സുരേഷ് ഗോപി ജിക്ക് ഒരു തുറന്ന കത്ത്

വിഷയം: കേരളത്തിൻ്റെ നിർണായകമായ ശുചിത്വ വിഷയം അഭിസംബോധന ചെയ്യുന്നു.

പ്രിയ ശ്രീ സുരേഷ് ഗോപി ജി…….
കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. താങ്കളിൽ നിക്ഷിപ്തമായ വകുപ്പ് എന്തുതന്നെയായാലും കേരളത്തിൻറെ മാലിന്യ വിഷയത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞാൻ ഈ കത്ത് എഴുതുന്നത്. തൃിശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല കേരളത്തിൻറെ ആകമാനമായുള്ള പുരോഗമനത്തിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും താങ്കൾ ഈ കാലമത്രയും ചെയ്ത പ്രവർത്തികൾ വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഭരത്ചന്ദ്രൻ ഐപിഎസ് ആയും ആനക്കാട്ടിൽ ചാക്കോച്ചിയായും മാളിയേക്കൽ തൊമ്മിയായും അഭ്രപാളികളിൽ അത്ഭുതം തീർത്ത താങ്കൾ കേന്ദ്ര സഹമന്ത്രിയായി വരുമ്പോൾ മാറ്റത്തിന്റെ വലിയ അത്ഭുതമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കേരളത്തിൻ്റെ ക്ഷേമത്തിലും വികസനത്തിലും അതീവ ഉത്കണ്ഠയുള്ള ഒരു വ്യക്തി എന്ന നിലയിൽ, അടിയന്തിരവും സുസ്ഥിരവുമായ ശ്രദ്ധ ആവശ്യമുള്ള, വൃത്തിയുടെയും ശുചിത്വത്തിൻ്റെയും പ്രശ്നം, താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഞാൻ ഇത് എഴുതുന്നത്.

പ്രകൃതിയുടെ സൗന്ദര്യത്താൽ സമ്പന്നമായതും സാംസ്കാരിക പൈതൃകം നിറഞ്ഞതുമായ നമ്മുടെ കൊച്ചു കേരളം, നിർഭാഗ്യവശാൽ, നഗര-ഗ്രാമ പ്രദേശങ്ങളിലുടനീളം ശുചിത്വം നിലനിർത്തുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നു എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. ഈ കാലമത്രയും ഭരിച്ച ഗവൺമെൻ്റുകളും മറ്റ് പൗരസമിതികളും വിവിധ തരത്തിലുള്ള ശ്രമങ്ങൾ നടത്തിയിട്ടും, മാലിന്യ സംസ്കരണം, പൊതു ശുചിത്വം എന്നിവയുടെ പ്രശ്നം ഇന്നും നിലനിൽക്കുന്നു, ഇത് നമ്മുടെ കേരളത്തിൽ താമസിക്കുന്നവരുടെ ആരോഗ്യത്തെയും ജീവിത നിലവാരത്തെയും അതുപോലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ ടൂറിസം മേഖലയെയും കാര്യമായി ബാധിക്കുന്നു എന്നതും എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ.

മാലിന്യ സംസ്കരണം: നഗരപ്രദേശങ്ങളിൽ അവിടവിടെയായി ഉപേക്ഷിക്കപ്പെട്ട ഖരമാലിന്യങ്ങൾ വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യങ്ങളിലേക്കും ,പിന്നീട് ചെറിയ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പോലെയുള്ള പ്രശ്നങ്ങളിലേക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. മാലിന്യങ്ങൾ അതിൻറെ ഉറവിടത്തിൽ വെച്ചു തന്നെ വേർതിരിക്കയും റീസൈക്ലിംഗ് ചെയ്യേണ്ടവ അങ്ങനെ ചെയ്യുകയും സംസ്കരിക്കേണ്ടതായ മറ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്ന കാര്യക്ഷമവും സുസ്ഥിരവുമായ മാലിന്യ സംസ്കരണ സംവിധാനം ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ഒരു അടിയന്തിര ആവശ്യമാണ്. ഈ വിഷയങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ കൊണ്ടുവരുന്നതിന് താങ്കൾക്ക് കഴിയും.

ജലമലിനീകരണം: വ്യാവസായിക മാലിന്യങ്ങൾ നിറഞ്ഞ മലിനജലം പുറന്തള്ളുന്നത് വഴിയും, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കളയുന്നത് വഴിയും കേരളത്തിലെ പല ജലാശയങ്ങളും ഇന്ന് മലിനമാണ്. നമ്മുടെ നദികളും പുഴകളും കായലുകളും വൃത്തിയാക്കുന്നതു വഴി നമ്മുടെ ഇക്കോ സിസ്റ്റത്തിനെ സംരക്ഷിക്കുന്നതിനും , സുരക്ഷിതമായ കുടിവെള്ളം എല്ലാവർക്കും ഉറപ്പാക്കുന്നതിനും ഇക്കോ ടൂറിസം പോലെയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കും. വ്യാവസായിക മാലിന്യ ജലം പുറന്തള്ളുന്നതിനു മുമ്പ് ശുദ്ധീകരിക്കുന്നതിന് ആവശ്യമായ നിയമ നടപടികളും ഉണ്ടാക്കുന്നതിന് താങ്കൾക്ക് നേതൃത്വം നൽകുവാൻ ആകും.

പൊതുജന പങ്കാളിത്തവും ബോധവൽക്കരണവും: ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അത് പരിപാലിക്കുന്നതിൽ അവരുടെ പങ്കിനെക്കുറിച്ചും നമ്മുടെ പൗരന്മാരെ ബോധവത്കരിക്കുന്നതിന് പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകൾ അത്യന്താപേക്ഷിതമാണ്. കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും ഉത്തരവാദിത്തബോധം വളർത്തിയെടുക്കുന്നതും വൃത്തിയുള്ള കേരളത്തിന് ഗണ്യമായ സംഭാവന നൽകും ഇത്തരം കാര്യങ്ങളിൽ താങ്കൾക്ക് നിർണായകമായ സ്വാധീനം ചെലുത്തുവാൻ സാധിക്കും.

