ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ സഹായിക്കാമെന്ന ട്രം‌പിന്റെ വാഗ്ദാനം മോദി നിരസിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ സഹായിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തെങ്കിലും പ്രധാനമന്ത്രി മോദി അത് മാന്യമായി നിരസിച്ചു. അയൽ രാജ്യങ്ങളുമായുള്ള ഏത് പ്രശ്‌നവും ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞു, “ഞാൻ ഇന്ത്യയെ നോക്കുന്നു, അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്, അവ വളരെ അക്രമാസക്തമാണ്. എനിക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുമെങ്കിൽ ഞാന്‍ സന്തോഷവാനാകും. കാരണം, അത് അവസാനിപ്പിക്കേണ്ടതുണ്ട്.”

അതോടൊപ്പം, അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. “ചൈനയുമായി ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധം ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. കോവിഡ് വരുന്നത് വരെ ഞാൻ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നല്ല ബന്ധം പുലർത്തിയിരുന്നു… ചൈന ലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാജ്യമാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. 2020-ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. നിരവധി സൈനിക, നയതന്ത്ര ചർച്ചകൾ നടന്നിട്ടും, ഈ തർക്കം പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ചർച്ചയിലൂടെ ഈ തർക്കം പരിഹരിക്കുന്നതിന് ഇന്ത്യ എപ്പോഴും അനുകൂലമാണ്, മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിക്കുന്നില്ല. 2030 ആകുമ്പോഴേക്കും ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, തന്നേക്കാൾ മികച്ച ചർച്ചക്കാരനാണ് പ്രധാനമന്ത്രി മോദിയെന്ന് ട്രംപ് വിശേഷിപ്പിച്ചു.

ലോസ് ഏഞ്ചൽസിലും ബോസ്റ്റണിലും ഇന്ത്യ കോൺസുലേറ്റുകൾ സ്ഥാപിക്കും
2030 ആകുമ്പോഴേക്കും യു എസ്/ഇന്ത്യ ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 500 ബില്യൺ ഡോളറാക്കി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കും. അമേരിക്കയിലെ ഇന്ത്യൻ സമൂഹം നമ്മുടെ ബന്ധങ്ങളിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനായി, ലോസ് ഏഞ്ചൽസിലും ബോസ്റ്റണിലും ഇന്ത്യൻ കോൺസുലേറ്റുകൾ ഉടൻ സ്ഥാപിക്കും.

തഹാവൂർ റാണയെ കൈമാറാൻ അനുമതി നൽകി
“2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയിൽ വിചാരണ നേരിടുന്നതിനായി കൈമാറാൻ എന്റെ ഭരണകൂടം അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിചാരണ നേരിടാൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയാണ്,” ട്രം‌പ് പറഞ്ഞു.

അമേരിക്കയിൽ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഗംഭീരമായ സ്വീകരണം കണ്ട് പാക്കിസ്താന്‍ അമ്പരന്നിരിക്കുകയാണ്.
എണ്ണ, വാതകം, താരിഫ്, കുടിയേറ്റം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു. വൈറ്റ് ഹൗസിലെത്തിയ മോദിയെ ട്രം‌പ് ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുകയും ഇന്ത്യൻ പ്രധാനമന്ത്രിയെ മികച്ച നേതാവെന്ന് വിളിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം പാക്കിസ്താനില്‍ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചതില്‍ പാക്കിസ്താന്‍ വിദഗ്ധർ അത്ഭുതം പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News