തെലങ്കാനയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു; എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

തെലങ്കാനയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് മുതൽ എട്ട് വരെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു എന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ നാഗർകുർനൂൾ ജില്ലയിലെ ശ്രീശൈലം ഇടത് ബാങ്ക് കനാൽ എസ്എൽബിസിയുടെ തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

നിർമ്മാണ കമ്പനിയിൽ നിന്നുള്ള ഒരു സംഘം വിലയിരുത്തലിനായി തുരങ്കത്തിനുള്ളിൽ പോയിട്ടുണ്ടെന്നും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി നൽകിയ വിവരമനുസരിച്ച്, ആറ് മുതൽ എട്ട് വരെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചില ആളുകൾക്ക് പരിക്കേറ്റതായി സൂചിപ്പിച്ചിരുന്നു. എന്നാൽ, എത്ര പേര്‍ എന്ന് കൃത്യമായി പറഞ്ഞില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലത്തെത്താൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ജലസേചന മന്ത്രി എൻ ഉത്തംകുമാർ റെഡ്ഡി, ജലസേചന കാര്യങ്ങളുടെ സർക്കാർ ഉപദേഷ്ടാവ് ആദിത്യനാഥ് ദാസ്, മറ്റ് ജലസേചന ഉദ്യോഗസ്ഥർ എന്നിവർ പ്രത്യേക ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അപകടത്തിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡി, സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് വിവരങ്ങൾ തേടുകയും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. പരിക്കേറ്റവർക്ക് ചികിത്സ നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News