എക്‌സിറ്റ് പോൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് ഓഹരി വിപണിയിൽ പെട്ടെന്നുള്ള ഇടിവുണ്ടായത് നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടാക്കി. ഇപ്പോഴിതാ ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോടും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടും (സെബി) നിർദേശിക്കണമെന്ന് അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓഹരി വിപണിയിൽ മറ്റൊരു വലിയ തകർച്ചയാണ് കണ്ടത്. ഇതിന് എക്‌സിറ്റ് പോളുകളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അത് അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

“ഓഹരി വിപണിയിൽ അസ്ഥിരത വീണ്ടും കണ്ടു. 20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ഇത് നിയന്ത്രണ സംവിധാനത്തിൽ വീണ്ടും ചോദ്യചിഹ്നം ഉയർത്തിയിട്ടുണ്ട്. കോടതി നിർദേശിച്ചിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ലോക്‌സഭയിലെ എക്‌സിറ്റ് പോൾ പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണി ഉയർന്നു. എന്നാൽ, യഥാർത്ഥ ഫലം പ്രഖ്യാപിച്ചപ്പോൾ വിപണി ഇടിഞ്ഞുവെന്ന് ഹർജിയിൽ പറയുന്നു. ഇക്കാരണത്താൽ, റെഗുലേറ്ററി അതോറിറ്റിയെയും അതിൻ്റെ സംവിധാനത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണം,” ഹരജിക്കാരൻ പറഞ്ഞു.

ക്രിമിനൽ നടപടിയെന്ന് രാഹുൽ ഗാന്ധി
കോൺഗ്രസ് എംപിയും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ജൂൺ ആറിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചില്ലറ നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണി അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നേരിട്ട് പങ്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ക്രിമിനൽ നടപടിയാണെന്നും സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024 ജനുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും സെബിയോടും നിർദേശിക്കണമെന്നാണ് ആവശ്യം. ഇതിൽ അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ചുള്ള ഹിൻഡൻബർഗ്റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസ് എഎം സാപ്രെ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചു. തിവാരി ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ കോടതി പിന്നീട് പല നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News