ദുബായ് : ഇന്ന് (ഫെബ്രുവരി 23 ഞായറാഴ്ച) ദുബായിലെ മംസാർ പാർക്കിൽ നടന്ന ലുലു വാക്കത്തോൺ 2025 നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. 127 രാജ്യങ്ങളിൽ നിന്നുള്ള 23,000-ത്തിലധികം പേരാണ് വാക്കത്തോണില്‍ പങ്കെടുത്തത്.
തുടർച്ചയായ 13-ാം വർഷമാണ് ഈ വാർഷിക വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളുമായും പങ്കാളികളുമായും സഹകരിച്ച് ലുലു ഗ്രൂപ്പാണ് ഇതിന്റെ സംഘാടകര്‍. സുസ്ഥിര വികസനം, ക്ഷേമം, ഉള്‍ക്കൊള്ളല്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
“Walk for Green” എന്ന പ്രമേയത്തിൽ, ഈ വർഷത്തെ വാക്കത്തോൺ, ഫിറ്റ്‌നസും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സുസ്ഥിരതയുടെ പ്രാധാന്യവും എടുത്തു കാണിച്ചു.
നടന്‍ ആസിഫ് അലിയാണ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അറബ് നടൻ അഹമ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി ഒഎംജി-മാർക്ക്, പ്രൊഫഷണൽ ഫുട്ബോൾ താരം അബ്ദുൽഫെത്ത ബൗർസാമ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രശസ്തരായവരും കായിക താരങ്ങളും പങ്കെടുത്തത് വാക്കത്തോണില്‍ പങ്കെടുത്തവരുടെ ആവേശം വർദ്ധിപ്പിക്കുകയും, ആരോഗ്യകരവും കൂടുതൽ പരിസ്ഥിതി സൗഹൃദപരവുമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
വാക്കത്തോണിന്റെ ഒരു പ്രധാന ആകർഷണം, നിശ്ചയദാർഢ്യമുള്ള ജനങ്ങളുടെ പങ്കാളിത്തമായിരുന്നു. അത് ഉൾക്കൊള്ളൽ, ഐക്യം, ശാക്തീകരണം എന്നിവയുടെ ശക്തമായ സന്ദേശം ശക്തിപ്പെടുത്തി.
“സുസ്ഥിരമായ ഒരു ഭാവിയെ പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ സന്ദേശം സമൂഹത്തിന്റെ വൻതോതിലുള്ള പ്രതികരണം നൽകുന്നു. ആരോഗ്യകരവും പരിസ്ഥിതിക്ക് കൂടുതൽ ഉത്തരവാദിത്തമുള്ളതുമായ ജീവിതശൈലി സ്വീകരിക്കുന്നതിനൊപ്പം യുഎഇ നിവാസികൾ ഫിറ്റ്നസ് സംരംഭങ്ങളിൽ സജീവമായി ഏർപ്പെടുന്നത് കാണുന്നത് ശരിക്കും പ്രചോദനം നൽകുന്നു,” ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ പറഞ്ഞു.
“2025 ‘സമൂഹത്തിന്റെ വർഷ’മായി ആചരിക്കുന്നതിനാൽ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും ദേശീയതകളിൽ നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും സഹിഷ്ണുത, ഉൾക്കൊള്ളൽ, സമാധാനം എന്നിവയുടെ മനോഭാവം വളർത്തിയെടുക്കുന്നതിനുമായി ഞങ്ങൾ ഈ വാക്കത്തോൺ സമർപ്പിക്കുന്നു,” ലുലു റീട്ടെയിൽ ഹോൾഡിംഗിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു.