യൂ എ ബീരാൻ – രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ: യു.എ നസീർ, ന്യൂയോര്‍ക്ക്

എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായ യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപതിമൂന്ന് (മെയ് 31) വർഷം പിന്നിടുകയാണ്. മന്ത്രി, മുസ്‌ലിംലീഗ് നേതാവ്, എഴുത്തുകാരൻ തുടങ്ങി ധാരാളം വിശേഷണങ്ങൾക്കുടമയായിരുന്നു പ്രിയപ്പെട്ട പിതാവ്. എന്നും സ്മരണയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പ്രത്യേകമായി ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു അവസരമായി ഈ ദിവസത്തെ ഞങ്ങൾ കാണുകയാണ്. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗൽഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് പിതാവ് വിട്ടുപിരിഞ്ഞത്. ആ ശൂന്യതക്ക് ഇരുപതിമൂന്ന് വർഷം പിന്നിട്ടു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കിന്നും സാധിച്ചിട്ടില്ല. കുടുംബത്തിലും രാഷ്ട്രീയത്തിലും എന്തെല്ലാം വിശേഷങ്ങളാണ് ഇതിനകം കഴിഞ്ഞുപോയത്. ആ അവസരങ്ങളിലൊക്കെ പിതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.

സൈന്യ സേവനത്തിനു ശേഷം ബോംബെയിൽ ഒരു ഇംഗ്ലീഷ് കമ്പനിയിൽ ജോലിയും , ടൈംസ് ഓഫ് ഇന്ത്യ കറസ്പോണ്ടൻ്റും, ബോംബ കേരള മുസ്ലിം ജമാഅത്തിലെ പൊതു പ്രവർത്തനവും ആയിരിക്കുന്ന കാലത്താണ് “ചന്ദ്രിക” യിൽ എഴുതുന്നതിൻ്റെ പേരിൽ സി.എച്ചുമായി അടുക്കുകയും ജോലി രാജി വെച്ച് ചന്ദ്രിക സബ് എഡിറ്റർ ആയും ലീഗ് പ്രവർത്തനങ്ങളിൽ സി. എച്ചിൻ്റെയും ബാഫഖി തങ്ങളുടെയും സഹായിയായും ജീവിതം തുടങ്ങുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമായി. അതുകൊണ്ട് തന്നെ തങ്ങളുടെ ബാല്യ കാലം അക്കാലത്തെ ചന്ദിക സ്മൃതിയിൽ ഒതുങ്ങി നിൽക്കുന്നു.

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച് മുഹമ്മദ്കോയ സാഹിബ്, സേട്ട് സാഹിബ് തുടങ്ങി മഹാരഥന്മാരായ നേതാക്കന്മാരുടെ ഇഷ്ടപ്പെട്ട സഹപ്രവർത്തകൻ. മികച്ച ഭരണകർത്താക്കളായ അച്യുത മേനോൻ, പി.കെ വാസുദേവൻ നായർ, കെ. കരുണാകരൻ, ബേബി ജോൺ തുടങ്ങിയ ഘടകകക്ഷി നേതാക്കളുടെ വിശ്വസ്ത ഭരണപങ്കാളി. സാഹിത്യരംഗത്തെ മുടിചൂടാമന്നന്മാരായ വൈക്കം മുഹമ്മദ് ബഷീർ, തകഴി, എസ്.കെ പൊറ്റക്കാട്, കെ എ കൊടുങ്ങല്ലൂർ, തിക്കോടിയൻ തുടങ്ങിയവരുടെ രാഷ്ട്രീയക്കാരനായ സാഹിത്യ സുഹൃത്ത്. രാമചന്ദ്രൻ, ബാബു പോൾ, കൃഷ്ണയ്യർ, പി.കെ വാര്യർ തുടങ്ങിയ പ്രഗൽഭർക്ക് പ്രിയങ്കരനായ വ്യക്തി തുടങ്ങി വിശേഷണങ്ങൾ ധാരാളം. ആയൂർവ്വേദ ആചാര്യൻ പി.കെ. വാര്യരുടെ സ്മൃതി പർവ്വം എന്ന ആത്മകഥാoശമുള്ള കൃതിയിൽ,”യു.എ.ബീരാൻ” ഒരു അദ്ധ്യായം തന്നെയായതും, പിതാവിൻ്റെ പുസ്തകങ്ങൾക്ക് തകഴി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ അവതാരിക എഴുതിയതും ഇവർ തമ്മിലുള്ള അതിയായ ആത്മബന്ധം സൂചിപ്പിക്കുന്നു. ഖായിദെമില്ലത്തിൻ്റെ ഇഷ്ട പരിഭാഷകനായ പിതാവ് , നിർഭാഗ്യകരമായ മുസ്ലിം ലീഗിന്റെ പിളർപ്പിൻ്റെ കാലത്ത് പാണക്കാട് പൂക്കോയ തങ്ങളുടെയും, സി.എച്ചിൻ്റെയും കൂടെ അടിയുറച്ചു നിന്നു. പൂക്കോയ തങ്ങളുടെ കാലശേഷം ശിഹാബ് തങ്ങളെ നിർബ്ബന്ധിച്ചു രാഷ്ട്രീയത്തിലിറക്കാനും, സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ കേരള മുഖ്യമന്ത്രി ആക്കാനും, കുടുംബ സുഹൃത്തായ കുഞ്ഞാപ്പയെ രാഷ്ട്രീയത്തിൽ സജീവമാക്കാനും പിന്നിൽ നിന്ന് നിശബ്ദം പ്രവർത്തിച്ച കാര്യങ്ങൾ ഈയുള്ളവന് നേരിട്ടറിയാം.

