
തൃശൂര്‍: റഷ്യയിൽ സൈനിക സപ്പോർട്ട് സർവീസിൽ ചേർന്ന തൃശൂര്‍ സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ശനിയാഴ്ച (ജനുവരി 18) അറസ്റ്റ് ചെയ്തു .
തൃശൂർ സ്വദേശികളായ സന്ദീപ് തോമസ്, സുമേഷ് ആൻ്റണി, സിബി എന്നിവരെയാണ് റഷ്യയിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വടക്കാഞ്ചേരി പോലീസ് മൂവരെയും വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ച ബിനിൽ ടിബിയുടെ ഭാര്യ ജോയിസി ജോൺ, പരിക്കേറ്റ് മോസ്‌കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ ടികെയുടെ പിതാവ് കുര്യൻ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതികൾക്കെതിരെ എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു.
ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ (32), ജെയിൻ (27) എന്നിവർ ഇലക്ട്രീഷ്യൻമാരായും പ്ലംബർമാരായും ജോലി ചെയ്യാമെന്ന പ്രതീക്ഷയോടെയാണ് ഏപ്രിൽ നാലിന് റഷ്യയിലേക്ക് പോയത്. എന്നാല്‍, അവിടെയെത്തിയപ്പോൾ അവരുടെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കണ്ടുകെട്ടി, തുടർന്ന് അവരെ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൻ്റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിച്ചതായി ബന്ധുക്കൾ പറഞ്ഞു.
തന്നെയും കൂട്ടാളിയെയും യുദ്ധമുഖത്ത് മുൻനിര സേവനത്തിന് നിയോഗിച്ചതായി ബിനിൽ കുടുംബത്തെ അറിയിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിപ്പോയ ബിനിലിനെയും ഭാര്യാസഹോദരൻ ജെയിനിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ജനുവരി 13ന് ബിനിലിൻ്റെ മരണവാർത്ത വന്നത്.