ഡോ. കെ കെ എൻ കുറുപ്പിന് പ്രഥമ ഡോ. കെ.എം അബൂബക്കർ സിജി വിദ്യാഭ്യാസ അവാർഡ്

കോഴിക്കോട്: പ്രഥമ ഡോ കെ.എം അബൂബക്കർ സിജി വിദ്യാഭ്യാസ അവാർഡിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവർത്തകനും കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിനെ തെരഞ്ഞെടുത്തു.

സിജി സ്ഥാപക പ്രസിഡണ്ടും ഭാഭാ ആറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി – സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ – ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ്. സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗീത കുമാരി, സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി ടി അബ്ദുൽ അസീസ്. അമേരിക്കയിലെ ഡോ. ജോൺ ഹോപ്പ്കിൻസ് അക്കാദമി ഫെലോ ഡോ. നാസ് ഹുസ്സൈൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ചരിത്ര ഗവേഷണവും, മലബാർ ചരിത്ര പഠന ഗവേഷണ മേഖലകളിലെ സവിശേഷ ജ്ഞാനവും പാർശ്വവൽകരിക്കപ്പെട്ട മേഖലയിലുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ ക്രിയാത്മക ഇടപെടലും വിലയിരുത്തിയാണ് ജൂറി അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ തൊഴിൽ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സമാനമനസ്കരുമായി സഹകരിച്ച് ഡോ. കെ.കെ എൻ കുറുപ്പ് മുൻകൈയെടുത്ത് സ്ഥാപിച്ച മലബാർ എഡ്യൂക്കേഷൻ മൂവ്മെൻറ്, മലബാറിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടത്തിയ സക്രിയ ഇടപെടലുകൾക്ക് മികച്ച ഫലസിദ്ധിയുണ്ടായത് ശ്രദ്ധേയമാണ്. പിന്നോക്ക സമുദായങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം സ്വന്തം ദൗത്യമായി കണക്കാക്കി ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുന്നതിന് വ്യക്തികളെയും സംഘടനകളെയും അദ്ദേഹം പ്രേരിപ്പിച്ചു.

കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ കാലത്തും, ചരിത്രപരമായി പിന്നോക്കമായി പോയ മലബാറിൽ കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളെ പ്രേരിപ്പിക്കുന്നതിൽ മലബാർ എഡ്യുക്കേഷൻ മൂവ്മെൻ്റിൻ്റെ പ്രവർത്തനങ്ങൾ സഹായകമായി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഉയർത്തുന്നതിൽ ഡോ. കുറുപ്പിന്റെ പ്രവർത്തനങ്ങൾ തുണയായതിന് ഉദാഹരണങ്ങൾ നിരവധിയാണ്. പിന്നാക്ക സമുദായങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് ഡോ. കെ കെ എൻ കുറുപ്പ് നടത്തിയ ആഴത്തിലുള്ള പഠനങ്ങൾ, ഈ വിഷയത്തിൽ ശരിയായ നിലപാടുകൾ സ്വീകരിക്കുന്നതിന് സച്ചാർ കമ്മീഷനും ശാസ്ത്ര സാഹിത്യ പരിഷത്തിനും ഏറെ ഉപകാരപ്രദമായി. മലബാറിന്റെയും ദക്ഷിണ കാനറയുടെയും സവിശേഷ പാരമ്പര്യം സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സർവകലാശാലകളിൽ ഫോക് ലോർ പഠന വിഭാഗം സ്ഥാപിച്ചു. മലബാറിലെ കർഷക സമരചരിത്രത്തിൻറെ പ്രാധാന്യം ഗവേഷണങ്ങളിലൂടെ സമൂഹശ്രദ്ധയിൽ കൊണ്ടുവന്നു. മലബാറിലെ മാപ്പിളമാരെക്കുറിച്ചുള്ള ചരിത്രപഠനത്തിൽ അദ്ദേഹത്തിൻറെ പങ്ക് സുപ്രധാനമാണ്.

കേരളീയ ഗോത്രകലകളെക്കുറിച്ച് പ്രഥമ ഗ്രന്ഥം രചിച്ചത് ഡോ. കെ കെ എൻ കുറുപ്പ് ആണ്. ആദിവാസികൾക്കും ദളിതുകൾക്കും കേരള സമൂഹത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വത്വബോധത്തോടെയും സ്വാഭിമാനത്തോടെയും നിലകൊള്ളാൻ ഇതിലൂടെ സാദ്ധ്യമായി.

ബഹുസ്വര സമൂഹത്തിൽ സമാധാനപൂർണ്ണമായ സഹവർത്തിത്വം പുലരുന്നതിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ ചരിത്ര മേഖലയിലെ ഇടപെടലുകൾ സഹായകമായി.

