ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് യുഎസ് വ്യോമസേനയുടെ സി -17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്ന് അമൃത്സറില്‍ എത്തും.
ഈ വിമാനത്തിൽ 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ 140 പേര്‍ പഞ്ചാബിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു. ഇവർ ടെക്സസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിൽ താമസിച്ചിരുന്നവരാണ്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കേണ്ടി വന്നാൽ, ട്രംപ് എന്തിനാണ് സിവിലിയൻ വിമാനങ്ങൾക്ക് പകരം സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. സിവിലിയൻ വിമാനത്തിൽ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച ആളുകളെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്നതിന് അഞ്ചിരട്ടി ചെലവുവരും.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന വിഷയത്തിൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കടുത്ത നിലപാടെടുത്തിരുന്നു. ബൈഡന്‍ ഭരണകാലത്ത്, ലോകമെമ്പാടുമുള്ള നുഴഞ്ഞുകയറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ എളുപ്പത്തിൽ അമേരിക്കയിലേക്ക് കടന്നുവെന്ന് അമേരിക്കയിലെ തദ്ദേശവാസികളെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയതോതില്‍ വിജയിച്ചു. ഈ കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, ഡെമോക്രാറ്റിക് പാർട്ടി സർക്കാർ അവരെ മാല ചാർത്തി സ്വീകരിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അധികാരത്തിൽ വന്നതിനുശേഷം ട്രംപ് ഈ കുടിയേറ്റക്കാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങി. മാത്രമല്ല, തന്റെ അയൽക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ കനത്ത തീരുവ ചുമത്തുകയും ചെയ്തു.
അമേരിക്കയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് അടുത്തിടെ അയച്ച കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനത്തിന് 4,675 ഡോളർ, അതായത് ഒരു നുഴഞ്ഞുകയറ്റക്കാരന് നാല് ലക്ഷത്തി ഏഴായിരം രൂപ ചിലവുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം, ഒരു നുഴഞ്ഞുകയറ്റക്കാരനെ സിവിൽ വിമാനത്തിൽ അയയ്ക്കുന്നതിനുള്ള ചെലവ് വെറും 853 ഡോളർ, അതായത് ഏകദേശം 74,000 രൂപ മാത്രമാണ്. കുടിയേറ്റം കർശനമാക്കാനുള്ള ട്രംപിന്റെ ശ്രമം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ സൈനിക വിമാനങ്ങളുടെ ഉപയോഗം ട്രംപിന്റെ മറ്റൊരു തന്ത്രമാണെന്ന് പറയപ്പെടുന്നു. കുടിയേറ്റക്കാരുടെ രാജ്യത്തിന് ‘പിഴ’ ചുമത്തുന്ന രീതിയിലാണ് സൈനിക വിമാനം ഉപയോഗിച്ചതെന്ന് പറയുന്നു.
ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ബുധനാഴ്ച രാവിലെ അമൃത്സറിലോ സമീപത്തുള്ള ഏതെങ്കിലും സൈനിക താവളത്തിലോ ഇറങ്ങുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ അമേരിക്കൻ സൈനിക വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30 നും 1 നും ഇടയിൽ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാന്‍ സാധ്യതയുണ്ട്. പഞ്ചാബിൽ നിന്നുള്ള 30 പേരും ഹരിയാനയിൽ നിന്നുള്ള 50 പേരും ഗുജറാത്തിൽ നിന്നുള്ള 33 പേരും ഈ വിമാനത്തിലുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഇതിനുപുറമെ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ട്.
നേരത്തെ, അമേരിക്കൻ സൈനിക വിമാനം വഴി ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ അയച്ചിരുന്നു.