ബലിപെരുന്നാള്‍ 2024: യുഎഇ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി : ഈദ് അൽ അദ്ഹ 1445 എഎച്ച്-2024 (ബലിപെരുന്നാള്‍) പ്രമാണിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പൊതു/സ്വകാര്യ മേഖലകൾക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ഇന്ന് (ജൂണ്‍ 8) ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹിജ്റ 1445 ദുൽഹിജ്ജ 9 മുതൽ 12 വരെയുള്ള അവധി ദിവസങ്ങളിൽ (ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ) മേല്പറഞ്ഞ മേഖലകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

ഈദ് അൽ അദ്ഹ ലോകമെമ്പാടും ദുൽ-ഹിജ്ജ 10-ന് ആഘോഷിക്കുന്നു – ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധ മാസങ്ങളിലൊന്നായി കണക്കാക്കുകയും പ്രവാചകൻ്റെ ത്യാഗങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന മാസം. ഈ വർഷം, ഈദ് അൽ അദ്ഹ ജൂൺ 16 ഞായറാഴ്ച ആഘോഷിക്കും .

ഈദ് അൽ അദ്ഹ അഥവാ ബക്രീദ് (ബലി പെരുന്നാള്‍) – ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ രണ്ടാമത്തെ വിശുദ്ധമായ ഉത്സവവും ആത്മസമർപ്പണത്തിൻ്റെ ആഘോഷവുമാണ്. പ്രവാചകനായ ഇബ്രാഹിം നബി (അ) തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ) നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി (അ) യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.

Print Friendly, PDF & Email

Leave a Comment

More News