തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ പോലീസ് കമ്മീഷ്ണര്‍ക്ക് സ്ഥാനചലനം; പകരം ഒന്നും നല്‍കിയിട്ടില്ല

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് വിജയം സമ്മാനിക്കുന്ന തരത്തിൽ തൃശൂർ പൂരം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ സ്ഥലം മാറ്റിയത്. എന്നാല്‍, പകരം തസ്തിക നൽകിയിട്ടില്ല. എങ്ങോട്ടാണെന്നും തസ്തിക എന്താണെന്നും പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ടെക്‌നിക്കൽ ഇൻ്റലിജൻസ് എസ്പി ആർ.ഇളങ്കോയാണ് തൃശൂരിലെ പുതിയ പോലീസ് കമ്മീഷണര്‍. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശ്വാസം മുട്ടിച്ചെന്ന കേസിൽ ആരോപണവിധേയനായ കോഴിക്കോട് മുൻ ഡിസിപി കെ ഇ ബൈജുവിനെ കേരള പോലീസ് അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടറായി സ്ഥലം മാറ്റി. ബൈജുവിനെ എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായാണ് സ്ഥലം മാറ്റിയത്.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തെ ദേവസ്വം റവന്യൂ സെക്രട്ടറിയായി സ്ഥലം മാറ്റി. അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ടി.വി.അനുപമയെ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഹരിത വി. കുമാറിനെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറായും നിയമിച്ചു. കെ ഹരികുമാറാണ് മൈനിംഗ് ആൻഡ് ജിയോളജിയുടെ പുതിയ ഡയറക്ടർ. ജല അതോറിറ്റി എംഡിയായി വി ആർ പ്രേംകുമാറിനെ നിയമിച്ചു. ഡോ.ദിനേശൻ ചെറുവത്തിനെ പഞ്ചായത്ത് ഡയറക്ടറായും, സുരാജ് ഷാജിയെ പുതിയ നഗരകാര്യ ഡയറക്ടറായും നിയമിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോറിനെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതല നൽകി. ഇലക്ട്രോണിക്സ് & ഐടി സെക്രട്ടറി യു ആർ രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിൻ്റെയും കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെയും അധിക ചുമതല നൽകി. ബിനു ഫ്രാൻസിസിനെ ജലവിഭവ വകുപ്പ് ജോയിൻ്റ് എംഡിയായി നിയമിച്ചു.

Print Friendly, PDF & Email

Leave a Comment

More News