“കാലുകളിൽ ചങ്ങലകൾ, കൈകളിൽ വിലങ്ങുകൾ”: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യാക്കാര്‍ അവര്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചു

നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച ഇന്ത്യൻ പൗരന്മാര്‍ നാടുകടത്തപ്പെടുന്നതിനു മുമ്പ് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. സൈനിക വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ തങ്ങളുടെ കൈകൾ ബന്ധിച്ചതായും കാലുകളില്‍ ചങ്ങലയിട്ടതായും ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി കുടിയേറ്റക്കാർ അവകാശപ്പെട്ടു.

അനധികൃത കുടിയേറ്റക്കാർക്കെതിരായ യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കിടെ, 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ ആകെ 104 ഇന്ത്യൻ പൗരന്മാരെ ബുധനാഴ്ച അമൃത്സറിലേക്ക് നാടുകടത്തി. അമേരിക്കയിലെ കർശനമായ കുടിയേറ്റ നിയമങ്ങൾ കാരണം, ഈ ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്ത് നിർബന്ധപൂര്‍‌വ്വം ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.

അമൃത്സർ വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് തന്റെ കൈകളിലെയും കാലുകളിലെയും ചങ്ങലകൾ അഴിച്ചു മാറ്റിയതെന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരിൽ ഒരാളായ ജസ്പാൽ സിംഗ് പറഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ 36 കാരനായ ജസ്പാൽ, തന്നെ ഇന്ത്യയിലേക്ക് അയന്നതിന് മുമ്പ് 11 ദിവസം തടങ്കലിൽ വച്ചതായി പറഞ്ഞു. “ഞങ്ങളെ മറ്റൊരു തടങ്കൽപ്പാളയത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങൾ കരുതി. പക്ഷെ, ഞങ്ങളെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രയ്ക്കിടെ ഞങ്ങളുടെ കൈകാലുകള്‍ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു. അമൃത്സറിൽ എത്തിയ ശേഷമാണ് അവ അഴിച്ചുമാറ്റിയത്,” ജസ്പാല്‍ പറഞ്ഞു.

എന്നാല്‍, ഇന്ത്യൻ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിക്കുകയും കുടിയേറ്റക്കാരെ ഈ രീതിയിൽ നാടു കടത്തിയിട്ടില്ലെന്ന് പറയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ വ്യാജമാണ്, അത് ഇന്ത്യക്കാരുടേതല്ല ഗ്വാട്ടിമാലൻ പൗരന്മാരുടേതാണെന്ന് സർക്കാർ വ്യക്തമാക്കി.

നാടുകടത്തപ്പെട്ട ഇന്ത്യക്കാരിൽ പലരും ട്രാവൽ ഏജന്റുമാരുടെ വഞ്ചനയില്‍ പെട്ടാണ് അമേരിക്കയിൽ എത്തിയതെന്ന് പറഞ്ഞു. നിയമപരമായി അമേരിക്കയിലേക്ക് അയക്കാമെന്ന് ഒരു ഏജന്റ് വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ പിന്നീട് താൻ തട്ടിപ്പിന് ഇരയായതായും ജസ്പാൽ സിംഗ് പറഞ്ഞു. “ശരിയായ വിസയുമായി എന്നെ അയയ്ക്കാൻ ഞാൻ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ അയാൾ എന്നെ വഞ്ചിച്ചു. 30 ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. വലിയൊരു തുക ചെലവഴിച്ചു, അത് കടം വാങ്ങിയതാണ്,” ജസ്പാൽ പറഞ്ഞു.

പഞ്ചാബിൽ നിന്ന് നാടുകടത്തപ്പെട്ട മറ്റൊരു കുടിയേറ്റക്കാരനായ ഹർവീന്ദർ സിംഗ്, അമേരിക്കയിൽ എത്തുന്നതിനുമുമ്പ് നിരവധി രാജ്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതായി പറഞ്ഞു. “മെക്സിക്കോയിൽ എത്തുന്നതിനുമുമ്പ് ഞാൻ ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു,” അദ്ദേഹം പറഞ്ഞു. അമേരിക്കയിലെത്താൻ വളരെ അപകടകരമായ വഴികളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ കുന്നുകൾ കടന്നു, കടലിൽ മുങ്ങാൻ പോകുന്ന ഒരു ബോട്ടിലായിരുന്നു, പക്ഷേ എങ്ങനെയോ ഞങ്ങൾ അതിജീവിച്ചു.” പനാമയിലെ വനങ്ങളിൽ ഒരാൾ മരിക്കുന്നതും മറ്റൊരാൾ കടലിൽ മുങ്ങിമരിക്കുന്നതും താൻ കണ്ടതായും ഹർവീന്ദർ പറഞ്ഞു.

പഞ്ചാബിൽ നിന്ന് നാടുകടത്തപ്പെട്ട മറ്റൊരാൾ പറഞ്ഞു, യുഎസിൽ എത്താൻ ‘ഡോങ്കി റൂട്ട് വഴി’ (നിയമവിരുദ്ധ കുടിയേറ്റം) സഞ്ചരിച്ചതിലൂടെ തന്റെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. “30,000-35,000 രൂപ വിലവരുന്ന എന്റെ വസ്ത്രങ്ങൾ മോഷ്ടിക്കപ്പെട്ടു,” അയാൾ പറഞ്ഞു.

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരിൽ 33 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 30 പേർ പഞ്ചാബിൽ നിന്നും മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുമാണ്. ഇതിൽ 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു, അതിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർദ്ദിഷ്ട ചർച്ചകൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന സംഭവം നടന്നത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുഎസ് ഭരണകൂടം 18,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്, അവരെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News