അടിസ്ഥാന സൗകര്യങ്ങൾ: മാലിന്യ സംസ്കരണ പ്ലാൻ്റുകൾ, പൊതു ടോയ്‌ലറ്റുകൾ, ഡെയിലി ക്ലീനിങ് സർവീസ് എന്നിവയുൾപ്പെടെ അവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും കേരളത്തിൽ നിർണായകമാണ്. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മാലിന്യ സംസ്കരണ പ്ലാന്റുകൾ മാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും. അതാത് ജില്ലാ ഭരണകൂടങ്ങളുമായും സംസ്ഥാന സർക്കാരുമായും സഹകരിച്ച് ഇത്തരം കാര്യങ്ങളിൽ നേതൃത്വം നൽകുവാൻ താങ്കൾക്ക് സാധിക്കും.

നയ നിർവഹണവും നിരീക്ഷണവും: ദീർഘകാല ശുചിത്വ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശക്തമായ നയങ്ങളും നിയമങ്ങളും അവയുടെ കർശനമായ നിർവ്വഹണവും സ്ഥിരമായ നിരീക്ഷണവും ഉത്തരവാദിത്തവും ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സർക്കാരിതര സംഘടനകളുമായുള്ള സഹകരണവും താങ്കൾക്ക് ഉറപ്പിക്കാനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം.

എല്ലാ വർഷവും കുടുംബത്തോടൊപ്പം കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു സാധാരണ അമേരിക്കക്കാരൻ എന്ന നിലയിൽ, ഞങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മതിയായ പൊതു ടോയ്‌ലറ്റുകളുടെയും സുചിമുറികളുടെയും അഭാവം. ചില സ്ഥലങ്ങളിൽ ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും അവയുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണ്. ഈ അവസ്ഥ ഞങ്ങൾക്ക് മാത്രമല്ല, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഒരു പ്രധാന പ്രശ്നമാണ്.

ഞങ്ങൾ നമ്മുടെ സംസ്ഥാനം സന്ദർശിച്ച് തിരികെ വരുമ്പോൾ, അഭിമാനത്തോടെ ഞങ്ങളുടെ സഹ അമേരിക്കക്കാരുമായും യൂറോപ്യന്മാരുമായും കേരളത്തിലെ നല്ല അനുഭവങ്ങൾ പങ്കിടുവാനും ആഗ്രഹിക്കുന്നവരാണ്. എന്നിരുന്നാലും, പൊതു സൗകര്യങ്ങളുടെ നിലവിലെ അവസ്ഥ അതിന് ഞങ്ങളെ അനുവദിക്കുന്നില്ല.

പൊതു ടോയ്‌ലറ്റുകളുടെ ലഭ്യതയും അവയുടെ ഇപ്പോഴത്തെ വൃത്തിഹീനമായ അവസ്ഥ മെച്ചപ്പെടുത്തുന്നത് വഴിയും ,ഞങ്ങളുടെ പ്രത്യേകിച്ച് ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഞങ്ങളുടെ സ്ത്രീകളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുവാനും ഞങ്ങളുടെ കുട്ടികൾക്ക് കേരളത്തോടുള്ള സമീപനം മാറ്റിയെടുക്കുവാനും, കേരളത്തെക്കുറിച്ച് അഭിമാനത്തോടെ മറ്റുള്ളവരോട് പറയുവാനും ഞങ്ങൾക്ക് സാധിക്കും.

ഈ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കവാൻ മുൻപ് സേവനമനുഷ്ഠിച്ച പല രാഷ്ട്രീയക്കാരും മന്ത്രിമാരും കാര്യമായൊന്നും ചെയ്തിട്ടില്ല എന്നുള്ളത് നിരാശാജനകമായ കാര്യമാണ്. താങ്കളുടെ കാലാവധി ഇതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഈ വെല്ലുവിളികൾ പരിഹരിക്കാൻ താങ്കൾ നിർണ്ണായക നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വൃത്തിയുള്ളതും കാര്യക്ഷമവുമായ അന്തരീക്ഷം ഉറപ്പാക്കുന്നത് കേരളത്തിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുക മാത്രമല്ല, നമ്മുടെ സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയും അതിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്യാനാകും. താങ്കളുടെ നേതൃത്വവും ഈ വിഷയത്തോടുള്ള പ്രതിബദ്ധതയും കാര്യമായ മാറ്റമുണ്ടാക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

താങ്കളുടെ മാർഗനിർദേശപ്രകാരം, വൃത്തിയിലും ശുചിത്വത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുവാൻ കേരളത്തിന് കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.

താങ്കളെ വിജയിപ്പിച്ചു വിട്ട തൃശ്ശൂർ ജനതയ്ക്ക് ഞങ്ങളുടെ അഭിവാദനങ്ങൾ. നമ്മുടെ സംസ്ഥാനം വരുന്ന നാളെയിൽ നല്ല മാറ്റങ്ങൾ കാണുവാൻ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ വികസനവും അതിലൂടെ കേരളത്തിൻറെ വളർച്ചയും ഉയർച്ചയും താങ്കളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും തുടർന്നും ഉണ്ടാകട്ടെ എന്ന ആശംസിക്കുന്നു.

എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഈ കത്ത് ചുരുക്കുന്നു.

വാരിക്കാടൻ

Print Friendly, PDF & Email

Leave a Comment

More News