംസാരിച്ചു.

ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട മാർച്ച്ഫാസ്റ്റ് അതിമനോഹരമായിരുന്നു. ടൂർണമെന്റിന്റെ എല്ലാ അന്തസത്തയും കാത്തുസൂക്ഷിച്ചുകൊണ്ട് കളികളിൽ പങ്കെടുത്തുകൊള്ളാം എന്ന സത്യവാചകങ്ങൾ ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ടീം ക്യാപ്റ്റൻ റയാൻ ഉമ്മൻ ചൊല്ലിക്കൊടുത്തത് എല്ലാ ടീമിന്റേയും ക്യാപ്റ്റന്മാർ ഏറ്റ് ചൊല്ലി. പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. കളികൾ കാണുവാൻ എത്തിച്ചേർന്ന നൂറുകണക്കിന് സ്പോർട്സ് പ്രേമികൾ ആവേശത്തിൻറെ കൊടുമുടിയിൽ ആർത്തുല്ലസിച്ച് കളിക്കാർക്ക് വേണ്ടതായ പ്രോത്സാഹനം ഓരോ കളിയിലും നൽകി. അതി മനോഹരമായ വോളീബോൾ കളികളാണ് കാണികളെല്ലാം കൺകുളിർക്കെ കണ്ടാസ്വദിച്ചത്.

ശനിയാഴ്ചത്തെ ആവേശകരമായ മത്സരങ്ങളിൽ പതിനഞ്ച് ടീമുകൾ മുപ്പതിലധികം കളികളാണ് കാഴ്ച വച്ചത്. അതിൽ വിജയികളായവർ ഞായറാഴ്ച പത്തുമണിമുതൽ ക്വാർട്ടർ ഫൈനൽ. സെമി ഫൈനൽ, ഫൈനൽ എന്നീ ഇനങ്ങളിലായി വീണ്ടും മാറ്റുരക്കുന്നതാണ്. പതിനെട്ടു വയസ്സിൽ താഴെയുള്ള കളിക്കാരുടെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സമ്മാനദാനം നിർവ്വഹിക്കുന്നതാണ്. ആവേശകരമായ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ നൂറുകണക്കിന് സ്പോർട്സ് പ്രേമികളാണ് തയ്യാറെടുത്തിരിക്കുന്നത്. ആവേശത്തിന്റെ ഒരുനാൾ കൂടി ഇനി ബാക്കി.

 

Print Friendly, PDF & Email

Leave a Comment

More News