ന്യൂഡല്‍ഹി: ആഗോളതലത്തിലുള്ള കാൻസർ ഡാറ്റ പ്രകാരം ഇന്ത്യയിൽ ഓരോ അഞ്ച് പേരിൽ മൂന്ന് പേരും കാൻസർ രോഗം പിടിപെട്ട് മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. ചൈനയ്ക്കും യുഎസിനും ശേഷം കാൻസർ രോഗബാധയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും, ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളിൽ 10 ശതമാനത്തിലധികവും ഇന്ത്യയിലാണ് സംഭവിക്കുന്നതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിൽ കണ്ടെത്തി.
ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ കാൻസർ മൂലമുള്ള മരണനിരക്ക് നാലിൽ ഒന്ന് ആണെന്നും ചൈനയിൽ ഇത് രണ്ടിൽ ഒന്ന് ആണെന്നും കണ്ടെത്തി. അടുത്ത രണ്ട് ദശകങ്ങളിൽ കാൻസർ മരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഗവേഷകർ കണക്കാക്കുന്നു. കാരണം ഇന്നത്തെ യുവ രാജ്യമായ ഇന്ത്യ ക്രമേണ പ്രായമാകും, അതുമൂലം കാൻസർ കേസുകളും രണ്ട് ശതമാനം വർദ്ധിക്കും.
ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി (GLOBOCON) 2022, ഗ്ലോബൽ ഹെൽത്ത് ഒബ്സർവേറ്ററി (GHO) ഡാറ്റാബേസുകൾ ഉപയോഗിച്ച് കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിലെ വിവിധ പ്രായക്കാർക്കും ലിംഗക്കാർക്കുമിടയിലുള്ള 36 തരം കാൻസറുകളിലെ പ്രവണതകൾ ഐസിഎംആർ ഗവേഷകരുടെ സംഘം പരിശോധിച്ചു. ഇന്ത്യയിൽ, കാൻസർ രോഗനിർണയം നടത്തുന്ന അഞ്ച് പേരിൽ മൂന്ന് പേർ മരിക്കാൻ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. ഇന്ത്യയിലെ കാൻസർ കേസുകളിൽ 44 ശതമാനവും പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന അഞ്ച് ഏറ്റവും സാധാരണമായ കാൻസറുകളാണെന്നും കണ്ടെത്തലുകൾ വെളിപ്പെടുത്തി.
എന്നിരുന്നാലും, ഇന്ത്യയിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാൻസർ ബാധിതരാണ്. സ്തനാർബുദം ഇപ്പോഴും ഏറ്റവും വ്യാപകമായ അർബുദമാണ്. പുരുഷന്മാരിലും സ്ത്രീകളിലും പുതിയ കാൻസർ കേസുകളിൽ 13.8% സ്തനാർബുദമാണ്, അതേസമയം സെർവിക്കൽ ക്യാൻസറാണ് മൂന്നാമത്തെ വലിയ കാരണം (9.2%).
സ്ത്രീകളിൽ, പുതിയ കാൻസർ കേസുകളിൽ ഏകദേശം 30 ശതമാനം സ്തനാർബുദമാണ്, തൊട്ടുപിന്നാലെ 19 ശതമാനം സെർവിക്കൽ കാൻസർ വരുന്നു. പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന അർബുദം ഓറൽ ക്യാൻസറാണ്, പുതിയ കേസുകളിൽ 16 ശതമാനവും ഓറൽ ക്യാൻസറാണ്.