തിരുവല്ല : മുണ്ടിയപള്ളി പാറയിൽ ഡോ. വി ജെ വർഗ്ഗീസിന്റെ പ്രബന്ധം ഗവേഷണ വിദ്യാർത്ഥികൾക്ക് ഇനി റഫറൻസ് ഗ്രന്ഥമാകും.
1992-ൽ 59-ാം വയസ്സിൽ ഗ്രാമീണ കേരളത്തിലുടനീളം സഞ്ചരിച്ച്, കലാരൂപങ്ങൾ വ്യക്തിപരമായി പര്യവേക്ഷണം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം പിഎച്ച്ഡി നേടിയത്. അദ്ദേഹത്തിന്റെ കൃതികൾ വെറും ഗവേഷണം മാത്രമായിരുന്നില്ല, വിദ്യാഭ്യാസത്തിൽ അവയുടെ പങ്ക് സംരക്ഷിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യുക എന്ന അഭിനിവേശത്താൽ നയിക്കപ്പെടുന്ന ഒരു ദൗത്യമായിരുന്നു അത്.
“വിദ്യാഭ്യാസം കലകളിലൂടെ “എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ വിലമതിക്കാനാവാത്ത ഗവേഷണത്തിനുള്ള അംഗീകാരമായാണ് കേരള ഫോക്‌ലോർ അക്കാദമി ഇത് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേരള ഫോക്‌ലോർ അക്കാദമി ചെയര്‍മാന്‍ ഒ. എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു.
പാറയിൽ പരേതരായ പി. വി. യോഹന്നാന്റെയും അന്നമ്മ യോഹന്നാന്റെയും മകനായ ഡോ.വി.ജെ വർഗ്ഗീസ് അധ്യാപകവൃത്തി ഓതറയിൽ നിന്ന് ആരംഭിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തതിന് ശേഷം കണ്ണൂർ കൊറോം ഗവ. ഹൈസ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു.
വിരമിച്ചതിന് ശേഷം തിരുവനന്തപുരം വെള്ളനാട് മിത്ര നികേതനിലെ പ്രവർത്തനങ്ങൾക്കും ഗ്രന്ഥശാല സ്ഥാപകൻ പിഎൻ. പണിക്കരുമായി തോളോട് തോൾ ചേർന്ന് കാൻഫെഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
ഭാരത സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ ട്രയിനിങ്ങ് ആന്റ് റിസേർച്ച് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടു ന്നവർക്ക് പരിശീലനം നല്കുന്ന ‘കില ‘ പത്തനംതിട്ട ജില്ലയിലെ ട്രയിനർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിലായി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് പ്രൊഫസർ, ബാങ്കിംഗ് സർവീസ് റിക്റൂർട്ട്മെന്റ് ബോർഡ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തോട്ടപ്പുഴശ്ശേരി എംടിഎൽപി സ്കൂൾ പ്രധാന അദ്ധ്യാപിക പരേതയായ സി വി മറിയാമ്മയാണ് ഭാര്യ.ജീന ആനി വർഗ്ഗീസ് ( അദ്ധ്യാപിക,എസ്.സി ഹയർ സെക്കണ്ടറി സ്ക്കൂൾ, ചെല്ലക്കാട്, റാന്നി ), ഷൈന മേരി വർഗ്ഗീസ്,ജോൺസൺ വർഗ്ഗീസ് എന്നിവർ മക്കളും, ജേക്കബ് ടി ജോർജ്ജ്,സന്തോഷ് ജോർജ്ജ്, ഷൈജ ജോൺസൺ എന്നിവർ മരുമക്കളുമാണ്.ശ്രുതി, ജോർജി, ശോബൽ,നോയൽ എന്നിവർ കൊച്ചുമക്കളും ആണ്.
പരേതരായ തങ്കമ്മ, അച്ചാമ്മ ഇടിക്കുള, അന്നമ്മ ഏബ്രഹാം, മറിയാമ്മ പുളിക്കൽ എന്നിവർ സഹോദരിമാരും വി.ജെ തോമസ്, വി.ജെ ഏബ്രഹാം എന്നിവർ സഹോദരന്മാരും ആണ്.
ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള ഡോ. വി.ജെ വർഗ്ഗീസിന്റെ സഹോദരീ പുത്രനാണ്.