സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ബൈഡൻ പങ്കെടുക്കണമെന്ന് സെലെൻസ്‌കി

വാഷിംഗ്ടണ്‍: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മറ്റ് ലോക നേതാക്കൾക്കും സന്ദേശം അയക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അടുത്ത മാസം സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ആവർത്തിച്ച് ആവശ്യപ്പെട്ടു.

ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂവിനൊപ്പം ബ്രസൽസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സെലെൻസ്‌കി ഈ ആവശ്യം ഉന്നയിച്ചത്. ജൂൺ 15, 16 തീയതികളിൽ ലൂസേൺ തടാകത്തിന് സമീപമുള്ള ബ്യൂർഗൻസ്റ്റോക്ക് റിസോർട്ടിലാണ് സമാധാന ഉച്ചകോടി നടക്കുന്നത്.

90 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്രയധികം രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ പുടിൻ അതിനെ ഭയപ്പെടുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ബൈഡനോട് അഭ്യർത്ഥിച്ചുകൊണ്ട് ഞായറാഴ്ചയാണ് സെലെൻസ്‌കി വീഡിയോ സന്ദേശം അയച്ചത്. കഴിഞ്ഞയാഴ്ച റഷ്യൻ മിസൈലുകളാൽ നശിപ്പിക്കപ്പെട്ട ഖാർകിവിലെ കത്തിനശിച്ച പ്രിൻ്റിംഗ് ഹൗസിലാണ് ഉക്രേനിയൻ പ്രസിഡൻ്റ് വീഡിയോ റെക്കോർഡ് ചെയ്തത്.

30 എഫ്-16 യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്ന കരാറിൽ ബെൽജിയത്തിൽ നിന്ന് 1 ബില്യൺ ഡോളറിലധികം പുതിയ സൈനിക സഹായം അഭ്യര്‍ത്ഥിക്കാന്‍ സ്പെയിനിലേക്കുള്ള യാത്രാമധ്യേയാണ് ചൊവ്വാഴ്ച ബ്രസ്സൽസില്‍ സ്റ്റോപ്പ് ഓവര്‍ നടത്തിയത്. ത്രിരാഷ്ട്ര യാത്രയിൽ അദ്ദേഹം പോർച്ചുഗലും സന്ദർശിച്ചിരുന്നു.

ഇൻ്റലിജൻസ്, സൈബർ സുരക്ഷ, തെറ്റായ വിവരങ്ങൾ തടയൽ, പ്രതിരോധ വ്യവസായം എന്നിവയിൽ ബെൽജിയവുമായി സഹകരിക്കുന്നത് 10 വര്‍ഷത്തെ കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉക്രേനിയൻ നേതാവ് പറഞ്ഞു.

ഉക്രെയ്‌നിന് ശതകോടികളുടെ സൈനിക സഹായം നൽകാനുള്ള ഹംഗറിയുടെ എതിർപ്പുകൾ മറികടക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിരോധ മന്ത്രിമാരും ബ്രസൽസിൽ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. പുടിൻ സഖ്യകക്ഷിയായ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഏകദേശം 7 ബില്യൺ ഡോളറിൻ്റെ സഹായം തടയുന്നതായാണ് റിപ്പോർട്ട്.

അതിർത്തിക്ക് പുറത്തുള്ള ലക്ഷ്യങ്ങളിൽ പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് ഉക്രെയ്നിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് തിങ്കളാഴ്ച നിർദ്ദേശിച്ച നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിൽ നിന്ന് പ്രതിരോധ മന്ത്രിമാർ ചൊവ്വാഴ്ച അഭിപ്രായം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ചത്തെ മീറ്റിംഗിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്റ്റോൾട്ടൻബെർഗ്, ഉക്രെയ്നിൻ്റെ അതിർത്തിക്ക് പുറത്ത് നിയമാനുസൃതമായ ലക്ഷ്യങ്ങളുണ്ടെന്ന് ഒരിക്കൽ കൂടി വാദിച്ചു. അത് സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായാണ്. നേറ്റോ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആ ലക്ഷ്യങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് സഖ്യത്തെ സംഘർഷത്തിൻ്റെ ഭാഗമാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

“സംഘർഷത്തിൻ്റെ ഭാഗമാകാതെ ഉക്രെയ്നെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കാരണം, സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ഉക്രെയ്നെ സഹായിക്കുന്നു,” സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ ഉക്രെയ്നെ അനുവദിച്ചാൽ, റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനും തുടർന്നുള്ള ആഗോള യുദ്ധത്തിനും സാധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് റഷ്യ ഉക്രെയ്നില്‍ ആക്രമണം അഴിച്ചുവിട്ടത്.

Print Friendly, PDF & Email

Leave a Comment

More News