സാഹിത്യം, രാഷ്ട്രീയം, ഭരണരംഗം തുടങ്ങി ഇടപ്പെട്ട എല്ലാ മേഖലകളിലും പ്രാഗൽഭ്യം തെളിയിക്കുന്നതിൽ അനിതര സാധാരണമായ മികവ് പുലർത്തി. ആധുനിക സോഷ്യൽ മീഡിയ ഇല്ലാത്ത അക്കാലത്ത് വായിച്ച പുസ്തകളിലെ പ്രത്യേക വിവരങ്ങളും , ചരിത്ര രേഖകളിലെ തിയ്യതികളും ഒരു കമ്പ്യൂട്ടറിലെന്ന പോലെ ഓർമിച്ചു പറയുമായിരുന്നു.

ഇങ്ങനെ വിവിധ മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച യു.എ ബീരാൻ സാഹിബ് നാടിനും സമുദായത്തിനും വേണ്ടി ജീവിച്ചപ്പോഴും പിതാവെന്ന നിലയിൽ സ്വന്തക്കാർക്കൊ കുടുംബക്കാർക്കൊ ഒന്നും നീക്കിവെക്കാതെ തൻ്റെ ആരോഗ്യം അനുവദിച്ച കാലത്തോളം നിഷ്കാമകർമ്മിയായി പ്രവർത്തിച്ചു. മക്കൾ പൊതുരംഗത്ത് വരുന്നതിനെ ഒരിക്കലും സ്വയം പ്രോൽസാഹിപ്പിച്ചിരുന്നുമില്ല. ശുഭ്ര വസ്ത്രധാരിയായി, ഗൗരവ പ്രകൃതക്കാരനായി, പട്ടാള ചിട്ടയുള്ള നേതാവായി, ഏറ്റെടുത്ത ജോലികൾ കൃത്യമായി ഉത്തരവാദിത്വത്തിലൂടെ ചെയ്തു തീർക്കുന്നതിലും, കൃത്യനിഷ്ടയിലും സമയ പരിപാലനത്തിലും കണിശക്കാരനായി, നേരിട്ടു വന്ന ഏതൊരാൾക്കും രാഷ്ടീയ ജാതി -മത പരിഗണനകളില്ലാതെ സ്വതസിദ്ധമായ ഗൗരവത്തിൽ സഹായം ചെയ്തുകൊണ്ട് എന്നാൽ രാഷ്ട്രീയത്തിന്റെ കപട മുഖം അറിയാതെ നേരെ വാ നേരെ പോ എന്ന രീതിയിൽ ഇവിടെ ജീവിച്ചു മറഞ്ഞ യു എ ബീരാൻ സാഹിബിനെ ക്കുറിച്ചു ഇന്നത്തെ തലമുറയിലെ പലർക്കും വ്യക്തമായി അറിയില്ല എന്നുള്ളതാണ് വാസ്തവം. എങ്കിലും സാധാരണക്കാർ തൊട്ട് സമൂഹത്തിലെ ഉന്നതർക്ക് വരെയും , നാട്ടിലെ കോൽക്കളി – മാപ്പിള കവികൾ മുതൽ പ്രശസ്ത സിനിമാ – കഥകളി ആചാര്യർക്ക് വരെയും അദ്ദേഹം അങ്ങേയറ്റം പ്രിയപ്പെട്ടവനായിരുന്നു. 1960 കളിൽ ചന്ദ്രിക ആഴ്ചപ്പതിപ് കേരളത്തിൽ എഴുതി തുടങ്ങുന്നവർക്ക് തൊട്ട് പ്രശസ്ത സാഹിത്യകാരന്മാർക്ക് വരെ ഇഷ്ടപ്പെട്ട വാരികയായിരുന്നു. കോട്ടക്കൽ പഞ്ചായത്ത് പ്രസിഡന്റ് പദം തൊട്ട് മന്ത്രി പദത്തിൽ വരെ അദ്ദേഹം വളരെ നന്നായി ശോഭിച്ചിരുന്നു. എന്നാൽ ആദർശ നിഷ്ടയും വ്യക്തി വിശുദ്ധിയും സൂക്ഷ്മമായി നിലനിർത്തിയ കാരണം അദ്ദേഹം ചിലരുടെ കണ്ണിലെ കരടായി മാറിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അത് പോലെ എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം ചിലർ മുതലെടുത്തിരുന്നു എന്നതും വാസ്തവം. എങ്കിലും ബീരാൻ സാഹിബിന്റെ സേവനങ്ങൾ വേണ്ട രീതിയിൽ ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. സ്വാതന്ത്ര സമരത്തിൽ മഹാത്മാഗാന്ധിജിയുടെ പങ്കുപോലും വ്യക്തമായ ബോധമില്ലാത്ത സോഷ്യൽ മീഡിയയുടെ കലികാലത്തിലാണ് നാം ജീവിക്കുന്നത്. സത്യങ്ങളും പച്ചയായ മാതൃകകളും മണ്ണിട്ട് മൂടാൻ വലിയ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നേതാക്കന്മാരുടെ ത്യാഗങ്ങളും ചരിത്രവും എന്നും ജ്വലിപ്പിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്.

