പോക്‌സോ കേസിൽ കര്‍ണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: പോക്‌സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ലഭിക്കാൻ പോലീസ് കോടതിയെ സമീപിച്ചു.

ബുധനാഴ്ച 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് (എസിഎംഎം) മുമ്പാകെയാണ് പോലീസ് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചത്. കോടതി ഹർജി അംഗീകരിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ യെദ്യൂരപ്പയെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ വ്യാഴാഴ്ച കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇനിയും കോടതി പരിഗണിച്ചിട്ടില്ല.

മെയ് 26 ന് അന്തരിച്ച ഇരയുടെ അമ്മ, ഈ വർഷം മാർച്ചിൽ യെദ്യൂരപ്പയുടെ വസതിയിൽ സഹായത്തിനായി പോയപ്പോൾ മകളെ ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം കേസെടുത്തിരുന്നു.

അതേസമയം, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ബുധനാഴ്ച റിട്ട് ഹർജി സമർപ്പിച്ചു. മുതിർന്ന നേതാവിനെതിരെ പരാതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ സഹോദരനാണ് റിട്ട് ഹർജി നൽകിയത്.

വിഷയം കണക്കിലെടുത്ത്, കേസിൽ പ്രോസിക്യൂഷനെ പ്രതിനിധീകരിക്കാൻ കോൺഗ്രസ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) അശോക് എൻ.നായക്കിനെ നിയമിച്ചു. യെദ്യൂരപ്പയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News