സോൻഭദ്ര (ഉത്തര്‍പ്രദേശ്): ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഖൈരാഹി റെയിൽവേ സ്റ്റേഷന് സമീപം ചങ്ങല വലിച്ചതിനെത്തുടർന്ന് തനക്പൂർ സിംഗ്രൗളി ത്രിവേണി എക്സ്പ്രസിന്റെ ചക്രങ്ങളിലെ ഘർഷണം മൂലം പുക പുറത്തേക്ക് വരുന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി.
റെയിൽവേ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ, തനക്പൂർ-സിംഗ്രൗളി 15074 ഡൗൺ എക്സ്പ്രസ് ഖൈരാഹി റെയിൽവേ സ്റ്റേഷന് സമീപം എത്തി, ചക്രത്തിൽ നിന്ന് പുക വരുന്നത് കണ്ടതിനെ തുടർന്ന് ലൊക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാൽ തീപിടിത്തമുണ്ടായതായി യാത്രക്കാർ കരുതിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. യാത്രക്കാരിലാരോ ചങ്ങല വലിച്ചതിനാലാണ് ചക്രത്തിൽ ഘർഷണം ഉണ്ടായതായും, ഇത് പുക പുറത്തേക്ക് വരാൻ തുടങ്ങിയതായും റോബർട്ട്സ്ഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനിൽ ഒരു തരത്തിലുള്ള തീപിടുത്തവും ഉണ്ടായില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, ഏകദേശം 40 മിനിറ്റിനുശേഷം ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.