1998 ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അവസരത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. കെ കെ എൻ കുറുപ്പ് മികച്ച വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ ശേഷം വിരമിക്കുമ്പോൾ പത്ത് കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്നത് അദ്ദേഹത്തിൻ്റെ ഭരണനൈപുണ്യത്തിൻ്റെ ഉത്തമ നിദർശനമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ്, യൂണിവേഴ്സിറ്റി സ്റ്റഡി സെൻററുകൾ, ബി എഡ് ട്രെയിനിങ് കോളേജുകൾ, കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിലൂടെ വിദ്യാർഥികളുടെ എൻറോൾമെൻ്റ് ഗണ്യമായി ഉയർത്തി. എതിർപ്പുകൾക്കിടയിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്ത് ഉറച്ചുനിന്നു. മലബാർ പ്രദേശത്തെ യുവജനങ്ങളുടെ കരിയർ അവസരങ്ങൾ മെച്ചപ്പെടുത്താൻ ഇവയെല്ലാം തുണയായി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾ മനസ്സിലാക്കി, വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എംപി/ എംഎൽഎമാരുടെയും ഫണ്ടുകൾക്കു പുറമേ സ്വകാര്യ ഫണ്ടുകളും പ്രയോജനപ്പെടുത്തി. മുൻമാതൃകകളില്ലാത്ത പ്രവർത്തനങ്ങളായിരുന്നു അവ. സർവകലാശാലയിലെ ചെയറുകൾവഴി കമ്പ്യൂട്ടർ നൈപുണ്യ കോഴ്സുകളും വിദേശഭാഷാ കോഴ്സുകളും നടത്തിയതിലൂടെ മലബാറിലെ യുവജനതയുടെ തൊഴിൽക്ഷമത ഉയർത്തി. അക്കാലത്ത് പഠന വകുപ്പുകളിൽ ഇത്തരം കോഴ്സുകൾ ഉണ്ടായിരുന്നില്ല. യു ജി സി, സി എസ് ഐ ആർ നെറ്റ്കോച്ചിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. യു ജി സി മൈനോറിറ്റി സെൻറർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി, സിവിൽ സർവീസ് ഉൾപ്പെടെ മത്സര പരീക്ഷാ പരിശീലന പരിപാടികളും നടത്തി. ആ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻറെ സെന്ററുകൾ ഇന്ത്യയിലെയും വിദേശത്തേയും നഗരങ്ങളിൽ കൂടി സ്ഥാപിച്ചത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി. ഐടി വ്യവസായത്തിന്റെ കുതിച്ചുചാട്ടമുണ്ടായ ഘട്ടത്തിൽ എം സി എ കോഴ്സുകൾ വ്യാപിപ്പിച്ചു. മലബാറിലെ പിന്നോക്ക വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ ഇവ പ്രയോജനപ്പെടുത്തി വലിയ നേട്ടങ്ങൾ കൈവരിച്ചു.

വടകരയിൽ കുഞ്ഞാലി മരക്കാർ സെൻ്റർ സ്ഥാപിച്ചു. സർവകലാശാലയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തുന്നതിന് ഡോ ജോൺ മത്തായി ഇക്കണോമിക്സ് പഠനവകുപ്പിന് നിർദ്ദേശം നൽകി. സംസ്ഥാനത്തെ നയ രൂപീകരണ വിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു ഈ ആധികാരിക ഡാറ്റ. പിന്നോക്ക പ്രദേശത്തിന്റെയും സമുദായങ്ങളുടെയും അവസ്ഥയെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷവും സമൂഹ പുരോഗതിക്കായി പ്രതിബദ്ധതയോടെ ഡോ. കെ കെ എൻ എൻ കുറുപ്പ് സാമൂഹിക സേവനം തുടരുന്നു .

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ: പ്രൊഫ. ഡോ. മൊയ്തീൻകുട്ടി എ.ബി, (പ്രസിഡണ്ട്, സിജി), ഡോ. പി ടി അബ്ദുൽ അസീസ് (അവാർഡ് ജൂറി അംഗം), സക്കറിയ എം.വി. (സിജി പി ആർ ഡിവിഷൻ ഡയരക്റ്റർ, സിജി) സൈനുദ്ധീൻ കെ (ചീഫ് കോഓർഡിനേറ്റർ, സിജി) ആദിൽ അയൂബി (പി.ആർ.ഒ, സിജി), രമ്യ കെ.(റിസർച്ച് കോഡിനേറ്റർ, സിജി).

വാര്‍ത്ത: ആദില്‍ അയ്യൂബി കെ പി (പി ആര്‍ ഒ)

Print Friendly, PDF & Email

Leave a Comment

More News