വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രണ്ട് ലക്ഷം വോട്ടുകളോടെ ലീഡ് ചെയ്യുന്നു

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നിലവിലെ കണക്ക് പ്രകാരം 225331 വോട്ടിൻ്റെ ഭൂരിപക്ഷം നേടി. ആകെ 343340 വോട്ടുകളാണ് പ്രിയങ്ക നേടിയത്. നിലവിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 118009 വോട്ടുകൾ ബിജെപിയുടെ നവ്യ ഹരിദാസിന് 65136 വോട്ടുകൾ ലഭിച്ചു.

അതേസമയം, പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്.

നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്.

അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ മുള്‍മുനയിൽ നിർത്തുന്നു. 64.71 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. ഏപ്രിലിൽ 73.57 ശതമാനം പോളിങ്ങുണ്ടായ സ്ഥാനത്താണിത്. പോളിങ്ങിലെ കുറവ് തങ്ങളുടെ രാഷ്ട്രീയവോട്ടുകളെ ബാധിച്ചില്ലെന്നും എതിരാളികൾക്കാണ് ക്ഷീണമുണ്ടാക്കുകയുമെന്ന പ്രചാരണത്തിലാണ് മുന്നണികൾ.

കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പിനെക്കാൾ 9319 വോട്ടർമാർ ഇത്തവണ കൂടുതലായിരുന്നു. എന്നിട്ടും പോളിങ്ങിൽ 1,32,205 വോട്ടിന്‍റെ കുറവുണ്ടായിരുന്നു. ആകെയുള്ള വോട്ടർമാരിൽ 5,19,304 പേർ വോട്ട്‌ ചെയ്‌തില്ല. കഴിഞ്ഞതവണ രാഹുൽഗാന്ധി 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌.

2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം. 2009-ല്‍ 153439 വോട്ടിന്‍റെയും 2014 -ല്‍ 20870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്. 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും വിജയിച്ചു. അന്ന് മുതല്‍ ദേശീയതലത്തലില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്. 2024-ല്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 364,422 ആയി കുറഞ്ഞെങ്കിലും ഇതിനെ മറികടക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധിയെ നിര്‍ത്തിയതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.

Print Friendly, PDF & Email

Leave a Comment

More News