വേങ്ങര: രാജ്യത്തിനാകമാനം മാതൃകയായി സഹവർത്തിത്വത്തോടെ ജീവിക്കുന്ന കേരളീയ സമൂഹത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി .
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ നടത്തിയ പ്രസ്താവന ഇതിൻ്റെ ഭാഗമാണ്. വയനാട് ലോകസഭാ മണ്ഡലത്തിൽ മുസ്ലിം വോട്ടർമാർ കൂടുതലുള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വൻഭൂരിപക്ഷത്തിൽ ജയിച്ചതെന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്.
മുസ്ലിം സമൂഹത്തിൻറെ വോട്ട് വിനിയോഗത്തെ വർഗീയമായി ചിത്രീകരിച്ചു അപരവൽക്കരിക്കാനാണ് CPM ശ്രമിക്കുന്നത്. ചില മുസ്ലിം സംഘടനകൾക്കെതിരെയാണ് തങ്ങളുടെ പ്രചാരണം എന്ന് പറഞ്ഞ CPM ഇപ്പോൾ മുസ്ലിം സമൂഹത്തിനെതിരെ തന്നെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്. ഇൻഡ്യാ മുന്നണിക്കെതിരെ ഉത്തരേന്ത്യയിൽ BJP നടത്തിയ പ്രചാരണമാണ് കേരളത്തിൽ CPM നടത്തുന്നത്.
വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ മുസ്ലിം വിരോധം അതിൻ്റെ പാരമ്യതയിൽ ഉയർത്തുന്നതിൽ സിപിഎം നേതാക്കൾ മത്സരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ തെരഞ്ഞെടുപ്പ് തന്ത്രത്തിന് നേതൃത്വം കൊടുക്കുന്നത്. സംഘപരിവാർ നേതാക്കളെ തോൽപ്പിക്കുന്ന മുസ്ലിം വിരുദ്ധതയാണ് സിപിഎം നേതാക്കളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിപിഎം സ്വീകരിക്കുന്ന ഈ സമീപനത്തിൽ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കേരളീയ സമൂഹത്തെ ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കുന്ന സിപിഎമ്മിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശനി വൈകീട്ട് 4 ന് ചെമ്മാട് നിന്ന് ആരംഭിച്ച് 7 മണിക്ക് വേങ്ങരയിൽ അവസാനിച്ച നിവർത്തന പ്രക്ഷോഭ ജാഥയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുമായിരുന്നു അദ്ദേഹം.
ജനസംഖ്യാനുപാതികമായ വികസനം യാഥാർത്ഥ്യമാക്കുക, യുജിസി മാനദണ്ഡം പാലിച്ച് മലപ്പുറം ജില്ലക്ക് മാത്രമായി യൂണിവേഴ്സിറ്റി യാഥാർത്ഥ്യമാക്കുക, ഇൻറർനാഷണൽ തലത്തിൽ തന്നെ ശ്രദ്ധേയമായ ഒരുപാട് താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം ജില്ലയിൽ കായിക യൂണിവേഴ്സിറ്റി സ്ഥാപിക്കുക, തീരദേശത്ത് ഫിഷറീസ് കോളേജ് യാഥാർത്ഥ്യമാക്കുക, ഗവൺമെൻറ് എയ്ഡഡ് എൻജിനീയറിങ് കോളേജ് ഇല്ലാത്ത ഏക ജില്ല എന്ന നിലക്ക് മലപ്പുറം ജില്ലയിൽ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കൊണ്ടുവരിക, മഞ്ചേരി മെഡിക്കൽ കോളജിലെ വികസിപ്പിക്കുക, ഒരു പൂർണ്ണ മെഡിക്കൽ കോളേജ് എന്ന രീതിയിൽ പാരാമെഡിക്കൽ കോളേജും ഫാർമസി കോളേജും യാഥാർത്ഥ്യമാക്കുക, അലിഗഡ് ഓഫ് ക്യാമ്പസ് പുതിയ കോഴ്സുകൾ അനുവദിച്ച് വികസിപ്പിക്കുക, കെഎസ്ആർടിസി: സ്റ്റുഡൻസ് ഓൺലി ബസുകൾ അനുവദിക്കുക തുടങ്ങി മലപ്പുറം ജില്ലയെ ബാധിക്കുന്ന അടിസ്ഥാനപരമായ എട്ട് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
പൊതുസമ്മേളനത്തിൽ കെ വി സഫീർ ഷാ(വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട്), ജംഷീൽ അബൂബക്കർ (ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട്),ബാസിത് താനൂർ (ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി),ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഫയാസ് ഹബീബ്,വി .ടി.എസ്.ഉമർ തങ്ങൾ, സെക്രട്ടറിമാരായ മുൻഷിദ ലുഖ്മാൻ,സബീൽ ചെമ്പ്രശ്ശേരി, ഫായിസ് എലാങ്കോട്, ഷാറൂൻ അഹമ്മദ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് കുഞ്ഞാലി മാസ്റ്റർ, ജില്ലാ കമ്മിറ്റിയംഗം ദാമോദരൻ പനക്കൽ, എന്നിവർ സംസാരിച്ചു.
വി.ടി.എസ്.ഉമർ തങ്ങൾ, ഹാദി സമാൻ കുറ്റിപ്പുറം, അഡ്വ: അമീൻ യാസിർ, അബ്ദുള്ള ഹനീഫ്, റഷീദ് ദേവദിയാൽ, ഹംന സി.എച്ച്, എന്നിവർ നേതൃത്വം നൽകി.