ഈ സമയത്താണ് യു.എ ബീരാൻ സാഹിബിന്റെ ചരമവാർഷികദിനമായ മെയ് 31-ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കോട്ടക്കൽ വലിയ പറമ്പ് കോയാസ് കൺവെൻഷൻ സെൻറ്റിൽ ബീരാൻ സാഹിബ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ആ വസന്ത കാലം” എന്ന പേരിൽ അദ്ദേഹത്തെ സ്മരിക്കുന്നത്. ബീരാൻ സാഹിബിന്റെ ജീവിതം നോക്കിക്കണ്ട പഴയ തലമുറയിൽപ്പെട്ടവരുടെ നല്ല വാക്കുകളിലൂടെ അദ്ദേഹത്തെ കുറിച്ചുള്ള സ്മരണകൾ നിലനിൽക്കുമ്പോഴും അർഹിക്കുന്ന തരത്തിൽ ഒരു സ്മാരകം ഉണ്ടായില്ല എന്നത് തെല്ല് കുറ്റബോധത്തോടെ ഇവിടെ രേഖപ്പെടുത്തുകയാണ്. അതിന്റെ പേരിൽ കെ.പി കുഞ്ഞിമൂസ സാഹിബ് അടക്കമുള്ളവരുടെ അദ്ദേഹത്തിന്റെ പ്രിയ സഹപ്രവർത്തകരായ സാംസ്കാരിക നേതാക്കളുടെ ശകാരങ്ങൾ ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചുരുങ്ങിയ പക്ഷം വർഷാ വർഷം സംസ്ഥാന തലത്തിൽ സാഹിത്യ പത്രപ്രവർത്തന മേഖലയിലെ അർഹതപ്പെട്ടവർക്ക് ഒരു ആദരിക്കൽ ചടങ്ങ് എങ്കിലും നടത്തണമെന്നായിരുന്നു അവരുടെയൊക്കെ ആവശ്യം വൈകിയാണെങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാഫല്യമടയാൻ പോകുകയാണ്.

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ സാരഥി ഡോക്ടർ കബീർ, പുത്തൂർ റഹ്മാൻ തുടങ്ങിയ പഴയകാല സഹപ്രവർത്തകരും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിലുള്ളതാണ് യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷൻ. ബീരാൻ സാഹിബ് മുൻകൈയ്യെടുത്തു ചങ്കുവെട്ടിയിൽ യു.പി സ്കൂൾ ആരംഭിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നു ഒരു ബിരുദധാരി പോലും ആകുമായിരുന്നില്ല എന്ന് ഡോക്ടർ കബീർ എപ്പോഴും പറയുന്ന പോലെ അദ്ദേഹത്തെ സ്മരിക്കാനും ഓർക്കാനും ധാരാളം പേർ കേരളത്തിലങ്ങോളം ഉണ്ടെങ്കിലും ഈ ചരമ ദിനത്തിൽ അർഹമായ രീതിയിൽ അദ്ദേഹത്തെ സ്മരിക്കാൻ ഒരു തുടക്കം കുറിക്കുകയാണ്.

മുനവ്വർ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, അബദുസ്സമദ് സമദാനി , ഹമീദ് മാസ്റ്റർ, മാധവൻ കുട്ടി വാര്യർ, ഇ. എൻ. മോഹൻദാസ്, സി.പി സെയ്തലവി തുടങ്ങിയരുടെ സാന്നിധ്യത്തിൽ അവാർഡ് പ്രഖ്യാപനം നടക്കും.

യു.എ നസീർ, ന്യൂയോര്‍ക്ക്

Print Friendly, PDF & Email

One Thought to “യൂ എ ബീരാൻ – രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ: യു.എ നസീർ, ന്യൂയോര്‍ക്ക്”

  1. Abdul

    Itis great to American Malayalees Sri. U.A.Beeran. Today his 23rd death anniversary. Pranamam.,

Leave a Comment